ദാരിദ്ര്യത്തില്‍ ജനിച്ച് അനാഥത്വം പേറി അംഗീകാരമുള്ള സിനിമാ ഗായകനായി തീരുക! ശാസ്ത്രീയമായി ഒരു ഗുരുവിന്റെ കീഴിലും സംഗീതം അഭ്യസിക്കാതെ തന്നെ പ്രതിഭാവിലാസത്താല്‍ അനുഗൃഹീത പാട്ടുകാരനാകുക. സാധാരണക്കാരുടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മുന്നില്‍ ഉന്നതങ്ങളിലേക്കുള്ള പടവുകള്‍ കയറാന്‍ നില്‍ക്കാതെ അവരിലൊരാളായി ജീവിക്കുക. അതായിരുന്നു ഭായി. കൊച്ചിക്കാര് ഭായി എന്നുവിളിക്കുന്ന എച്ച്. മെഹ്ബൂബ്. കൊച്ചിക്കാര്‍ക്ക് ഒരു ഭായിയേ ഒള്ളൂ. അതു ഗായകന് മെഹബൂബ് തന്നെ.
1951-ല്‍ ‘ജീവിതനൗക’ എന്ന സിനിമയില്‍ അഭയദേവിന്റെ രചനയില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ നാലുഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഗായകനായി കടന്നെത്തിയതാണ് മെഹബൂബ്. 1975-ല്‍ ചഞ്ചല എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്കരന് രചന നടത്തി എം.കെ. അര്ജ്ജുനന് സംഗീതം നല്കിയ ഗാനം പാടുമ്പോഴേക്കും നാല്പതു സിനിമകളില്‍ പാടിക്കഴിഞ്ഞിരുന്നു. അതിലും എത്രയോ സിനിമകളില്‍ പാടാമായിരുന്ന മെഹബൂബ് തന്റെ ഇഷ്ടങ്ങള്‍ക്കും കൊച്ചിക്കാരുടെ സ്നേഹപാശത്തിനും വഴങ്ങി ഒതുങ്ങുകയായിരുന്നു.
വീട്ടുവേലയ്ക്കുപോയും കല്യാണ മൈലാഞ്ചി രാവുകളില്‍ ഡോജ കൊട്ടിപ്പാടിയും ഉപജീവനം നടത്തിവന്ന ഉമ്മയ്ക്ക് ഇടയ്ക്കിടെ ‘ചെയ്ത്താന്’ കയറും. താളം തെറ്റിയ മനസ്സുമായി അവര്‍ പുരയില്‍ കുത്തിയിരിക്കും. മിണ്ടാട്ടമില്ല. ചിരിയില്ല. പാട്ടില്ല. ശ്വാസംമുട്ടിക്കുന്ന മൂകത.
അക്കാലത്ത് പട്ടാള ബാരക്കുകളില്‍ ബൂട്ടു പോളിഷ് ചെയ്യുന്ന ജോലിക്കായി പോയിത്തുടങ്ങി മെഹബൂബ്.
അതിനിടെ സ്കൂളില്‍ പോക്ക്. ഫോര്‍ട്ടുകൊച്ചി സാന്താക്രൂസ് സ്കൂളില്‍ എന്നും വൈകി എത്തുന്ന കുട്ടി. ബാരക്കിലെ പണികള്‍ കഴിഞ്ഞ് തിരികെ വീട്ടിലേക്കോടി പുസ്തകച്ചുമടുമായി ഓടുമ്പോള്‍ നേരം വൈകിപ്പോകും. വൈകിച്ചെന്നാല്‍ ശിക്ഷ ലഭിക്കും. അതിനാല്‍ വീണ്ടും ബാരക്കിലേക്ക്. രണ്ടാം ലോക മഹായുദ്ധം മുറുകിനിന്ന കാലമാണ്. കൊച്ചി തുറമുഖം കാത്ത് ബംഗാള്‍ ആര്‍ട്ടിലറി ബറ്റാലിയന്റെ ബാരക്കായിരുന്നു അത്. സംഗീതത്തോട് താല്‍പ്പര്യമുള്ള മേജര്‍ മുഖര്‍ജി അവിടെ ഉണ്ടായിരുന്നു. അവിടുത്തെ പാട്ടുകള്തന്നെയായി മെഹബൂബിന്റെ പാഠങ്ങള്‍. സ്കൂളില്‍ പോയേ തീരൂ എന്നു ശാസിക്കാന്‍ പാവം ഉമ്മയ്ക്ക് നേരമുണ്ടായിരുന്നില്ല.
നാലാം ക്ലാസിലേക്കുള്ള നടപ്പില്‍ ഒരു മനസ്സുറപ്പു തോന്നി. പഠിച്ചുപാസ്സായാല് എവിടെങ്കിലും കയറിപ്പറ്റാം. ഒരുദിവസം വള്ളിനിക്കറും പിഞ്ഞിയ ഷര്‍ട്ടും വലിച്ചുകേറ്റി സ്കൂളിലേക്ക് പോകുകയാണ്. വഴിയിലൊരു ചായക്കടയുണ്ട്. അതുകടന്നുപോകുമ്പോള്‍ നടത്തം മെല്ലെയാകും. പാട്ടുപെട്ടിയില്‍നിന്ന് ഗാനങ്ങള്‍ പുറത്തേക്കുകേള്‍ക്കാം.
ജബ് ദില്‍ ഹി ടൂഠ് ഗയാ
ഹം ജി കെ. ക്യാ കരേഗാ…
മനോഹരമായ ഗസല്‍. സ്കൂളിലേക്ക് പോകുന്ന കുട്ടി സ്വിച്ചിട്ടപോലെ അവിടെനിന്നു. സ്ഥലകാലങ്ങള്‍ മറന്നു. തന്നെത്തന്നെ മറന്നു. ഗസല്‍ തീര്‍ന്നപ്പോള്‍ അവനൊരു പ്രതിസന്ധി നേരിട്ടു. ഇന്നും സ്കൂളില്‍ ചെല്ലാന്‍ വൈകി. പരിഹാസം ഉറപ്പ്. അതുകൊണ്ട് ബാരക്കിലേക്ക് തന്നെ തിരിച്ചുപോകാന്‍ അവനുറച്ചു. പിറ്റേന്ന് രാവിലെ ഒരു മൂവര്‍ സംഘം എത്തി. സഹപാഠികളായ കരിംഭായി, ഹാത്തിഭായി, പിന്നെ മാഷും! മാഷിന്റെ കൈയില്‍ സ്കൂളില്‍ വരാത്ത കുട്ടികള്‍ക്കുള്ള പുരസ്കാരമുണ്ടായിരുന്നു. മാവിലകള്‍ കോര്‍ത്തുകെട്ടിയ മാല. പച്ചിലകള്‍കൊണ്ടു തുന്നിയ കിരീടം.
മെഹബൂബിന് ഓടിയൊളിക്കാന്‍ ഇടംകിട്ടിയില്ല. അതിന് മുന്‍പേ അവര്‍ പിടികൂടി കഴിഞ്ഞു. ഹാത്തി ഭായി മാഷിന്റെ കൈയിലിരുന്ന മാലഅവന്റെ കഴുത്തില്‍ ചാര്‍ത്തി. കരീംഭായി കിരീടവുമണിയിച്ചു.
വിധിയുടെ വേഷഭൂഷകളും വിളറിയമുഖവുമായി അവന് നടന്നു. പിന്നാലെ പരിഹാസച്ചിരിയുമായി മൂവര്‍ സംഘവും.
സ്കൂളില്‍ അടുത്ത ശിക്ഷാവിധി പ്രഖ്യാപിക്കപ്പെട്ടു. ”നീ ബെഞ്ചില്‍ കയറി നില്ക്ക്”. കൈയോടെ പിടിക്കപ്പെട്ടവന് ഒഴികഴിവുകളില്ല. അനുസരിച്ചു. അടുത്ത ആജ്ഞ.
”നീ ഇത് ഉറക്കെ ചൊല്ല്”
പാഠപുസ്തകത്തിലെ ഒരു ചോദ്യം! അവനത് ഈണത്തില്‍ പാടി. മാഷിന്റെ മുഖം തെളിയാന്‍ തുടങ്ങി. ‘നീ ഒന്നുകൂടി പാട്’ ഇത്തവണ അവന് പദ്യം വേറൊരു രാഗത്തിലാക്കി. മാഷിന് ഹരമായി. രാഗങ്ങള്‍ മാറ്റിമാറ്റി പദ്യത്തിന്റെ പലതരം വശ്യതകള് പുറത്തെടുക്കുകയായിരുന്നു.
മാഷിന് അതു തിരിച്ചറിവിന്റെ നിമിഷങ്ങളായിരുന്നു. താന്‍ ബെഞ്ചിനു മുകളില്‍ കയറ്റിനിര്‍ത്തി, മറ്റുള്ള കുട്ടികളുടെ മുന്നില്‍ ചെറുതാക്കുന്ന ഈ കുട്ടി സംഗീതത്തില്‍ എത്രയോ ഔന്നത്യങ്ങള്‍ കീഴടക്കേണ്ടവനാണെന്നുള്ള തിരിച്ചറിവ്.
പഠനം തുടരാന്‍ മെഹ്ബൂബിനായില്ല. നാലാം ക്ലാസ്സില്‍ അത് അവസാനിച്ചു. പഠനം തുടരണമെന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്ക്, എവിടെ നേരം!
സൗഹൃദങ്ങളുടെ കൂട്ടായ്മയില്‍ വിരല്‍ പിടിച്ചു നടന്നുകൊണ്ടിരിക്കെ തുടരെത്തുടരെ രണ്ട് ആഘാതങ്ങള്‍ മെഹബൂബിനുണ്ടായി; അമ്മയുടെയും ജ്യേഷ്ഠന്റെയും മരണം. അനാഥത്വം മെഹബൂബിനെ ചൂഴ്ന്നുനിന്നു. സാധാരണക്കാരില്‍ സാധാരണക്കാര്‍ മെഹബൂബിന്റെ ചങ്ങാതിമാരായി. അവര്‍ സ്നേഹംകൊണ്ട് അനാഥത്വം ഒപ്പി. ഭായി എന്നുവിളിച്ചു. ഉമ്മ നഷ്ടപ്പെട്ട കുട്ടിക്ക് അങ്ങനെ ഒരുപാട് ഉമ്മമാരുണ്ടായി. പെങ്ങന്മാരുണ്ടായി.
പ്രായഭേദമെന്യേ ആളുകള്‍ തന്നെ ഭായി എന്നു വിളിക്കുമ്പോള്‍ മെഹബൂബ് അനാഥത്വം മറന്നു. മൗനത്തില്‍ മാഞ്ഞുപോയ ഉമ്മയും അദൃശ്യശക്തികളോട് പിറുപിറുത്തു നടന്ന ജ്യേഷ്ഠനും അയാളുടെ സങ്കടങ്ങളല്ലാതായി. മെഹബൂബ് മൈലാഞ്ചിരാവുകളിലെ പാട്ടുകാരായി മാറി.
സൈഗാളിന്റെയും മുഹമ്മദ് റഫിയുടെയുമൊക്കെ പ്രശസ്തമായ പാട്ടുകള്‍. ഒപ്പം സ്വയം ഉണ്ടാക്കിപ്പാടുന്ന പാട്ടുകള്‍. ഓരോ പാട്ടും പെയ്തൊഴിയുമ്പോള്‍ ഭായിയെ കെട്ടിപ്പുണരുന്ന ആരാധകര്‍.
മെഹബൂബിന് എല്ലാവരും സ്വന്തക്കാരായിരുന്നു. തന്നേക്കാള്‍ ഇളയവനെ അദ്ദേഹം കുട്ടിയെന്നോ മോനെന്നോ വിളിച്ചു. അതില്‍ വാത്സല്യം തുളുമ്പി നിന്നു.
കൊച്ചി പല ഭാഷകളുടെ, പല സംസ്കാരങ്ങളുടെ സംഗമസ്ഥാനമായിരുന്നു. പടിഞ്ഞാറന്‍ കൊച്ചിയുടെ പല ഭാഗങ്ങളിലും ഇപ്പോഴും ആ സാംസ്കാരിക വൈവിദ്ധ്യം നിലനില്ക്കുന്നു. തുറമുഖമായിരുന്നതിനാല്‍ അത് വണിക്കുകളുടെയും കേന്ദ്രമായിരുന്നു. ഈ അന്തരീക്ഷത്തില്‍ ഒരു അധിനിവേശ വിരുദ്ധ മനസ്സും മെഹബൂബിലുണ്ടായി. അദ്ദേഹം കേരളത്തിലെ ആദ്യത്തെ അധിനിവേശവിരുദ്ധ ഗായകനായും മാറി.
മെഹബൂബിലെ ഗായകനെ തിരിച്ചറിഞ്ഞ മറ്റൊരു പ്രതിഭയായിരുന്നു മുഹമ്മദ് റഫി. 1958 കാലം. മുസ്ലിം അനാഥ സംരക്ഷണ സംഘത്തിന്റെ ധനശേഖരണാര്‍ത്ഥം ഒരു ഗാനമേളയില്‍ പാടാന്‍ മുഹമ്മദ് റഫി വന്നു.
തോപ്പുംപടിയിലെ പട്ടേല്‍ തിയറ്ററില്‍ (ഇന്നത് സൂപ്പര്‍ മാര്‍ക്കറ്റാണ്) നിറഞ്ഞ സദസ്സില്‍ ഭായിയും ഉണ്ടായിരുന്നു. റഫിയുടെ സ്വരഗംഗ ഒഴുകി. ”ഗംഗാ കി മേ വൂദ്….” സംഗീതപ്രേമികളുടെ ഉത്സവമായിരുന്നു അത്. പക്ഷേ, ഈ സ്വരഗംഗ കൊച്ചിക്കാരില്‍ മത്സരബുദ്ധി കൂടി ഉണര്‍ത്തുന്നതായിരുന്നു. റഫി പാടിത്തീര്‍ന്നപ്പോള്‍ സദസ്സില്‍നിന്നൊരാള്‍ വിളിച്ചുപറഞ്ഞു.
”മെഹബൂബ് ഭായി ഒരു പാട്ടു പാടണം….”
ആവശ്യം ആവര്‍ത്തിക്കപ്പെട്ടു. സംഭവഗതി റഫി കൗതുകത്തോടെ നോക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തിന്റെ ആവശ്യത്തിന് വഴങ്ങി ഭായി പാടി.
”സുഹാനി രാത്…”
റഫിയുടെ പ്രശസ്ത ഗാനം. ആ അതുല്യഗായകന്റെ കണ്ണുകള്‍ തിളങ്ങി. പാടിത്തീര്‍ന്ന്, കൈയടികളുടെ ആരവത്തില്‍ പൊടുന്നനെ വേദിയിലേക്ക് കയറിച്ചെന്ന്, റഫി മെഹബൂബിനെ കെട്ടിപ്പിടിച്ചു.
”നിങ്ങള്‍ ബോംബെയിലേക്ക് വരണം. അവിടെയായാല്‍ ലോകം നിങ്ങളെ അറിയും.”
എന്നാല്‍ മെഹബൂബ് ബോംബെയിലേക്ക് പോയില്ല. കൊച്ചിക്കാരുടെ സൗഹൃദ ലഹരികളില്‍ പൂത്തുനടന്നു. ചങ്ങാത്ത വഴികളില്‍ നിഴലായി നിന്നു.
എങ്കിലും ഇഷ്ടങ്ങളില്‍ മാത്രം ജീവിച്ച് ചിട്ടയില്ലാതെ നടന്ന മെഹബൂബ് നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി 1957 മുതല്‍ 1975 വരെ നാല്പതു സിനിമകളിലായി എഴുപതോളം ഗാനങ്ങള്‍ പാടി. പാടിയ പാട്ടുകളെല്ലാം ഹിറ്റുകളായി.
ഇന്നും ഹിറ്റുകളായി നില്ക്കുന്നു. ‘മാനെന്നും വിളിക്കില്ല…..(നീലക്കുയില്‍), പണ്ട് പണ്ട് നിന്നെ കണ്ടനാളയ്യാ……(രാരിച്ചന്‍ എന്ന പൗരന്) കൊല്ലത്തുനിന്നൊരു പെണ്ണ്…..(മിന്നാമിനുങ്ങ്) കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം….. ഹാലു പിടിച്ചൊരു പുലിയച്ചന്…..(നായരു പിടിച്ച പുലിവാല്) നയാപൈസയില്ല കൈയിലൊരു നയാപൈസയില്ല…, നീയല്ലാതാരുണ്ടെന്നുടെ… (നീലീസാലി), കണ്ടം വച്ചൊരു കോട്ടാണ്….(കണ്ടംവച്ച കോട്ട്) വണ്ടീ പുകവണ്ടീ…..(ഡോക്ടര്‍) തുടങ്ങിയ എത്രയെത്ര ഗാനങ്ങള്‍…
മെഹബൂബിനെ സിനിമയില്‍ ആദ്യം പാടിച്ചത് ദക്ഷിണാമൂര്‍ത്തി സ്വാമിയായിരുന്നു. സ്വാമിയെ പരിചയപ്പെടുത്തിയത് മുത്തയ്യയും. ‘ജീവിതനൗക’യിലെ ഗാനം മെഹബൂബിന്റേതായി.
അകലെ…. ആരു കൈവിടും.
നീ താനെ നിന്‍സഹായം.
അക്കാലത്തെ പതിവനുസരിച്ച് ഹിന്ദിയില്‍നിന്നും കടപ്പെട്ട ട്യൂണ്‍. പക്ഷേ, ആ ശബ്ദം… ആലാപന ശൈലി… അത് മൗലികമായിരുന്നു.
അതു ശ്രദ്ധിച്ച പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സ്വാമിയോട് പറഞ്ഞു. ”അയാള്‍ നന്നായി പാടുന്നു.” സ്വാമിക്കും മെഹബൂബിനോട് പ്രത്യേക ഒരിഷ്ടം തോന്നി. ജീവിതനൗകയിലെ മറ്റു ഗാനങ്ങള്‍ കൂടി കൊച്ചിക്കാരനെക്കൊണ്ട് പാടിച്ചാലെന്ത്? സ്വാമി ആലോചിക്കാന്‍ തുടങ്ങി.
സ്വാമി ഭായിയോട് പറഞ്ഞു. ”കുറച്ചു ദിവസങ്ങള്‍കൂടി മദിരാശിയില്‍ തങ്ങുക. വേറെ പാട്ടുകളും പാടാന്‍ അവസരങ്ങള്‍ കിട്ടിയേക്കാം.”
ഭായിക്കുണ്ടോ നില്ക്കപ്പൊറുതി. ശരീരം മദിരാശിയിലാണെങ്കിലും മനസ്സ് കൊച്ചിയിലാണ്. കൊച്ചിയിലെത്തിയിട്ട് വിശേഷിച്ച് കാര്യങ്ങളൊന്നുമില്ല. എങ്കിലും ഭായി പറഞ്ഞു, ”എനിക്ക് കൊച്ചിയിലെത്തിയിട്ട് ചില അത്യാവശ്യകാര്യങ്ങളുണ്ട്. റിക്കാര്‍ഡിങ് ആയാല്‍ ഒന്നറിയിച്ചാല്‍ മതി.”
”ഏതു വിലാസത്തില്‍.”
ഭായിക്കുണ്ടോ വിലാസം, റേഷന്‍ കാര്‍ഡ്. നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് ഭായി പറഞ്ഞു. ”എച്ച്. മെഹബൂബ്. കൊച്ചി, കേരളം.” താമസിയാതെ കത്തു വന്നു. ഉടന്‍ മദിരാശിക്കു ചെല്ലുക.
അങ്ങനെ ‘ജീവിതനൗക’യിലെ മറ്റ് ഗാനങ്ങള്‍ കൂടി മെഹബൂബ് പാടി. ആ ഒറ്റച്ചിത്രം മെഹബൂബിനെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കുയര്ത്തി.
നാട്ടുനടപ്പനുസരിച്ച് മെഹബൂബ് മദിരാശിയിലേക്ക് ജീവിതം പറിച്ചുനടേണ്ടതായിരുന്നു. എന്നാല്‍ പറിച്ചു മാറ്റാനാകാത്തവിധം അയാളുടെ വേരുകള്‍ കൊച്ചിയില്‍ ആഴ്ന്നിറങ്ങിപ്പോയിരുന്നു. പതിവുപോലെ മൈലാഞ്ചി രാവുകളില്‍ മതിമറന്നു പാടി. ചങ്ങാതികള്‍ നീട്ടുന്ന പാനപാത്രത്തിലലിഞ്ഞു. ക്ലബ്ബ് ഗാനമേളകളോട് ഭായിക്ക് പുച്ഛമൊന്നും തോന്നിയില്ല. അയാള്‍ അയാളായി തുടര്‍ന്നു.
സകലം വിധിക്കൊല്ല പാരില്‍
സാഹസമരുതേ…
എന്ന ഗാനം വന്നു.
1954-ല്‍ നീലി സാലിയിലെ ഗാനം
നീയല്ലാതാരുണ്ടെന്നുടെ
പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍…
ഭായിയുടെ പാട്ട് മലയാളിയുടെ ചുണ്ടില്‍ ശീലമായി. ഭായിയുടെ വിലയും ഉയര്‍ന്നു. ഭായി മാത്രം അതറിഞ്ഞില്ല. അയാള്‍ അയാളുടെ വെറും നിലത്ത് ജീവിക്കാന്‍ ഇഷ്ടപ്പെട്ടു. അക്കാലത്ത് ദക്ഷിണാമൂര്‍ത്തി സ്വാമി സ്വന്തം ചെലവില്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. മെഹബൂബിനെ സിനിമാ ലോകത്ത് പരിചയപ്പെടുത്തി കൊടുക്കണം എന്നതായിരുന്നു ആ പാര്‍ട്ടിയുടെ ഉദ്ദേശ്യം. അത് സ്വാമിയുടെ വലിയ മനസ്സായിരുന്നു. പ്രതിഭാശാലിയായ ഈ കൊച്ചിക്കാരന് മലയാള ചലച്ചിത്ര സംഗീതത്തിന് മഹാസംഭാവനകള്‍ നല്കാന് കഴിവുള്ളവനാണ്. അവനെ മറ്റുള്ളവരും അറിയണം.
സ്വാമി ക്ഷണിച്ചു. മെഹബൂബ് പാര്‍ട്ടിക്ക് ചെന്നു. അവിടെ വന്നുചേര്‍ന്നത് സിനിമാ രംഗത്തെ വമ്പന്മാരായിരുന്നു. സ്വാമി പറഞ്ഞു. ‘മെഹബൂബ് പാടണം’ നാട്ടില്‍ സുഹൃത്തുക്കള്‍ക്കുവേണ്ടി പാടി നടന്ന മെഹബൂബ് ആ സന്ദര്‍ഭത്തില്‍ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. ”പാര്‍ട്ടിക്കുവേണ്ടി പാടാന്‍ എന്നെ കിട്ടില്ല.”
പാടാനും നടിക്കാനും അവസരം തേടി പരശ്ശതം ആളുകളുള്ള നമ്മുടെ നാട്ടില്‍, ഒരലച്ചിലും കൂടാതെ മെഹബൂബ് സിനിമയിലേക്ക് വന്നു. ദക്ഷിണാമൂര്‍ത്തി ഭായിയെ ഏതൊക്കെ ഉയരങ്ങളില്‍ സങ്കല്പ്പിച്ചോ അതെല്ലാം തട്ടിത്തെറിപ്പിച്ച് അയാള്‍ താഴ്നിലങ്ങളിലേക്ക് മടങ്ങി.
അതായിരുന്നു മെഹബൂബ്… കൊച്ചിക്കാരുടെ ഭായി.
പടിഞ്ഞാറന്‍ കൊച്ചിയുടെ ഇടുങ്ങിയ വഴികളിലൂടെ ഇടറിക്കടന്നുപോയ വലിയ ജീവിതങ്ങളെക്കുറിച്ച് വാചാലനാകാന്‍ ഇനി ഇക്ബാലില്ല. അകാലത്തില്‍ പൊലിഞ്ഞുപോയ ബാങ്ക് ഉദ്യോഗസ്ഥനും കൗണ്‍സിലറുമായിരുന്നു ഇക്ബാല്‍. പലപ്പോഴായി അദ്ദേഹം പറഞ്ഞ മെഹബൂബ് കഥകളില്‍ ഏറ്റവും തിളക്കമുള്ളത്, തന്റെ വീട്ടിലേക്ക് പൊട്ടിവീണതുപോലെ പ്രത്യക്ഷനാകുന്ന ഭായിയെക്കുറിച്ചാണ്.
ഇക്ബാലിന്റെ ബാപ്പ ഹുസൈന്ബാവയെ കാണാനായിരുന്നു വരവ്. ചന്ദനത്തിരിക്കച്ചവടമായിരുന്ന ബാവയെ ആളുകള്‍ ചന്ദനത്തിരിബാവ എന്നു വിളിച്ചുപോന്നു. ഉറുദു പണ്ഡിതനായിരുന്ന ബാവയില്‍ നിന്ന് മെഹബൂബ് ഉറുദു സംഗീതത്തെക്കുറിച്ചും ഖവാലികളെക്കുറിച്ചും ഏറെ പഠിച്ചിരിക്കണം. ചന്ദനത്തിരി ബാവയുടെ ഭാര്യാ പിതാവായിരുന്ന ഗുല്‍ മുഹമ്മദ് അക്കാലത്തെ താര ഗായകനായിരുന്നു. മലാളത്തിലെ ആദ്യത്തെ ഗ്രാമഫോണ്‍ പാട്ടിന്റെ ക്രെഡിറ്റും ഗുല്‍മുഹമ്മദിന്റെ പേരില്‍ കിടക്കുന്നു.
ഇക്ബാല്‍ പങ്കുവച്ച ഓര്‍മ്മയില്‍ യേശുദാസിനെ ആദ്യമായി ഹിന്ദിഗാനം പഠിപ്പിക്കുന്ന ഭായിയുടെ ചിത്രവും കൂടിയുണ്ട്.
”മേരാ സബ്സാ സുന്ദര്‍
ഗീത് ഗയാ….” അതാണ് പാട്ടെന്നാണ് ഓര്‍മ്മ. ഇക്ബാല്‍ പറഞ്ഞു. ”ഭായിയെ എന്നും യേശുദാസ് ആശാനേ എന്നേ വിളിച്ചിട്ടുള്ളൂ.”
ജീവിത നൗക, നീലിസാലി, ഭാഗ്യജാതകം, മൂടുപടം, നായരുപിടിച്ച പുലിവാല്, കണ്ടംവച്ച കോട്ട്, ഡോക്ടര്‍, കണ്ണുംകരളും, പൊന്കതിര്, ഓടയില്‍നിന്ന്, ഐഷ, ലില്ലി, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മെഹബൂബ് പാടിക്കഴിഞ്ഞ കാലം.
ആലപ്പുഴയിലേയും മലബാറിലേയും സംഗീതവേദികളില്‍ ഭായിക്ക് മറ്റാര്‍ക്കുമില്ലാത്ത സ്വീകാര്യത ലഭിച്ചുകഴിഞ്ഞിരുന്നു. അവസരങ്ങള്‍ അണമുറിയാതെ വന്നുകൊണ്ടിരുന്നു. എന്നാല്‍ മെഹബൂബിന്റെ പ്രതികരണങ്ങള്‍ പ്രവചനാതീതമായിരുന്നു. ചിലപ്പോള്‍ നിര്‍മാതാക്കളില്‍നിന്ന് മുങ്ങി നടന്നു. മറ്റു ചിലപ്പോള്‍ അവരെ നിഷേധിച്ചു.
നിസ്വനായിരിക്കുമ്പോഴും പണത്തോട് സ്നേഹം കാട്ടിയില്ല മെഹബൂബ്. ഗാനമേളകള്‍ കഴിഞ്ഞ് സംഘാടകര്‍ പണം കൊടുക്കുമ്പോള്‍ കെട്ടഴിച്ച് അത് പോക്കറ്റില്‍ തള്ളും. പിന്നെ സംഘാംഗങ്ങള്ക്കോരോരുത്തര്ക്കും പോക്കറ്റില്‍ നിന്ന് വാരിയെടുത്ത് കൊടുക്കും. കൊടുത്തത് എണ്ണിനോക്കിയാല്‍ ഭായി ചോദിക്കും.
”നിനക്ക് കിട്ടിയതു പോരല്ലേ?”
വീണ്ടും പോക്കറ്റില്‍ കൈയിട്ട് ഒരുപിടി നോട്ടുകള്‍. പലപ്പോഴും ശൂന്യമായ പോക്കറ്റുമായി ഭായി തന്റെ താവളത്തിലേക്ക് മടങ്ങും.
ഒരിക്കല്‍ ഭായി ഒരു കുപ്പി മദ്യത്തിനുവേണ്ടി ബോംബെയിലെ ഒരു പെട്ടിക്കടക്കാരന് പാട്ടുപാടി കൊടുത്തത് ഒട്ടൊരു വ്യസനത്തോടെ സന്തതസഹചാരിയായ കിഷോര്‍ അബു നോക്കിനിന്നു. വേറൊരിക്കല്‍ കൊരട്ടിയിലെ കുഷ്ഠരോഗാശുപത്രിയില്‍ രോഗികള്‍ക്കായി ഗാനമേള നടത്തുന്നതും.
കാലങ്ങള്‍ കഴിയുന്നു. പി. ഭാസ്കരന് മാഷിന്റെ സംഗീത ജീവിതവുമായി ബന്ധപ്പെട്ട ചടങ്ങ് എറണാകുളത്തു നടന്നപ്പോള്‍ പാടാന്‍ കയറിയ മെഹബൂബ് വരിയും ഈണവും മറന്ന് ഒരു വിഡ്ഢിയെപ്പോലെ നിന്നു. ഇതേ അനുഭവം എറണാകുളം ടിഡിഎം ഹാളിലും ആവര്‍ത്തിച്ചു. ഭാസ്കരന് മാഷൊക്കെയുള്ള സദസ്സ്. മെഹബൂബ് പാട്ടിന്റെ ആദ്യവരി പാടി.
”കാത്തു സൂക്ഷിച്ചൊരു കസ്തൂരി
മാമ്പഴം.”
പിന്നെ, പൊടുന്നനെ ഇരുണ്ടുപോയ ഒരു ലോകത്തില്‍ കണ്ണുതിരിയാതെ നില്ക്കുന്നവനെപ്പോലെ വിരണ്ടുനില്‍ക്കുന്ന ഭായിയെയാണ് സദസ്സ് കണ്ടത്. പാട്ട് അദ്ദേഹത്തെ വിട്ടുപോകുകയായിരുന്നു. ആ കണ്ണുകള്‍ നിറയുന്നത് ആരും കണ്ടില്ല.
മെഹബൂബ് പതനത്തിലേക്കുള്ള പാതയിലായിരുന്നു. ആസ്തമകൊണ്ടു വലത്തെ മെഹബൂബിനെ ആരൊക്കെയോ കൂടിച്ചേര്‍ന്ന് കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനറല്‍ വാര്‍ഡില്‍ ഭിക്ഷക്കാരനെപ്പോലെ കിടന്ന ഭായിയോട് ഡോക്ടര്‍ പറഞ്ഞു. ”അധികം സംസാരിക്കരുത്.”
രാത്രിയായപ്പോഴേക്കും അടുത്ത കട്ടിലിലുള്ളവര്‍ ഭായിയെ തിരിച്ചറിഞ്ഞു. ക്ഷണനേരംകൊണ്ട് പുതിയ സൗഹൃദങ്ങള്‍ വിരിഞ്ഞു. ഒരു പാട്ടുപാടൂ ഭായി. ഭായി പാടുന്നു. പിന്നേയും പിന്നേയും പാടുന്നു. ശ്വാസം കഴിക്കാന്‍ ബദ്ധപ്പെടുകയാണ്.
പിറ്റേന്ന് രാവിലെ ഭായി രക്തം ഛര്‍ദ്ദിച്ച് തറയില്‍ കിടക്കുന്നതാണ് കാണുന്നത്. പാട്ടുകാരനല്ലാത്ത ഭായി കൊച്ചിയിലെങ്ങനെ ജീവിക്കും? ആശുപത്രി മാത്രമല്ല, കൊച്ചി തന്നെ വിട്ടു ഭായി.
1981 ഏപ്രില്‍ 22. മെഹബൂബ് അന്തരിച്ചു. കാക്കനാട് പടമുകളില്‍ ഭായിയുടെ സഹാദരിയുടെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. ജീവിതം ധൂര്‍ത്തടിച്ച ആ പ്രതിഭയ്ക്കു മുന്നില്‍ ജനം വിതുമ്പി നിന്നു. കാക്കനാട്ടെ പള്ളിയില്‍ ഖബറടക്കാനിരുന്ന മയ്യത്ത്, ഹനീഫാ ഹാജിയും അബ്ദുള്‍ഖാദര്‍ വക്കീലുമെല്ലാം വാശി പിടിച്ച് കൊച്ചിയിലേക്ക് കൊണ്ടുപോയി.
എക്കാലത്തേയും ജനകീയനായ ആ ഗായകന്റെ ഖബറിടം കൊച്ചിയിലെ ചെമ്പിട്ട പള്ളിയിലായി. ആ പള്ളിയിലെ മീസാന്‍ കല്ലില്‍ കുറിച്ചു. എച്ച്. മെഹബൂബ്. (1926-1981).
പ്രതികരിക്കാൻ ഇവിടെ എഴുതുക: