മലയാളത്തിന്റെ നിഘണ്ടുലോകത്ത് മഹത്തായ സംഭാവനകള്‍ നല്കിയ ഡോ.ബി.സി. ബാലകൃഷ്ണന്റെ ജീവിതം പലപ്പോഴും അദ്ദേഹത്തിനുതന്നെ
പിടികിട്ടാത്തതാണ്. ഈശ്വരന് ഇല്ല എന്നു വിശ്വസിച്ചിരുന്ന തീവ്ര കമ്മ്യൂണിസ്റ്റ് ചെറുപ്പകാലം ബി.സി.ക്കുണ്ട്. വിപ്ലവത്തിന്റെ, യുക്തിവാദത്തിന്റെ ചെങ്കലനുകള്‍ക്കുമീതെ നടന്ന ബാലകൃഷ്ണന് ഇന്ന് ആത്മീയപണ്ഡിതന്മാരെപ്പോലും അത്ഭുതപ്പെടുത്തുന്ന സ്തോത്ര രചനകളും വ്യാഖ്യാനങ്ങളും എഴുതുന്നു. അമ്പത്തൊന്ന് വയസ്സാണ് ജാതകത്തില്‍ കുറിച്ചിട്ടുള്ള ആയുസ്സ്. പക്ഷേ, 1928 ഓഗസ്റ്റ് അഞ്ചിന് ജനിച്ച ബി.സി.ബാലകൃഷ്ണന് ഇന്ന് തൊണ്ണൂറാം പിറന്നാള്‍!
? സ്വന്തം ആയുസ്സിന്റെ കണക്കുപുസ്തകം തിരുത്തിക്കുറിക്കുകയാണല്ലോ
ദേവി നല്കിയ ബോണസ്സാണ് എന്റെ ഈ നീണ്ട ആയുസ്സ്. ജാതകത്തില്‍ 51 വയസ്സുവരെ മാത്രമേ എനിക്ക് ആയുസ്സ് എഴുതിയിട്ടുള്ളൂ! ‘ശേഷം ചിന്ത്യം’ എന്നാണ്. അതുകൊണ്ടുതന്നെ അമ്മ ജാതകം എന്നെ കാണിച്ചിരുന്നില്ല.
മലയാളം ലെക്സിക്കനില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ.കെ.വി.നമ്പൂതിരിപ്പാട് (ഇഎംഎസ്സിന്റെ ബന്ധു) എന്റെ ജനനവര്ഷവും തീയതിയും വച്ച് ഗ്രഹനില മനസ്സിലാക്കിയിരുന്നു. അമ്പത്തൊന്ന് വയസ്സുവരെ മാത്രമേ ആയുസ്സ് എഴുതിയിട്ടുള്ളൂ എന്ന കാര്യം പക്ഷേ, അദ്ദേഹവും എന്നോട് പറഞ്ഞില്ല. പകരം എന്റെ കൈയില്‍ ഒരു ലളിതാസഹസ്രനാമം നല്കി. എന്നിട്ട് ദിവസവും മുടങ്ങാതെ വായിക്കണമെന്നു പറഞ്ഞു.
അന്നു ഞാന്‍ തികഞ്ഞ യുക്തിവാദിയാണ്. നമ്പൂതിരിപ്പാട് നല്കിയതുകൊണ്ട് വാങ്ങിയെന്നു മാത്രം. പുസ്തകം വെറുതെ മറിച്ചുനോക്കിയപ്പോള്‍ നല്ലൊരു കവിത വായിക്കുന്ന അനുഭവം. അങ്ങനെ വായിച്ചു തുടങ്ങി. ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ വായന നീണ്ടു. ഇതിനിടെ എന്റെ ജീവിതത്തിലും മനോഭാവത്തിലും വലിയ മാറ്റങ്ങള്‍ വന്നു. യുക്തിവാദത്തില്‍ നിന്ന് ഭക്തിയുടെ മാര്‍ഗ്ഗത്തിലേക്ക് ഞാന്‍ കുറേയൊക്കെ മാറിയിരുന്നു. വിവാഹശേഷം എന്റെ ഭാര്യയും പരമഭക്തയുമായ മണിയ്ക്കൊപ്പം (പ്രൊഫസര്‍ രാജമ്മ ബാലകൃഷ്ണന്) ഇരുന്നാണ് ലളിതാസഹസ്രനാമം വായിച്ചിരുന്നത്. എന്തായാലും പാരായണം മുടങ്ങാതെ നടത്തി. ഒടുവില്‍ അറുപത് വയസ്സ് തികഞ്ഞു.
ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷവേളയില്‍ വച്ചാണ് നമ്പൂതിരിപ്പാട് എന്നോട് എന്റെ ആയുസ്സിന്റെ കഥ പറയുന്നത്. ആദ്യം ഒന്നു ഞെട്ടിയെങ്കിലും ഞാന്‍ ചോദിച്ചു. ‘ദേവിയാണ് എനിക്കീ ആയുസ്സ് നീട്ടിതന്നതെങ്കില്‍ ഞാന്‍ എന്തെങ്കിലും തിരികെ കൊടുക്കണ്ടേ?’ എന്തു കൊടുക്കും എന്നായി നമ്പൂതിരിപ്പാട്. ‘ലളിതാസഹസ്രനാമം വ്യാഖ്യാനിക്കാം’ എന്നു ഞാന്‍ മറുപടി നല്കി. മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമുണ്ടാകുന്ന കാര്യം ചെയ്യാം എന്നുകരുതി പറഞ്ഞതാണ്. എന്നാല്‍ അന്ന് എനിക്ക് വ്യാഖ്യാനിക്കാനുള്ള ജ്ഞാനമോ ബന്ധപ്പെട്ട പുസ്തകങ്ങളോ ഒന്നുമില്ല. ഭക്തിപോലും വേണ്ടത്ര അളവില്‍ ഇല്ല. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേന്നു മുതല്‍ ദേവിയെക്കുറിച്ചുള്ള പുസ്തകങ്ങളും സ്തോത്രങ്ങളും പലരും വീട്ടില്‍ കൊണ്ടുവന്ന് തരികയായിരുന്നു.
? തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് ജനനമെങ്കിലും കുടുംബം നെടുമങ്ങാടിലേക്കു മാറിയതുകൊണ്ട് താങ്കളുടെ കുട്ടിക്കാലം കാണിക്കാര്‍ക്കും വേടക്കുട്ടികള്‍ക്കുമൊപ്പമായിരുന്നല്ലോ
പ്രകൃതിയോട് ചേര്‍ന്നുള്ള കുട്ടിക്കാലമായിരുന്നു അത്. പക്ഷികളോടും മരങ്ങളോടും മലമ്പാമ്പിനോടും സംസാരിക്കാം എന്നു ഞാന്‍ പഠിച്ച കാലം. മന്ത്രതന്ത്രങ്ങളുടെ ലോകത്തിലുടെ സഞ്ചരിച്ച കാലം എന്നുപറയാം. മഹാത്മാഗാന്ധിയുടെ പാത പിന്തുടരുവാന് ശ്രമിച്ച ഗാന്ധിയനായിരുന്നു എന്റെ അച്ഛന് വിദ്വാന് എസ്.ബാലകൃഷ്ണപിള്ള. സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന അച്ഛന് അന്നത്തെ ജാതി വിലക്കു ലംഘിച്ച് വേടകുട്ടികളെ അച്ഛന്റെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. കാട്ടിലൂടെ വേടക്കുട്ടികള്‍ക്കൊപ്പം കിലോമീറ്ററുകള്‍ നടന്നാണ് ഞാന്‍ സ്കൂളില്‍ പോയിരുന്നത്. കാട്ടുവഴിയില് മലമ്പാമ്പു വന്നു ചീറ്റുമ്പോള്‍ പാമ്പിന് മുട്ടകളെയും കുഞ്ഞുങ്ങളെയും കാട്ടി തരുവാനുള്ള ക്ഷണമാണെന്ന് എന്റെ വേടകൂട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. പുല്ലാഞ്ഞി പടര്‍പ്പില്‍ ചേര്‍ന്നുകിടക്കുന്ന പാമ്പിന് കുഞ്ഞുങ്ങളെ ഞങ്ങള്‍ താലോലിക്കുന്നത് സന്തോഷത്തോടെ നോക്കുന്ന തള്ളപ്പാമ്പിനെ ഞാന്‍ കണ്ടിട്ടുണ്ട്! വേടര്‍ താമസിച്ചിരുന്ന ‘വേടര്‍കോണം’ ഞങ്ങളുടെ പറമ്പിലായിരുന്നു. വേടരുടെ മൂപ്പന് ആണ് പ്രകൃതിയിലെ എന്റെ ആദ്യ ഗുരു. മരങ്ങളുടെ ഭാഷ എന്നെ പഠിപ്പിക്കുന്നതും ഈ മൂപ്പന് തന്നെ.
? പത്താം ക്ലാസ് ജയിച്ച ‘കൃഷ്ണന്‍കുട്ടി’യെ കോളേജില്‍ ചേര്‍ക്കാതെ പത്രവിതരണത്തിന് അയയ്ക്കുകയായിരുന്നല്ലോ അച്ഛന്
അതേ, സ്വാശ്രയശീലവും ത്യാഗവും പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗാന്ധിയനായ അച്ഛന് എന്നെ പത്രവിതരണക്കാരനാക്കിയത്. ഇന്നത്തെ നെടുമങ്ങാട് റോഡല്ല അന്നുള്ളത്. കുണ്ടും കുഴിയും കല്ലും നിറഞ്ഞ ഗ്രാമപ്പാതയിലൂടെ പുലര്‍ച്ചെ സൈക്കിള്‍ ചവിട്ടി ഞാന്‍ തളര്‍ന്നിരുന്നു. എന്റെ ഈ ആയാസകരമായ സൈക്കിള്‍ ചവിട്ടല്‍ കണ്ട് സഹതാപം തോന്നിയ നാട്ടുകാരനായ കുഞ്ഞുകൃഷ്ണപിള്ള (ഹെഡ്കോണ്‍സ്റ്റബിള്‍) അച്ഛനോട് എനിക്കുവേണ്ടി ശുപാര്‍ശ ചെയ്തു. അങ്ങനെയാണ് തുടര്‍ന്ന് പഠിക്കുവാനുള്ള അനുവാദം കിട്ടുന്നത്. ഒരു വര്‍ഷം കുട്ടികളെ ട്യൂഷന് പഠിപ്പിച്ച് സമ്പാദിച്ച പണംകൊണ്ടാണ് ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നത്.
? തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് ബിഎ ഓണേഴ്സ് ഒന്നാം റാങ്കോടെയാണ് താങ്കള്‍ വിജയിച്ചത്. കേരളസര്‍വ്വകലാശാലയില്‍ നിന്ന് എംഎയും പിഎച്ച്ഡിയും വിജയിച്ചതും ഒന്നാം റാങ്കോടെ തന്നെ. അണ്ണാമല യൂണിവേഴ്സിറ്റിയില്‍നിന്ന് ലിംഗ്വിസ്റ്റിക്സില്‍ പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമയും ഒന്നാം റാങ്കോടെയാണ് നേടിയത്. അച്ഛന്റെ ഇത്തരത്തിലെ ശിക്ഷണം ബി.സി.ബാലകൃഷ്ണന്റെ പഠനമികവിന് കാരണമായിട്ടുണ്ടോഉണ്ട്. വേറെയും ധാരാളം കാരണങ്ങളുണ്ട്. പ്രകൃതിയുമായിച്ചേര്‍ന്നുള്ള ജീവിതശൈലി ഒരു പ്രധാനകാരണമാണ്. മരച്ചുവട്ടിലിരുന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ശ്രീബുദ്ധന് ഉള്‍പ്പെടെ ഭാരതത്തിന്റെ ജ്ഞാനികളെയും സംന്യാസിമാരെയും പഠിപ്പിച്ച മരങ്ങള്‍ എന്നെയും പഠിപ്പിച്ചു. കാണിക്കാരുടെ മൂപ്പനായ കൊച്ചുമ്മുണി ആശാനാണ് വിദ്യാഭ്യാസത്തില്‍ എനിക്കുണ്ടായ നേട്ടങ്ങളുടെ അടിസ്ഥാനം ഉറപ്പിച്ചത് എന്നുപറയാം. ദിവസവും സ്കൂളില്‍നിന്ന് ഞാന്‍ മടങ്ങിയെത്തിയാല്‍ ആശാന് വീട്ടില്‍ വരും; ‘ഇന്ന് എന്തെല്ലാം പഠിച്ചു പിള്ളേ’ എന്നു ചോദ്യവുമായി. ഓരോ ക്ലാസ്സിലും അന്ന് അധ്യാപകര്‍ പഠിപ്പിച്ചത് ഞാന്‍ വിശദമായി പറഞ്ഞു കൊടുക്കണം. ആശാന്റെ ഈ നിര്‍ബന്ധം കാരണം എല്ലാ ക്ലാസ്സുകളിലും വളരെ ശ്രദ്ധേയാടെ എനിക്ക് ഇരിക്കേണ്ടി വന്നു. ഓരോ ദിവസവും പഠിക്കുന്നത് ഓര്‍മ്മിച്ചു വയ്ക്കേണ്ടതായും വന്നു.
? ലോകത്തിലെ ആദ്യ നിഘണ്ടു നിര്‍മ്മാണ സംഘടനയായ ലെക്സിക്കോ ഗ്രാഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍. ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ നിഘണ്ടുക്കള്‍ പുറത്തിറക്കിയ വ്യക്തി. മലയാള നിഘണ്ടു ചരിത്രംതന്നെ തിരുത്തിക്കുറിച്ച് നാലര വര്‍ഷംകൊണ്ട് മലയാളം ലെക്സിക്കന്‍ നാല്, അഞ്ച്, ആറ് വാല്യങ്ങള്‍ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ലെക്സിക്കന്‍ മേധാവി. ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ എക്സിജറ്റിക്ക് നിഘണ്ടുവിന്റെ (സി.വി.വിജ്ഞാനകോശം) ശില്പി. അങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട് താങ്കള്‍ക്ക്. അധ്യാത്മരാമായണത്തിന് നിലവിലുള്ള ഒരേ ഒരു വ്യാഖ്യാനകോശ നിഘണ്ടുവിന്റെ എഡിറ്ററും താങ്കള്‍തന്നെ. എന്താണ് നിഘണ്ടു ലോകത്തെ ഈ മഹത്തായ സംഭാവനകള്‍ക്ക് ആധാരം
ഇന്ത്യന്‍ നിഘണ്ടു ശാസ്ത്രത്തിന്റെതന്നെ ആചാര്യനും മലയാളം ലെക്സിക്കന്‍ സ്ഥാപകനുമായ ശൂരനാട് കുഞ്ഞന്‍പിള്ള സാറിന്റെ കീഴിലാണ് ഞാന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ പിന്തുണ എന്റെ വഴികളിലെ വെളിച്ചമാണ്. ഇനി എന്റെ പങ്കിനെ കുറിച്ച് പറയുകയാണെങ്കില്‍ തീവ്രമായ അധ്വാനം, അതുതന്നെ.
? നാരായണീയം, ദേവീമാഹാത്മ്യം, ശിവാനന്ദലഹരി, കനകധാരാ സ്തോത്രം തുടങ്ങി നിരവധി പുരാണഗ്രന്ഥങ്ങളുടെ വ്യാഖ്യാനം താങ്കള്‍ നിര്‍വഹിച്ചിട്ടുണ്ട്. 18000 ശ്ലോകങ്ങളുള്ള ദേവീഭാഗവതത്തിന്റെ വ്യാഖ്യാനത്തിലാണല്ലോ ഇപ്പോള്‍
അതെ. വലിയ യജ്ഞത്തിലാണ്. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ ഒരേ നിലയിലിരുന്നുള്ള വ്യാഖ്യാനമാണ്. കാലില്‍ നീരുവന്നു വീര്‍ത്ത് എഴുന്നേല്ക്കുവാന് തന്നെ ബുദ്ധിമുട്ടായി. ഇതുവരെ നാലായിരം ശ്ലോകം വ്യാഖ്യാനിച്ചു. ഈ ജന്മംകൊണ്ട് തീരുമോ എന്ന സംശയം. ദേവിയുടെ നിയോഗം പോലെ വന്നുഭവിച്ചതാണ്. വലിയ കഥകളുണ്ട് ഇതിനു പിന്നില്‍. കുറച്ച് ഭക്തര്‍ എഴുതി സഹായിക്കുവാന്‍ സ്വമേധയാ വന്നിട്ടുണ്ട്. എത്രത്തോളം വ്യാഖ്യാനിക്കുവാന്‍ കഴിയും എന്ന് ഉറപ്പില്ല. എങ്കിലും വ്യാഖ്യാനം തുടരുന്നു. ഞാന്‍ നേരത്തേ പറഞ്ഞത് പോലെ, ബോണസ്സായി കിട്ടിയ ജീവിതമല്ലേ!
മഞ്ജുള
പ്രതികരിക്കാൻ ഇവിടെ എഴുതുക: