സെന്റ് തോമസ് (തോമാശ്ലീഹ) കേരളത്തില്‍ വന്നുവെന്ന് പറയുന്നത് കെട്ടുകഥയാണോ?
അതൊരു കെട്ടുകഥ മാത്രമാണ്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം. സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അന്നത്തെ കേരളത്തില്‍ ഒന്നുമുണ്ടാവില്ല. കഥയനുസരിച്ച് സെന്റ് തോമസ് കേരളത്തില്‍ വന്ന് ബ്രാഹ്മണരെ മതംമാറ്റി ക്രിസ്ത്യാനികളാക്കിയെന്നാണല്ലോ. ക്രിസ്തുവിന്റെ നേരിട്ടുള്ള ശിഷ്യനാണ് സെന്റ് തോമസ്. ക്രിസ്തുവര്‍ഷം 52 മുതല്‍ 92 വരെയുള്ള കാലഘട്ടത്തില്‍ ആയിരുന്നു തോമാശ്ലീഹയുടെ വരവെന്നാണ് അവകാശവാദം. കഥ ശരിയാണെങ്കില്‍ അത് നടക്കേണ്ടത് ഒന്നാം നൂറ്റാണ്ടിലാണ്. എന്നാല്‍ അന്ന് കേരളത്തില്‍ ബ്രാഹ്മണരുണ്ടായിരുന്നു എന്നതിന് യാതൊരു തെളിവുമില്ല. വസ്തുതകളുമായി നിരക്കുന്നതല്ല ഈ കഥ. അതില്‍ സത്യമില്ല. പോര്‍ച്ചുഗീസ് സുനഹദോസില്പ്പോലും സെന്റ് തോമസിന്റെ വരവിനെക്കുറിച്ച് പരാമര്‍ശമില്ല.
$ചരിത്ര പ്രമാണമില്ലെന്നാണോ?
കേരളത്തില്‍ അന്ന് ജനവാസമുണ്ടായിരിക്കാം. എന്നാല്‍ ബ്രാഹ്മണ സമൂഹത്തിന് മേല്‍ക്കൈയുള്ള സാഹചര്യം കേരളത്തില്‍ അന്ന് ഉണ്ടാകാനേ ഇടയില്ല. കാരണം, മുന്‍പ് പറഞ്ഞതുപോലെ അന്ന് കേരളത്തില്‍ ബ്രാഹ്മണരില്ല. ഏഴ്, എട്ട് നൂറ്റാണ്ടുകള്ക്കിടയിലായിരിക്കാം കേരളത്തില്‍ ബ്രാഹ്മണര്‍ക്ക് ആധിപത്യമുണ്ടാകുന്നത്. അതിനു മുന്‍പുണ്ടായിട്ടില്ല. സെന്റ് തോമസ് കേരളത്തിലേക്ക് വന്നുവെന്ന കഥയ്ക്ക് ചരിത്രവുമായി ബന്ധമില്ലെന്ന് പറയുന്നതിനുള്ള കാരണമിതാണ്.
ക്രിസ്ത്യാനികളുടെ വരവ് നേരത്തേ ഉണ്ടായിരിക്കാം. സിറിയ മുതലായ രാജ്യങ്ങളില്‍നിന്ന് ഒറ്റയ്ക്കും കൂട്ടായുമുള്ള വരവ്. തോമാ ക്രിസ്ത്യാനികള്‍ എന്നാണ് അവര്‍ക്കൊക്കെ പേരുണ്ടായിരുന്നത്. സെന്റ് തോമസിന്റെ അനുയായികള്‍ ആകാം ഇവിടെയെത്തിയിട്ടുണ്ടാവുക. അതിന് സെന്റ് തോമസ് വന്നുവെന്ന പാഠഭേദം സൃഷ്ടിച്ചതായിരിക്കാം കഥയുടെ പിന്നിലെ കാര്യം.
$സംഘടിത മതപ്രചാരണം എപ്പോഴാണ് ആരംഭിച്ചത്?
നസ്രായയിലെ ആളുകള്‍ എന്ന നിലയിലാണ് നസ്രാണികള്‍ എന്നറിയപ്പെട്ടത്. ക്രിസ്ത്യാനികള്‍ എന്നുവന്നു എന്നതിന് ചരിത്രരേഖകള്‍ ലഭ്യമല്ല. മതപ്രചാരണത്തിന് മിഷണറി പ്രവര്‍ത്തനം എന്ന സങ്കല്പം ആദ്യകാലഘട്ടങ്ങളില്‍ ഉണ്ടായിട്ടില്ല. കച്ചവടത്തിനുവേണ്ടിയുള്ള ഊരുചുറ്റലില്‍ കച്ചവടക്കാരോടൊപ്പം അവരുടെ മതവിശ്വാസവും വന്നിരിക്കാം. എന്നാല്‍ സംഘടിത മതപ്രചാരണം എന്ന രീതി അന്നുണ്ടായിരുന്നുവെന്നതിന് ചരിത്രത്തിന്റെ പിന്തുണയില്ല. 18-19 നൂറ്റാണ്ടുകളിലാണ് മതപ്രചാരണത്തിന് പ്രത്യേകസംഘം ഉരുത്തിരിഞ്ഞുവന്നത്. കച്ചവടക്കാര്‍ പോകുന്നിടത്ത് മതവും എത്തി. എന്നാല്‍ സംഘടിത മതപ്രചാരണം എന്ന് പറയാനാവില്ല.
$എന്തിനായിരിക്കാം സെന്റ് തോമസിന്റെ വരവ് എന്ന കപട വാദം?
നമ്പൂതിരി സമുദായത്തില്‍ നിന്നാണ് ആദ്യകാല ക്രിസ്ത്യാനികള്‍ ഉണ്ടായതെന്ന വാദത്തിന് പ്രാമാണികത നേടിയെടുക്കാനുള്ള ശ്രമമായിരിക്കാം. സമൂഹത്തില്‍ തങ്ങള്‍ ഉയര്‍ന്നവരാണെന്ന ആഢ്യത്തം സ്ഥാപിക്കാനാണ് ഇത്തരമൊരു ശ്രമമുണ്ടായത്. പല ജനവിഭാഗങ്ങളില്‍ നിന്നും ക്രിസ്ത്യന്‍ സമൂഹത്തിലേക്ക് ആളുകള്‍ വന്നിട്ടുണ്ടാകാം.
$ഇ.എം.എസ്. നമ്പൂതിരിപ്പാട് അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചത് എന്തുകൊണ്ടായിരിക്കാം?
ഇഎംഎസ് അടക്കമുള്ള ഇടതു ചരിത്രകാരന്മാര് മൗനം പാലിക്കുകയല്ലാതെ ഇക്കാര്യത്തില്‍ വേറെ എന്ത് ചെയ്യാന്‍? ഇതില്‍ ചരിത്രമില്ലെന്നറിഞ്ഞിട്ടായിരിക്കാം. എന്നാല്‍ ഇഎംഎസ് ചരിത്രകാരനല്ല. ഇഎംഎസ് ചരിത്രപുസ്തകമെഴുതിയത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. ചരിത്രം പ്രമാണങ്ങളുടെ വ്യാഖ്യാനമാണ്. ചരിത്രപ്രമാണങ്ങളൊന്നും ഇഎംഎസ് പരിശോധിച്ചിട്ടേയില്ല. അങ്ങനെ ചെയ്യണമെങ്കില്‍ പഴയ ഭാഷ അറിയണം. പഴയ ലിപി സമ്പ്രദായമറിയണം. എന്നാല്‍ ഇതൊന്നും ഇഎംഎസിന് അറിയില്ലായിരുന്നു. പാര്‍ട്ടി നേതാവാണ്, സര്‍വ്വജ്ഞനാണ് എന്ന ഭാവം ഉണ്ടായിട്ടുണ്ടാവാം.
$ക്രിസ്തുമതം ഉണ്ടായത് പിന്നീടാണോ?
ക്രിസ്തു ഒരു മതവും ഉണ്ടാക്കിയിട്ടില്ല. ക്രിസ്തുവിന്റെ അനുയായികള്‍ ഒരു സംഘടിത മതമായി മാറുകയായിരുന്നു. ഏതെങ്കിലും ഒരു വിശ്വാസിയുടെ വീട്ടില്‍ ഒത്തുചേരും, പ്രാര്‍ത്ഥന നടത്തും എന്നതായിരുന്നു അന്നത്തെ രീതി. പള്ളി എന്ന വ്യവസ്ഥാപിത ഘടന പിന്നീടാണുണ്ടാവുന്നത്. ക്രിസ്തുമതത്തിന്റെ പില്ക്കാല വളര്‍ച്ചയാണിത്. മൂന്നാം നൂറ്റാണ്ടില്‍ തിയഡോഷ്യസ് എന്ന ചക്രവര്‍ത്തിയുടെ കാലത്താണ് ക്രിസ്തുമത വിശ്വാസികള്‍ക്ക് അംഗീകാരം കിട്ടിയത്. അതുവരെ ക്രിസ്തുമതത്തെ ആരും അംഗീകരിച്ചിരുന്നില്ല. അഞ്ചാം നൂറ്റാണ്ടില്‍ കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് ക്രിസ്തുമതം യൂറോപ്പിലെ ഔദ്യോഗിക മതമാകുന്നത്. ജറുസലേം കേന്ദ്രമായി സംഘടിത മതം രൂപംകൊള്ളുകയായിരുന്നു. അന്നത്തെ സാധാരണ ജനവിഭാഗം ക്രിസ്തുമതത്തെ പല രീതിയില്‍ അക്രമിച്ചിരുന്നു.
വരാത്ത തോമാ ഇല്ലാത്ത നമ്പൂതിരിയെ പിന്നെന്തിനു മതപരിവർത്തനം ചെയ്തു
സെന്റ് തോമസിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതെന്നു കരുതപ്പെടുന്ന ഗ്രന്ഥമാണ് ‘തോമസിന്റെ പ്രവൃത്തികള്‍.’ ഇതാവട്ടെ സഭയുടെ ദൃഷ്ടിയില് പ്രാമാണികമല്ലാത്തതും സംശയകരവുമാണ്. ഈ ഗ്രന്ഥം മലബാറിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയതുമില്ല. തോമസ് മാസ്ഡായില്വച്ച് മരിച്ചു എന്നുള്ളതാണ് ഈ ഗ്രന്ഥത്തിലുള്ള ഏക പരാമര്‍ശം. അപ്പോസ്തോലിക കേരള ക്രൈസ്തവ പാരമ്പര്യത്തിന്റെ വക്താക്കളുടെ വാദം തോമസ് മരിച്ച മാസ്ഡാ മലബാറിലെ മാടായി ആണെന്നാണ്. പക്ഷേ ചരിത്രപരമായ കാരണങ്ങളാല്‍ പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു മുന്‍പ് കൊടുങ്ങല്ലൂരിന് വടക്ക് മുസ്ലിങ്ങള്‍ പ്രബലമായിരുന്ന മലബാറില്‍ ക്രിസ്ത്യന്‍ ആവാസകേന്ദ്രങ്ങളില്ലായിരുന്നു. സെന്റ് തോമസ് സ്ഥാപിച്ച എട്ടു പള്ളികളിലൊന്നുപോലും നാളിതുവരെ മലബാറില്‍ ഉണ്ടായിരുന്നതായി സഭയോ സഭയുടെ ചരിത്രകാരന്മാരോ വാദങ്ങളൊന്നും ഉന്നയിച്ചിട്ടുമില്ല.
ഈ തോമാ ഐതിഹ്യം കേരളീയ ക്രൈസ്തവരുടെ മാത്രം ദൗര്‍ബല്യം അല്ല, മറിച്ച് ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലുള്ളവരും ഇതിനെ ചുമലിലേറ്റുന്നുണ്ട്. ചരിത്രകാരനും ദാര്‍ശനികനുമായ മിഷേല്‍ ഡാനിനോ ‘കിറശമി ഈഹൗേൃല മിറ കിറശമ’ െഎൗൗേൃല’ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: സര്‍വ്വവ്യാപിയായ ഈ അപ്പോസ്ത്തലന്റേതെന്നു പറയപ്പെടുന്ന ഒരു ഡസന്‍ കുഴിമാടങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി സംരക്ഷിച്ചുപോരുന്നുണ്ട്. ആറെണ്ണം കേരളത്തിലും തമിഴ്നാട്ടിലുമായുണ്ട്. ബാക്കി ആറെണ്ണം ഭാരതത്തിനു പുറത്ത് ബ്രസീല്‍ മുതല്‍ ടിബറ്റ്, ജപ്പാന് വരെയുണ്ട്. ചുരുക്കത്തില്‍ തോമസ് യേശുവിനേക്കാള്‍ വലിയ അത്ഭുതപ്രവര്‍ത്തകനായി മാറി.
എ.ഡി 50-ന് മുമ്പ് യേശുവിന്റെ രണ്ട് ശിഷ്യന്മാരും രക്തസാക്ഷികളാവുകയോ മരിക്കുകയോ ചെയ്തു. അതായത് എ.ഡി 52-ല്‍ ഒരു ശിഷ്യനും അവശേഷിച്ചിരുന്നില്ല. എ.ഡി 65-ല്‍ പോളിനെ നിത്യമായി കാരാഗൃഹത്തിലടച്ചു. (എ.ഡി 67-ല്‍ മരിച്ചു). ഇപ്പറഞ്ഞ കാലഗണനാപ്രകാരം എ.ഡി 52-ല്‍ തോമസിന് 56 നും 70 നും ഇടയില്‍ പ്രായമുണ്ടാകാം. പരമ്പരാഗത വിശ്വാസപ്രകാരം തുടര്‍ന്നൊരു 20 വര്‍ഷംകൂടി തോമസ് മതപരിവര്‍ത്തന യജ്ഞങ്ങളില്‍ വ്യാപൃതനായിരുന്നിരിക്കാം. അങ്ങനെയെങ്കില്‍ ഇത്രയും പ്രായാധിക്യമുള്ള ഒരു വ്യക്തിക്ക് അന്നത്തെ ഭാരതത്തിലെ സങ്കീര്‍ണ്ണ സാഹചര്യങ്ങളെ അതിജീവിച്ച് രണ്ടു ദശകക്കാലം ഇവിടെ ജീവിക്കാനാകുമോ?
ഇപ്പോള്‍ പ്രചരിക്കുന്ന തോമസിന്റെ കഥ പില്ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. ഈ കഥയുടെ ഉത്ഭവം പോര്‍ച്ചുഗീസ് കാലത്തേക്കു നീളുന്നു. സഭയ്ക്കോ സുറിയാനി ക്രിസ്ത്യാനികള്‍ക്കോ നാളിതുവരെയും തോമസിന്റേതെന്നവകാശപ്പെടാവുന്ന കത്തുകളോ ലേഖനങ്ങളോ സുവിശേഷങ്ങളോ കിട്ടിയിട്ടില്ല. പുതിയ നിയമത്തിലെ എല്ലാ ലേഖനങ്ങളും തന്നെ മുഖ്യമായും പുതുതായി തുടങ്ങിയ സഭകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ്. പുതിയ നിയമത്തിലെ 27 പുസ്തകങ്ങളില്‍ നാല് സുവിശേഷങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം കത്തുകളും ലേഖനങ്ങളുമാണ്. ഇത് സഭകളുടെ ആരംഭം മുതലിന്നോളം അവരുടെ പ്രവര്‍ത്തനങ്ങളുടെ പ്രമാണങ്ങളുമാണ്. എന്നാല്‍ തോമസിന്റേതെന്നവകാശപ്പെടാവുന്ന അത്തരം ഒരു രേഖയും ഇവിടുത്തെ സുറിയാനി ക്രിസ്ത്യാനികളുടെ കൈവശമില്ല. 1952-ല്‍ കേരളത്തിലെ സുറിയാനി കത്തോലിക്കര്‍ സെന്റ് തോമസ് എ.ഡി 52 നവംബര്‍ 21-ന് മുസിരിസില്‍ (കൊടുങ്ങല്ലൂര്‍) വന്നിറങ്ങിയതിന്റെ 1900-ാം വര്‍ഷം ആഘോഷിക്കാനുള്ള അനുവാദത്തിനായി വത്തിക്കാനെ സമീപിച്ചിരുന്നു. 13 നവംബര്‍ 1952-ല്‍ വത്തിക്കാന്‍ ‘തെളിയിക്കപ്പെടാത്തത്’ എന്ന കാരണത്താല്‍ അവരുടെ അപേക്ഷ നിരാകരിച്ചിരുന്നു.
സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ രൂപപ്പെട്ട വിശ്വാസപ്രകാരം യേശുശിഷ്യനായ തോമസ് ആദ്യ നൂറ്റാണ്ടില്‍ കേരളത്തിലെത്തി; നമ്പൂതിരിമാരെ മാര്‍ഗം ചേര്‍ത്തുകൊണ്ടായിരുന്നു കേരളത്തിലെ ക്രൈസ്തവവല്‍ക്കരണ പ്രക്രിയക്ക് തുടക്കമിട്ടത്. അതുകൊണ്ട് സുറിയാനി ക്രിസ്ത്യാനികള്‍ നമ്പൂതിരിമാരുടെ പരമ്പരക്കാരും അതിലൂടെ സവര്‍ണ്ണരുമാണ്. ഈ വിശ്വാസത്തിന് ചരിത്രപരമായ സാധുതകളൊന്നുമില്ല. അത് പില്ക്കാല മിഷണറി താല്പര്യങ്ങളുടെ സൃഷ്ടിയുമാണ്. അതുകൊണ്ടുതന്നെ കേരളചരിത്രകാരന്മാരെല്ലാം ഈ വാദെത്ത നിരാകരിക്കുകയും ചെയ്തു.
പ്രമുഖ ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം നാലാം നൂറ്റാണ്ടുവരെ കേരളത്തില്‍ നമ്പൂതിരി ജാതികളുണ്ടായിരുന്നില്ല. പ്രാക്വൈദിക ജാതികളായിരുന്നു ഉണ്ടായിരുന്നത്. വില്യം ലോഗന്, ഇളംകുളം കുഞ്ഞന്‍പിള്ള തുടങ്ങിയവരുടെ അഭിപ്രായത്തില്‍, വൈദിക ബ്രാഹ്മണര്‍/നമ്പൂതിരി ജാതി കേരളത്തില്‍ എത്തുന്നത് എ.ഡി ഏഴ്, എട്ട് നൂറ്റാണ്ടുകളിലാണ് എന്ന്രേത. വരാത്ത തോമാ ഇല്ലാത്ത നമ്പൂതിരിയെ പിന്നെന്തിനു മതപരിവര്‍ത്തനം ചെയ്തു? ഭാരതത്തിന്റെ വടക്കുപടിഞ്ഞാറേ ഭാഗത്താണ് (കാണ്ടഹാര്‍/അഫ്ഗാനിസ്ഥാന്) തോമസ് ചെന്ന് മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്തിയതെന്ന് ക്രിസ്ത്യന്‍ ദൈവശാസ്ത്ര പണ്ഡിതന്മാരെല്ലാം അംഗീകരിച്ച വസ്തുതയാണെന്നിരിക്കെ, പിന്നെന്തിനീ പാവം പടുവൃദ്ധനെ കേരളത്തില്‍ എത്തിക്കണം?
3500 മില്ലിമീറ്ററിലേറെ മഴ വര്‍ഷം മുഴുവന്‍ പെയ്യുന്നതും, ഗ്രാമ്യഭാഷാബഹുലമായതും, വന്യമൃഗബഹുലമായതും (അതും വെടിമരുന്ന് കണ്ടെത്തിയിട്ടില്ലാത്ത കാലത്ത്) ആയ സ്ഥലത്ത് ഏതാണ്ട് 20 നൂറ്റാണ്ടിനിപ്പുറം യേശു ശിഷ്യന് എത്തി ആഢ്യന്മാരെ മതപരിവര്‍ത്തനം നടത്തിയെന്നത് അചിന്തനീയവും ഒപ്പം വിശ്വാസയോഗ്യമല്ലാത്തതുമായ ചരിത്രമാണ്. തീര്‍ച്ചയായും സഹജവും പൊള്ളയുമായ കുലീനഭാവം മതപരിവര്‍ത്തന ലക്ഷ്യങ്ങളോടൊപ്പം ചേര്‍ന്ന് ഉണ്ടാക്കിയ പ്രതിപ്രവര്‍ത്തനമാണ് ഈ കള്ളക്കഥകളുടെ പിന്നില്‍.
(ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മുന്‍ അംഗം ഡോ. സി.ഐ. ഐസക്കിന്റെ ‘പട്ടണം സെന്റ് തോമസ് ബിനാലെ പിന്നെ കെസിഎച്ച്ആറും’ എന്ന ഗ്രന്ഥത്തില്‍നിന്ന്)
മിത്തുകൾ തകർക്കപ്പെടണം
ഇനിമുതല്‍ ‘കുടുംബയോഗ വാര്‍ഷികം’ എന്ന പേരില്‍ കേരളത്തില്‍ മെയ്-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ‘മേല്‍ജാതി’ സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കാനുള്ള കലാപരിപാടികളാണ് ഇവയില്‍ (കുടുംബയോഗ വാര്‍ഷികങ്ങളില്‍) ഒട്ടേറെയും. ഒന്നുകില്‍ പകലോമറ്റം, അല്ലെങ്കില്‍ കള്ളിയാങ്കല്‍ ഇങ്ങനെ പോകുന്നു ഇവരുടെ എല്ലാവരുടേയും വേരുകള്‍! അവിടെയെല്ലാം ഉണ്ടായിരുന്ന ‘ഇല്ലങ്ങളി’ലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെ പൂര്വ്വികള്പോലും! ഇത്തരം അബദ്ധങ്ങള്‍ എല്ലാം ചേര്‍ത്ത് കുടുംബചരിത്രം പുസ്തകമാക്കിവയ്ക്കും. അടിസ്ഥാനരഹിതവും സവര്‍ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം. വ്യക്തിപരമായ അടുപ്പങ്ങള്കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടിവന്നിട്ടുണ്ട്. കുറ്റബോധമുണ്ട്. ഇനി ആവില്ല.
.യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്.
സെൻ്റ് തോമസ് വന്നിട്ടില്ല
ചില ചരിത്രകാരന്മാരും ക്രൈസ്തവസഭകളും പ്രചരിപ്പിക്കുന്നതുപോലെ തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ല. ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ തോമാശ്ലീഹ വന്ന് ബ്രാഹ്മണരെ മാമോദീസ മുക്കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധംതന്നെയാണ്. ഇക്കാര്യം ബെനഡിക്ട് മാര്പാപ്പപോലും ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈസ്തവ സഭകളില്‍ മെത്രാനെ തെരഞ്ഞെടുക്കുമ്പോള്‍ ജാതി നിര്‍ണായക ഘടകമാണ്. ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നുവന്നത്. അത് ഇന്നും നിലനില്ക്കുന്നു. സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ ക്രിസ്ത്യാനികളും തമ്മില്‍ സാമൂഹ്യമായ അന്തരം ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. മാര്‍ക്സിസത്തിലും ക്രൈസ്തവതയിലും സവര്‍ണ ജാതിബോധം കടന്നുവന്നതോടെയാണ് ജാതി കാഴ്ചപ്പാടുകള്‍ വേരോടിത്തുടങ്ങിയത്. ഇഎംഎസും പി. ഗോവിന്ദപ്പിള്ളയും പേരിനൊപ്പം ജാതിവാല് ചേര്‍ത്തത് ഈ സവര്‍ണ ജാതിബോധംകൊണ്ട് തന്നെയാണെന്നതില്‍ സംശയമില്ല.
.സിറോ മലബാര്‍സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്
ചരിത്ര സത്യം തന്നെ
വിശുദ്ധ തോമാശ്ലീഹ ഇന്ത്യയില്‍ വന്നതിന് തെളിവുകളില്ല എന്ന് സിറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് പ്രസ്താവിച്ചതായി പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അത് സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തന്നെയാണെന്ന് ചിലര്‍ റിപ്പോര്‍ട്ടുചെയ്തു. ഇത് വാസ്തവവിരുദ്ധമാണ്. സിറോ മലബാര്‍ സഭയുടെ ഔദേ്യാഗിക നിലപാട് തോമാശ്ലീഹ ഇന്ത്യയില്‍ വന്നു എന്നുതന്നെയാണ്. അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തില്‍നിന്ന് ഉത്ഭവിച്ചതാണ് സിറോ മലബാര്‍ സഭ എന്നതും ഔദ്യോഗിക നിലപാട് തന്നെയാണ്. ലോകപ്രശസ്തരായ പല ചരിത്രകാരന്മാരും തോമാശ്ലീഹയുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതാണ്. പലഗണത്തില്പ്പെടുന്ന ചരിത്ര രേഖകളും അതിന് ഉപോല്‍ബലകമായുണ്ട്. ചെറിയൊരു ഗണം ചരിത്രകാരന്മാര് ഇക്കാര്യത്തില്‍ വിയോജിപ്പുള്ളവരായുണ്ടാകാം എന്ന വസ്തുതയും അംഗീകരിക്കുന്നു. അതൊരു ന്യൂനപക്ഷം മാത്രമാണ്.
.ബിഷപ് മാര്‍ സെബാസ്റ്റിയന് വാണിയപ്പുരയ്ക്കല്‍ സിറോ മലബാര്‍ സഭ
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: