ലോകം കണ്ട രണ്ട് യഹൂദ ശ്രേഷ്ഠരാണ്. യേശുക്രിസ്തുവും കാറൽ മാർക്സും.. സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം കണ്ട രണ്ടു മനുഷ്യർ. രണ്ടു പേരുടേയും ആശയങ്ങളെ അനുഗമിക്കാൻ ലക്ഷക്കണക്കിന് അനുയായികളുള്ളവർ. പക്ഷെ, പാളിപ്പോയ ജീവിത ദൗത്യമായിരുന്നു രണ്ടാളുടേതും എന്നാണ് ഇവരുടെ അനുയായികളും അവർക്ക് നേതൃത്വം കൊടുക്കുന്നവരും സമീപകാലത്തായി തെളിയിച്ചു കൊണ്ടിരിക്കുന്നത്.
രണ്ടു പ്രസ്ഥാനങ്ങളാണ് ഇവരുമായി ബന്ധപ്പെട്ട് ലോക ചരിത്രത്തിൽ ഇടം നേടുന്നത്. ഒന്ന് ക്രൈസ്തവ സഭയും മറ്റേത് കമ്യൂണിസ്റ്റു പാർട്ടിയും. എന്നാൽ ഈ പ്രസ്ഥാനങ്ങൾ നിരന്തരമായി പിളർപ്പിനെ നേരിട്ടു കൊണ്ട് നിരവധി കമ്മ്യൂണിസ്റ്റു പാർട്ടികളായും അനവധി ക്രിസ്ത്യൻ സഭകളായും മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
പ്രവർത്തനത്തിലും ആശയപരമായും സംഘടനാ ചട്ടക്കൂടിലും ഒരമ്മ പെറ്റ ഇരട്ടകളെപ്പോലെയാണ് ഇവർ പ്രവർത്തിക്കുന്നത്. പരസ്പരം പോരടിക്കുന്ന രണ്ടു പ്രസ്ഥാനങ്ങളാണ് ഒറ്റ നോട്ടത്തിൽ കമ്മ്യൂണിസ്റ്റു പാർടിയും ക്രിസ്ത്യൻ സഭയും. കമ്യൂണിസ്റ്റു പാർടി ആവിർഭവിച്ച കാലത്ത് യൂറോപ്പിനെ ഒരു ഭൂതം ആവേശിച്ചിരിക്കുന്നൂവെന്നാണ് സാമ്രാജ്യത്വവും കത്തോലിക്ക സഭയും ഒരു പോലെ അഭിപ്രായപ്പെട്ടത്.
സി.ടി. തങ്കച്ചന്
കമ്മ്യൂണിസ്റ്റു പാർടി വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദമാണ് മുന്നോട്ടു വെക്കുന്നത്. എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്ന ആത്മീയവാദമാണ് കത്തോലിക്ക സഭയുടെ അടിത്തറ. ഫലത്തിൽ ഈ ഒരൊറ്റ കാര്യത്തിൽ മാത്രമാണ് സഭയും കമ്മ്യൂണിസ്റ്റു പാർടിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത്. എന്നാൽ ഈ അഭിപ്രായ വ്യത്യാസം ഇന്ന് നേർത്ത് നേർത്ത് വരുന്ന കാഴ്ച്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.
കമ്മ്യൂണിസ്റ്റു പാർടിയുടെ പരസ്യപ്പലകയിൽ ഇന്ന് ഭഗവാൻ ശ്രീകൃഷ്ണനും ക്രിസ്തു യേശുവും ആദ്ധ്യാത്മിക നേതാക്കളായ ശങ്കരാചാര്യരും ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും വിശുദ്ധ മദർ തെരേസയും ഫ്രാൻസിസ് മാർപാപ്പയും വരെ ഇടം പിടിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കമ്മ്യൂണിസ്റ്റു പാർട്ടികളേയും കത്തോലിക്കാ സഭയേയും ഒരു താരതമ്യ പഠനത്തിനു വിധേയമാക്കിയത്.
ഒരു കാറൽ മാർക്സിന്റെ പേരില് ഇരുന്നൂറോളം കമ്മ്യൂണിസ്റ്റു പാർട്ടികൾ ഒരു യേശുക്രിസ്തുവിന്റെ പേരില് ഇരുന്നൂറാലധികം ക്രിസ്തീയ സഭകൾ . രണ്ടു പേരും ജനിച്ചത് യഹൂദ മതത്തിൽ. കേന്ദ്രീകൃത ജനാധിപത്യമാണ് കത്തോലിക്ക സഭയുടേയും കമ്മ്യൂണിസ്റ്റു പാർട്ടികളുടേയും അടിത്തറ. വിശദമായി പറഞ്ഞാൽ മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്നതാണ് കമ്മ്യൂണിസ്റ്റു പാർടികളുടേയും കത്തോലിക്ക സഭയുടേയും നേതൃത്വം.
റോമിലിരിക്കുന്ന മാർപാപ്പ ഒരു സ്വിച്ചിട്ടാൽ കലൂർ ഇടവക പള്ളിയിൽ ഒരു ബൾബു കത്തും. ഭാരതത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ജനറൽ സെക്രട്ടറി ദൽഹി എ.കെ.ജി.ഭവനിൽ ഇരുന്ന് ഒരു സ്വിച്ചിട്ടാൽ കലൂർ പാർടിയാപ്പീസിലും തെളിയുമൊരു ബൾബ്. രണ്ടു കൂട്ടരുടെയും ബാങ്ക് ബാലൻസ് എന്നു പറയുന്നത് രക്തസാക്ഷികളാണ്. കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ കൊന്നുകളയുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. ക്രിസ്ത്യാനി എന്നു പറഞ്ഞാലും കൊല്ലപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. വിശ്വാസ സംരക്ഷണത്തിനു വേണ്ടി രക്തസാക്ഷിയാകുന്നവനാണ് പുണ്യാളനായി വിശുദ്ധനായി വാഴ്ത്തപ്പെടുന്നത്.
സ്വന്തം വിശ്വാസം സംരക്ഷിക്കാൻ രക്തസാക്ഷിയാകുന്നവനാണ് കമ്മ്യൂണിസ്റ്റു പാർട്ടിയുടേയും അടിത്തറ. സഭയിലെ രക്തസാക്ഷികളുടെ ദിനം വിശ്വാസികൾ പെരുന്നാളായാണ് ആഘോഷിക്കുന്നത്. ആദ്യം കൊടികയറ്റി പടക്കം പൊട്ടിക്കും. പിന്നെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പട്ടണപ്രദക്ഷിണം അതിനു ശേഷം വിശുദ്ധന്റെ പ്രതിമയിൽ പൂമാലസമർപ്പണം അനുസ്മരണ പ്രസംഗം. നേർച്ച കലാപരിപാടി. കമ്മ്യൂണിസ്റ്റ് ദിനാചരണവും പതാക ഉയർത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. ഒപ്പം കരിമരുന്ന് പ്രയോഗവും. പിന്നെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന വാദ്യമേളങ്ങളുടെ അകമ്പടിയോടെ രക്തസാക്ഷിയുടെ ഛായാ ചിത്രവുമേന്തി പ്രകടനം. അനുസ്മരണ സമ്മേളനം കലാപരിപാടി. ഇവിടെ നേർച്ചപ്പെട്ടിക്കു പകരം ബക്കറ്റാണെന്നു മാത്രം.
സ്വർഗ്ഗരാജ്യം വിശ്വാസിക്ക് മാത്രം സ്വന്തമെന്നാണം സഭയുടെ പ്രബോധനം. മനുഷ്യൻ പരസ്പരം സ്നേഹിക്കുന്ന അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുന്ന ഒരു കാലമാണ് കമ്യൂണിസ്റ്റു പാർട്ടികൾ നമുക്കായി വാഗ്ദാനം ചെയ്യുന്നത്. ഫലത്തിൽ സ്വർഗ്ഗരാജ്യം തന്നെ!
ഇനി രണ്ടിന്റേയും നേതൃത്വനിരയെടുത്തു പരിശോധിച്ചാലും കാണാം ഈ സമാനത. മാർപാപ്പയ്ക്ക് തുല്യനാണ് പാർട്ടി ജനറൽ സെക്രട്ടറി. മാർപാപ്പയെ തെരെഞ്ഞെടുക്കുന്നത് സഭയുടെ ഉന്നതതല സംഘമാണെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയെ തെരെഞ്ഞെടുക്കുന്നത് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. കർദ്ദിനാളിന് സമനാണ് പാർടി സംസ്ഥാന സെക്രട്ടറി. ജില്ലാ സെക്രട്ടറിക്ക് തുല്യനാണ് രൂപതാ ബിഷപ്പ്.
ഏരിയ സെക്രട്ടറിക്ക് സമം ഫെറോനാ വികാരി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് ജനങ്ങളുമായി അടുപ്പമുള്ള നേതാവ്. കത്തോലിക്കാ സഭയിൽ ഇത് ഇടവക വികാരിയാണ്. മാർപാപ്പ മുതൽ താഴെക്കുള്ള പുരോഹിതരെ ആരും ചോദ്യം ചെയ്യരുത് എന്നതൊരു അലിഖിത നിയമമാണ് പാർടി ജനറൽ സെക്രട്ടറി തൊട്ട് ലോക്കൽ സെക്രട്ടറി വരെയുള്ള ഒരു നേതാക്കളേയും ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല. ചോദ്യം ചെയ്താൽ പാർട്ടി സഖാക്കൾ ടിപി ചന്ദ്രശേഖരനെയടക്കം നിരവധി പേരെ നരകത്തിലേക്ക് അയച്ചതു പോലെ കാലപുരിക്ക് വിടും. പുരോഹിതരെ ചോദ്യം ചെയ്താൽ നരകത്തിൽ പോകുമെന്ന് പറഞ്ഞ് വിശ്വാസിയെ അവർ ഭയപ്പെടുത്തി അടക്കി നിർത്തും.
വർത്തമാന കമ്മ്യൂണിസ്റ്റു നേതാക്കളെപ്പോലെ ആർഭാട ജീവിതം നയിക്കുന്നവരാണ് കത്തോലിക്ക പുരോഹിതരും. കൊടിയാണ് രണ്ടു സംഘടനകളുടെയും അടയാളം. ഒന്നു പാർടി പതാകയാണെങ്കിൽ മറ്റേത് പേപ്പൽ പതാകയാണെന്നു മാത്രം. കുരിശാണ് കത്തോലിക്കരുടെ അടയാളം. അരിവളും ചുറ്റികയുമാണ് കമ്മ്യൂണിസ്റ്റുകളുടെ അടയാളം. രണ്ടു പേരും പ്രത്യാശയുടെ ചിഹ്നമായി ഉപയോഗിക്കുന്നത് നക്ഷത്രമാണ്.
പള്ളിക്കല്യാണത്തിന് കാർമ്മികത്വം വഹിച്ച് താലിമാല നൽകുന്നത് ഇടവക വികാരിയാണ്. പാർട്ടിക്കല്യാണങ്ങൾക്ക് കാർമ്മികത്വം വഹിച്ച് വരണമാല്യങ്ങൾ നൽകുന്നത് ലോക്കൽ സെക്രട്ടറിയാണ്. വിശ്വാസികൾ നിർബന്ധമായും പള്ളിക്ക് ആഴ്ച്ചപ്പിരിവ് നൽകണം. പാർട്ടിയംഗങ്ങൾ പാർട്ടിക്കും ഒരു നിശ്ചിത തുക ലെവിയായി നൽകണം. വിശ്വാസികളുടെ വ്യക്തിപരമായ ജീവിതത്തിൽ ഇടപെടുന്ന അധികാരശക്തിയാണ് സഭ. മുഴുവൻ മനുഷ്യരുടെയും ജീവിതത്തിലും തൊഴിലിടങ്ങളിലും ഇടപെടുന്ന അധികാര കേന്ദ്രമാണ് പാർട്ടി.
രണ്ടു പേരും സന്ധി ചെയ്യുന്നത്. പണക്കാരോടും കോർപ്പറേറ്റുകളോടുമാണ്. രണ്ടു പേരും സമ്പന്നരുടേയും കോർപ്പറേറ്റുകളുടേയും താൽപ്പര്യമാണ് സംരക്ഷിക്കുന്നത്. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെയടുക്കൽ വരുവിൻ എന്നാണ് യേശു പറഞ്ഞതെങ്കിൽ സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുക നിങ്ങൾക്ക് നഷ്ടപ്പെടുവാൻ കൈച്ചങ്ങല മാത്രം എന്നാണ് മാർക്സ് പറഞ്ഞത് മാർക്സിന്റെ വാക്കുകൾ പ്രാവർത്തികമാക്കാൻ കമ്മ്യൂണിസ്റ്റു പാർടിയും യേശുവിന്റെ പ്രബോധനങ്ങൾ നടപ്പിലാക്കാൻ കത്തോലിക്ക സഭയും വിമുഖരാണ്.
റോമാ സാമ്രാജ്യത്തിനെതിരായാണ് യേശു തന്റെ വിപ്ലവ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മുതലാളിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായാണ് മാർക്സും തന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. വിശുദ്ധ വേദപുസ്തകമാണ് കത്തോലിക്കരുടെ അടിസ്ഥാന ഗ്രന്ഥമെങ്കിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ് കമ്മ്യൂണിസ്റ്റുകളുടെ വേദപുസ്തകം.
പിന്നെയുമുണ്ട് ഇവർ തമ്മിലുള്ള ഇഴയടുപ്പം: കമ്മ്യൂണിസ്റ്റുകളെ ആവേശഭരിതമാക്കുന്നത്. വിപ്ലവഗാനമാണെങ്കിൽ കത്തോലിക്കരെ നിർവൃതിയിലാഴ്ത്തുന്നത് ഭക്തിഗാനങ്ങളാണ്. കത്തോലിക്കാ സഭ വേദപാഠ ക്ലാസുകളിലൂടെയാണ് അണികളെ സജ്ജരാക്കുന്നത്. കമ്മ്യൂണിസ്റ്റു പാര്ടികള് സ്റ്റഡി ക്ലാസ്സുകളിലൂടെയാണ് അനുയായികളെ വിപ്ലവ സജ്ജരാക്കുന്നത്. ഒരു പാർട്ടി നേതാവ് എന്തു തെറ്റു ചെയ്താലും പാർട്ടി അവരെ സംരക്ഷിക്കും. അതുപോലെ പുരോഹിതർ എന്തു പാപം ചെയ്താലും സഭ പുരോഹിതരേയും സംരക്ഷിക്കും’ സമീ പകാല സംഭവങ്ങൾ പരിശോധിച്ചാൽ ഇത് കൂടുതൽ ബോധ്യമാവും.
കേരളത്തിൽ എറ്റവും കൂടുതൽ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെങ്കിൽ പാർട്ടികളിൽ ഏറ്റവും കൂടുതൽ സ്വകാര്യ സ്വത്തുള്ളത് കമ്മ്യൂണിസ്റ്റു പാർട്ടിക്കാണ്. ഒരു പാര്ട്ടിക്കാരൻ എപ്പോഴും മുറുകെ പിടിക്കുന്നത് പാർട്ടി വിശ്വാസത്തെയാണ്. കത്തോലിക്കർ സഭാ വിശ്വാസത്തേയും.
പളളി പൊളിച്ചുപണിയുക എന്നതാണ് ഇക്കാലത്ത് കത്തോലിക്ക സഭ ചെയ്യുന്ന ഏറ്റവും വലിയ സുവിശേഷ പ്രവർത്തനമെങ്കിൽ പാർട്ടിയാപ്പീസുകൾ നിർമ്മിക്കുക എന്നതാണ് സ്വകാര്യ സ്വത്തുടമാ സംവിധാനം തകർക്കാൻ ആഹ്വാനം ചെയ്ത കാറൽ മാർക്സിന്റെ പേരിലുള്ള പാർട്ടിയുടെയും പ്രധാന പരിപാടി.
രണ്ടു കൂട്ടരും ഇപ്പോൾ ആതുര ശുശ്രൂഷ രംഗത്താണ് മുതൽ മുടക്കുന്നത്. കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലാണ് ആശുപത്രികളിലധികവും. പാർട്ടിയും ആ വഴിക്കാണ് നീങ്ങുന്നത്. രോഗികൾക്കും അശരണർക്കും പൊതിച്ചോറു നൽകുക എന്നത് കത്തോലിക്ക സഭ ഏറ്റെടുത്ത സുവിശേഷ ദൗത്യമാണ്. ഇപ്പോൾ കമ്മ്യൂണിസ്റ്റു പാർട്ടികളും പൊതിച്ചോറുമായി കാരുണ്യ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
ഒരു കാലത്ത് ബദ്ധവൈരികളായിരുന്ന കത്തോലിക്ക സഭയും കമ്മ്യൂണിസ്റ്റു പാർട്ടിയും തങ്ങൾ ഒരമ്മ പെറ്റ മക്കളാണെന്ന് പരസ്പരം തിരിച്ചറിഞ്ഞ് അനുരഞ്ജനത്തിന്റെ പാതയിലാണ്. അല്ലെങ്കിലും ഒരമ്മയുടെ അരുമസ ന്തതികളായ ഇവർക്ക് ദീർഘകാലം ഇങ്ങനെ പോരടിച്ചു കഴിയാനാവില്ലല്ലോ.
ഇതാണ് പണ്ട് ക്രൂഷ്ചേവ് പറഞ്ഞ സമാധാനപരമായ സഹവർത്തിത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: