അഭിഭാഷകയാകുക എന്നതിനപ്പുറം നിയമപഠനം അനന്ത സാദ്ധ്യതകളിലേക്കുള്ള മാര്‍ഗ്ഗമാണെന്ന് തെളിയിക്കുകയാണ് ഇരട്ടസഹോദരികളായ ഈ മിടുക്കികള്‍. പൂനെ ഇന്ത്യന്‍ ലോ സൊസൈറ്റീസ് ലോ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ സ്വാതി നായരും ശ്വേത നായരും അവസാന വര്‍ഷ പരീക്ഷയുടെ ഫലം വരുന്നതിനും മുന്‍പാണ് ഉന്നത പദവിയില്‍ എത്തിയത്. കോര്‍പ്പറേറ്റ് കമ്പനികളില്‍ ലീഗല്‍ മാനേജര്‍മാരായി ചുമതലയേറ്റ ഇവര്‍ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തിലകക്കുറികൂടിയാണ്.
കോന്നി മങ്ങാരം കിഴക്കേതില്‍ ഫോട്ടോഗ്രാഫറായ രതീഷ് സിന്ദൂരിയുടെയും ആര്‍വിഎച്ച്എസ്എസ് അദ്ധ്യാപിക എ.ദീപയുടെയും മക്കളായ ഇരട്ടസഹോദരിമാര്‍ ഒരുലക്ഷത്തിനു മുകളില്‍ ശമ്പളം ലഭിക്കുന്ന ജോലിയിലാണ് ജൂണ്‍ ഒന്നിന് പ്രവേശിച്ചത്. സ്വാതി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിലും, ശ്വേത സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയിലുമാണ് ഇരുപത്തിരണ്ടാം വയസില്‍ ലീഗല്‍ മാനേജര്‍മാരായി മുബൈയിലെ ഓഫീസുകളില്‍ നിയമിക്കപ്പെട്ടത്.
പുനെ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ഇന്റഗ്രേറ്റഡ് ബിഎസ്എല്‍, എല്‍എല്‍ബി(ബാച്ചിലര്‍ ഓഫ് സോഷ്യോ ലീഗല്‍ സ്റ്റഡീസ്) അഞ്ചു വര്‍ഷ കോഴ്സാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. ഏപ്രിലില്‍ ആയിരുന്നു അവസാന വര്‍ഷ പരീക്ഷ. അടുത്ത മാസം ആദ്യ വാരത്തിലേ പരീക്ഷാഫലം വരൂവെങ്കിലും ജൂണ്‍ ഒന്നിനുതന്നെ ഇവര്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെയാണ് ഇതിനുള്ള വഴിതെളിഞ്ഞത്.
ലോ കോളേജിലെ എല്ലാ പരീക്ഷകളിലും 10 റാങ്കുകള്‍ക്കകത്ത് ഇരുവരും ഉണ്ടായിരുന്നു. രാജ്യാന്തരതലത്തില്‍ നടന്ന പല മത്സരങ്ങളിലും കോളജിനെ പ്രതിനിധീകരിക്കാനും ഇവര്‍ക്ക് അവസരം ലഭിച്ചു. പ്ലസ് ടു തലംവരെ പൊതുവിദ്യാലയങ്ങളിലാണ് സ്വാതിയും ശ്വേതയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നതാണ് വലിയ പ്രത്യേകത. ഉന്നത പദവികളിലെത്തിച്ചേരാന്‍ പൊതുവിദ്യാലയങ്ങളിലെ പഠനം തടസ്സമല്ലെന്നും ഇവര്‍ തെളിയിക്കുന്നു.
കോന്നി ആര്‍വിഎച്ച്എസ്എസില്‍ എസ്എസ്എല്‍സിക്കും ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ്ടുവിനും എല്ലാവിഷയത്തിനും എ പ്ലസ് നേടിയാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. കോന്നിയില്‍ വ്യാപകമായ ആഫ്രിക്കന്‍ ഒച്ചുകളെക്കുറിച്ചു പഠനം നടത്തി ജൈവ പ്രതിരോധ മരുന്ന് കണ്ടെത്തുകയും, ഈ റിപ്പോര്‍ട്ട് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു കൈമാറുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: