പ്രണയത്തിന് കേരളം ഇപ്പോഴും പാകമായിട്ടില്ലെന്നാണോ.പ്രണയത്തിനു ജാതിയും മതവും വേണം എന്നുവരികില്‍ ഇനിയും പ്രണയത്തിനു കേരളത്തില്‍ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്നു സംശയ രഹിതമായി പറയേണ്ടിവരും.പ്രണയത്തിന് പേരില്‍ കൊല്ലപ്പെട്ട ദളിത് ക്രിസ്ത്യാനി കെവിന്റെ കൊല ആവര്‍ത്തിച്ചു നല്കുന്ന പാഠം ഇതാണ്.മകളുടെ ഇതരജാതി വിവാഹത്തിന്റെ പേരില്‍ അവളുടെ ജീവനു സ്വന്തം അച്ഛന്‍തന്നെ കത്തിവെച്ചിട്ട് അധികനാളായില്ല.
ക്രിസ്തു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതനാണ് കൊല്ലപ്പെട്ട കെവിന്.സാംസ്ക്കാരിക കേരളമെന്നും പുരോഗതിയുടെ നാടെന്നും കേരളത്തെ പറയാന്‍ മാത്രം കൊള്ളാമെന്നു തോന്നുന്നു. ജാതിയും മതവും വര്‍ണ്ണവും വര്‍ഗവും മാറ്റിനിര്‍ത്താത്ത വിപ്ളവവും വികസനവുമൊക്കെ മതി എന്നുറപ്പിക്കുകയാണ് ജാതിയുടെ പേരിലുള്ള കെവിന്റെ ദുരഭിമാനക്കൊലയും.പ്രാകൃത മനസ്ക്കരായ ഉത്തരേന്ത്യക്കാരിലാണ് ദുരഭിമാനക്കൊലയെന്ന് പുഛിച്ചിരുന്ന നമുക്കിടയിലും ഇങ്ങനെ സംഭവിക്കുന്നത് നാം പരിഷ്ക്കാരംകൊണ്ടു പ്രാകൃതരായിപ്പോയി എന്നുള്ളതിനാലാണോ.ജാതിമതങ്ങളില്നിന്നും പുറത്തുവരണമെന്ന് ഉദ്ഘോഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുപോലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ജാതിയും മതവും നോക്കിയാണ്
ജാതിയുടെ പേരില്‍ നരകയാതന അനുഭവിച്ച കേരളത്തെ ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള നവോത്ഥന നായകന്മാര് വെട്ടിത്തെളിച്ച മണ്ണില്‍ ജാതിപ്പിശാചിന്റെ പല്ലുകള്‍ സാവധാനമെങ്കിലും കൊഴിഞ്ഞുപോകുമെന്നുവിചാരിച്ചെങ്കിലും ഇത്രത്തോളം പരിഷ്ക്കാരമില്ലാത്ത മുന്‍ തലമുറ സ്നേഹത്തിന്റെയോ പ്രേമത്തിന്റെയോ പ്രണയത്തിന്റെയോ പേരില്‍ ഇത്രയും ക്രൂരമായ കൊല ദുരഭിമാനത്തിന്റെ പേരില്‍ നടത്തിയതായിട്ട് കേട്ടിട്ടില്ല.ഇത്തരത്തില്‍ പ്രണയിച്ചവരോ വിവാഹം കഴിച്ചവരോ ഒന്നുകില്‍ നാടുവിടുകയോ മാറിത്താമസിക്കുകോ ചെയ്തശേഷം നാളുകള്‍ കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തി വീട്ടുകാരാല്‍ അംഗീകരിക്കപ്പെട്ട് ഒന്നിച്ചു ജീവിച്ചതിന്റെ ആയിരക്കണക്കിനു കഥകള്‍ നമുക്കിടയില്‍ ഉണ്ട്.
മനുഷ്യര്‍ തമ്മില്‍ ജാതി പറഞ്ഞോ മതം പറഞ്ഞോ അല്ല സ്നേഹിക്കുന്നതും പ്രണയിക്കുന്നതും എന്നു മനസിലാക്കാന്‍ ഇന്നും നമ്മുടെ വിദ്യാഭ്യാസത്തിലോ വികസനത്തിലോ സാംസ്ക്കാരികമായ ഇടം ഉണ്ടെന്നു തോന്നുന്നില്ല.ജാതി പറയരുത് എന്ന പരിഷ്കൃത ആശയത്തിനുപകരമായി ജാതി ചോദിക്കും പറയും എന്നു പലരും ദൃഢപ്രതിജ്ഞ എടുത്തിരിക്കയാണെന്നു തോന്നുന്നു.ഇത്തരം ജാതി മത രഹിത ബന്ധങ്ങള്‍ക്കോ പ്രണയത്തിനോ വിവാഹത്തിനോ സാമൂഹികമായ പരിരക്ഷ എല്ലാ അര്‍ഥത്തിലും കൊടുക്കാന്‍ നമ്മുടെ നിയമങ്ങള്‍ക്കോ സര്‍ക്കാരിനോ വേണ്ടവിധം കഴിഞ്ഞിട്ടില്ല.തന്റെ ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘംതട്ടിക്കൊണ്ടുപോയെന്നു പറഞ്ഞു പരാതികൊടുത്തു കരഞ്ഞ കെവിന്റെ ഭാര്യയെ നിഷ്ക്കരുണം അവഗണിച്ച ഒരു സാദാ എസ് ഐയ്ക്കുപോലും തട്ടിമാറ്റാനേയുള്ളൂ ഇപ്പറയുന്ന സാമൂഹ്യ സുരക്ഷ.ഈ പോലീസുദ്യോഹസ്ഥന് തക്കസമയത്തു നടപടി എടുത്തിരുന്നെങ്കില്‍ ഈ കൊല സംഭവിക്കില്ലായിരുന്നു.
കേരളം ഭ്രാന്താലയമെന്ന് വിവേകാന്ദന് പറഞ്ഞിടത്തു തന്നെയാണ് നാമിപ്പോഴും.അടിസ്ഥാനപരമായി ഇന്ത്യന്‍ ജനത ജാതി മത വിശ്വാസങ്ങളുടെ തടവറയില്‍ തന്നെയാണെന്നു പറഞ്ഞുമാത്രം ആശ്വസിക്കാവുന്നതല്ല ഇത്തരം മാരക വിപത്തുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: