”കുട്ടിക്കാലത്തെ വിഷുവാണ് മനസ്സില്‍ എപ്പോഴും തങ്ങി നില്‍ക്കുന്നത്. കണിയൊരുക്കാനുള്ള സാധനങ്ങള്‍ തേടിപ്പോകുന്നത് തന്നെ പ്രധാന കാര്യം. കുമാരപുരത്തു നിന്ന് നടന്ന് നാലഞ്ച് കിലോമീറ്ററുകള്‍ക്കപ്പുറം പുലയനാര്‍കോട്ട വരെ പോകും. അന്ന് പുലയനാര്‍കോട്ടയിലാണ് കശുമാവുകള്‍ ഏറെയുള്ളത്. കൂട്ടുകാര്‍ ഓരോ സ്ഥലത്തുപോയി സാധനങ്ങള്‍ ശേഖരിക്കും. പിന്നീടത് വീതിച്ചെടുക്കുകയാണ് പതിവ്. കണികണ്ടുകഴിഞ്ഞാല്‍ എല്ലാം തീരും. അന്നാരും കൈനീട്ടം ഒന്നും തരാനുണ്ടായിരുന്നില്ല. കുട്ടിക്കാലം കടന്ന് പിന്നീട് തയ്യല്‍ക്കാരനായപ്പോള്‍ വിഷു ആഘോഷിക്കാതെയായി.
വിഷു വരുന്നതുപോലും അറിയാറില്ല. തയ്യല്‍ സിനിമയ്ക്കുവേണ്ടിയായപ്പോള്‍ ഒന്നിനും സമയമില്ലാതായി. സിനിമാ സെറ്റില്‍ വിഷു ആഘോഷിക്കുമ്പോഴാണ് വിഷുവാണെന്നു തന്നെ അറിയുന്നത്. നടനായിക്കഴിഞ്ഞപ്പോള്‍ ഇടയ്ക്കൊക്കെ വിഷു ആഘോഷിക്കും. പക്ഷേ, കൂടുതലും ഷൂട്ടിംഗ് സ്ഥലത്തായിരിക്കും. എന്റെ ജീവിതത്തിലെ വലിയ നഷ്ടം, കുട്ടികള്‍ക്കൊപ്പം ഒരാഘോഷത്തിലും പങ്കുചേരാനായില്ലെന്നതാണ്. ഇപ്പോള്‍ ആ കുറവ് കൊച്ചുമകനൊപ്പമാണ് തീര്‍ക്കുന്നത്….ഈ വിഷു സംസ്ഥാന പുരസ്കാരം ലഭിച്ച ശേഷമുള്ളതല്ലേ, അതാഘോഷിക്കണമെന്നുണ്ടായിരുന്നു. കഴിയുന്നില്ല…”
ഓണത്തിനും ദീപാവലിക്കുമായിരുന്നു സുരേന്ദ്രന്റെ വീട്ടില്‍ പലഹാരമുണ്ടാക്കിയിരുന്നത്. വിഷുവിന് അങ്ങനെയൊരു പതിവ് ഉണ്ടായിരുന്നതേയില്ല. കുമാരപുരം പാലവിളയില്‍ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകന് സുരേന്ദ്രന്, ഇന്ദ്രന്‍സെന്ന വലിയ നടനിലേക്കെത്തിയതിനുപിന്നില്‍ ഉള്ളുരുക്കുന്ന നിറംകെട്ട നിരവധി കഥകളുണ്ട്. കഴിഞ്ഞ 37 വര്‍ഷംകൊണ്ട് താന്‍ തുന്നിച്ചേര്‍ത്ത സ്വപ്നങ്ങളാണിതെന്ന് അദ്ദേഹം പറയുന്നു.
”തയ്യലാണ് എനിക്കെല്ലാം. തയ്യല്‍ പഠിച്ചില്ലായിരുന്നെങ്കില്‍ താന്‍ സിനിമാ നടനാകുമായിരുന്നില്ല….ജീവിതത്തിന്റെ ഓരോ പടവുകളും വളരെ സൂക്ഷിച്ച് ചവിട്ടിക്കയറിയാണ് ഇവിടെവരെയെത്തിയത്. വലിയ നടനാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടേയില്ല. വലിയ സിനിമാക്കാരനാകണമെന്ന് ആഗ്രഹിച്ചുമില്ല. തയ്യലായിരുന്നു എനിക്കെല്ലാം. വലിയ തയ്യല്‍ക്കാരനാകണമെന്ന് ആഗ്രഹിച്ചു. തയ്യല്‍ മെഷീന് കറങ്ങുമ്പോഴുള്ള ശബ്ദം വളരെ ഇഷ്ടപ്പെട്ടു. ഞാനതിന്റെ സംഗീതമറിഞ്ഞു….തയ്യല്‍ മെഷീനിന്റെ ശബ്ദം കേള്‍ക്കാന്‍ അപ്പുമാമന്റെ തയ്യല്‍കടയുടെ മുന്നില്‍ മണിക്കൂറുകളോളം കുത്തിയിരുന്നിട്ടുണ്ട്. അമ്മാമനാണ് എന്നെ തയ്യല്‍ പഠിപ്പിച്ചുതുടങ്ങിയത്…”
ഇന്ദ്രന്‍സ് മലയാളികളെ ചിരിപ്പിക്കുമ്പോള്‍ അതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന കണ്ണീരുമുണ്ട്. ഒട്ടിയവയറുമായി സ്കൂളില്‍ പോയകാലം. പഠിക്കാന്‍ മിടുക്കനായിരുന്നിട്ടു കൂടി വിശപ്പ് മുഖ്യപ്രശ്നമായപ്പോള്‍ നാലാംക്ലസ്സില്‍ പഠനം നിര്‍ത്തേണ്ടിവന്നതിന്റെ ദുഃഖം ഇന്നും ഏറെയാണ്.
”ഓലമേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു ഏഴെട്ടുപേര് ഉള്‍പ്പെട്ട ഞങ്ങളുടെ കുടുംബം കഴിഞ്ഞിരുന്നത്. ചിലര്‍ വരാന്തയില്‍ കിടക്കും. ചിലര്‍ അടുക്കളയിലും. അപ്പോഴൊന്നും അതൊരു കുറവായി തോന്നിയിരുന്നില്ല. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്. പിന്നെ ആ രാത്രി ഉറങ്ങാന്‍ പറ്റില്ല. ഇപ്പോള്‍ മഴ പെയ്താല്‍ ചോരാത്ത വീട്ടില്‍ കിടന്നുറങ്ങുമ്പോഴും അതൊക്കെ ഓര്‍മ്മയിലേക്കുവരും…”
സിനിമയില്‍ നിന്ന് ലഭിച്ച സമ്പാദ്യം കൊണ്ടാണ് കുമാരപുരത്ത് വീടുവച്ചത്. സിനിമാതാരത്തിന്റെ വീട്ടിലാണെത്തിയതെന്ന തോന്നല്‍ ഒട്ടുമുണ്ടാക്കുന്നില്ല ആ വീട്ടിനുള്ളില്‍. എല്ലാം സാധാരണ പോലെ. വീട്ടിലെത്തുന്നവര്‍ക്കെല്ലാം ചായയും മധുരവും നല്കി ഭാര്യ ശാന്ത. ഒട്ടും മറയില്ലാത്ത സംസാരവുമായി ഇന്ദ്രന്‍സ്. ചൂതാട്ടം എന്ന ആദ്യ സിനിമ മുതല്‍, ചിത്രീകരണം തുടങ്ങാന്‍ പോകുന്ന ആര്.എസ്. വിമലിന്റെ ബിഗ്ബജറ്റ് ചിത്രം ‘കര്ണ്ണന്’ വരെ വീണ്ടും ഉയരങ്ങള്‍ കീഴടക്കാനുള്ള യാത്രയിലാണ് അദ്ദേഹം. കര്‍ണ്ണനില്‍ ശകുനിയുടെ വേഷമാണ് ഇന്ദ്രന്‍സിനായി കരുതി വച്ചിരിക്കുന്നത്.
അതൊക്കെ പറയുമ്പോള്‍ നിഷ്കളങ്കമായി അദ്ദേഹം ചിരിക്കുമെങ്കിലും ഒന്നും ഒട്ടും ഭ്രമിപ്പിക്കുന്നില്ല. ദിലീപിന്റെ കമ്മാരസംഭവം വിഷുവിന് തീയറ്ററുകളില്‍ ആരവങ്ങള്‍ നിറയ്ക്കുമ്പോള്‍ വീതി കൃതാവുമായി കര്‍ക്കശക്കാരനായ സഖാവ് സുരേന്ദ്രന്റെ വേഷത്തില്‍ ഇന്ദ്രന്‍സുമുണ്ട്. ഏറെ പ്രാധാന്യമുള്ള വേഷം. ഈ വിഷുവിന്റെ മറ്റൊരു സന്തോഷം കമ്മാര സംഭവത്തിലെ കഥാപാത്രമാണെന്ന് അദ്ദേഹം പറയുന്നു.
വെള്ളിത്തിരയില്‍ ഗോഷ്ടികള്‍ കാട്ടുന്ന കോമഡി നടനായി മാത്രം ഇന്ദ്രന്‍സിനെ കണ്ടിരുന്നവരാണ് മലയാളികള്‍. ആ ഗോഷ്ടികള്‍ക്ക് പിന്നില്‍ വലിയൊരു നടനുണ്ടായിരുന്നു. എന്നെങ്കിലും അത് തിരിച്ചറിയപ്പെടുമെന്ന വിശ്വാസം ഇന്ദ്രന്‍സിനുമുണ്ടായിരുന്നു. വിഖ്യാത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകളില്‍, മലയാളികള്‍ക്ക് കിട്ടിയ സൗഭാഗ്യമാണ് ഇന്ദ്രന്‍സ്. ആളൊരുക്കത്തില്‍ മാത്രമല്ല അത് തെളിയിക്കപ്പെട്ടത്. അതിനുമെത്രയോ മുന്നേ…..
ശയനം, ദൃഷ്ടാന്തം, കഥാവശേഷന്, രാമാനം, അപ്പോത്തിക്കിരി, പിന്നെയും എന്നീ ചിത്രങ്ങളിലൂടെ ഇന്ദ്രന്‍സ് എന്ന നടനെ സിനിമാലോകം തിരിച്ചറിഞ്ഞു. അപ്പോത്തിക്കിരിയിലെ അഭിനയത്തിന് 2014ല്‍ പ്രത്യേകജൂറി പരാമര്‍ശം. അപ്പോത്തിക്കിരിയിലെ ജോസഫിന് പുരസ്കാരം ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. 2018 ല്‍ എത്തുമ്പോള്‍ ആളൊരുക്കത്തിലൂടെ മികച്ച നടന് എന്ന ബഹുമതി.
”സംസ്ഥാനത്തെ മികച്ച നടനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടേയില്ല. എന്റെ രൂപം വച്ച് അങ്ങനെയൊക്കെ ആഗ്രഹിക്കാനാകുമോ. നാടകം അഭിനയിച്ച് നടക്കുമ്പോള്‍ പോലീസ് വേഷം ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ, ഈ തടിവച്ച് പറ്റില്ലല്ലോ. അങ്ങനെ ജിമ്മില്‍ പോയി. ഈ തടി ജിമ്മിലും എടുത്തില്ല. പക്ഷേ, രൂപത്തിലല്ല കാര്യം എന്ന് മനസ്സിലായി. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് ഗൗരവമാര്‍ന്ന കഥാപാത്രങ്ങള്‍ ലഭിച്ചുതുടങ്ങിയത് അപ്രതീക്ഷിതമായിട്ടാണ്. ടി.വി. ചന്ദ്രന്, എം.പി. സുകുമാരന്‍ നായര്‍, അടൂര്‍ എന്നിവരുടെ ചിത്രങ്ങളിലൂടെയായിരുന്നു ആ മാറ്റം. ഞാനിപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയുമൊരുപാട് ചെയ്യാനുണ്ട്. ചെയ്യണം. അതിന് ദൈവത്തിന്റെ അനുഗ്രഹം വേണം….
ഇന്ദ്രന്‍സ് ബോധപൂര്‍വ്വം നല്ല കഥാപാത്രങ്ങളെ മാത്രം സ്വീകരിച്ചതല്ല. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളുമായി പുതുതലമുറ വന്നപ്പോള്‍ ഇന്ദ്രന്‍സിന് അവര്‍ പുതിയ കഥാപാത്രങ്ങളെ നല്കി. എന്നാല്‍ ഹാസ്യ കഥാപാത്രങ്ങളെ തള്ളിക്കളയാന്‍ അദ്ദേഹം തയ്യാറല്ല. ഇനിയും അത്തരം കഥാപാത്രങ്ങള്‍ അഭിനയിക്കും.
”നാടകക്കാരനായി ഉത്സവപ്പറമ്പുകളില്‍ അലയുമ്പോള്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്നില്‍ നിന്നത് അച്ഛനാണ്. തയ്യല്‍ പഠിപ്പിച്ച അമ്മാവന്. പേട്ട കാര്‍ത്തികേയയില്‍ നിന്നും പട്ടം സലീം ടാക്കീസില്‍ നിന്നും കണ്ട സിനിമകള്‍. പലപ്പോഴും നിലത്തിരുന്നായിരുന്നു ആ കാഴ്ചകള്‍. നടി അംബികയ്ക്ക് വേണ്ടി ആദ്യമായി ബ്ലൗസ് തുന്നിയത്. സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയ മോഹന്‍ദാസ് ചേട്ടന്, കെ.സുകുമാരന്‍ നായരുടെ ചൂതാട്ടം എന്ന ആദ്യത്തെ സിനിമാ സെറ്റ്. സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ബാലപാഠം പഠിപ്പിച്ച വേലായുധേട്ടന്. എന്നെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ ലോഹിയേട്ടന്, രാജസേനന്, റാഫി മെക്കാര്‍ട്ടിന്‍, സിബി സാര്‍, ബാലു കിരിയത്ത്, എന്റെ സുഖ ദുഃഖങ്ങളില്‍ പങ്കാളിയായ ഭാര്യ, കുടുംബം…. ഈ നേട്ടത്തിനുപിന്നില്‍ അവര്‍ക്കെല്ലാം പങ്കുണ്ട്. ഈ വിഷുവിന് എല്ലാവരിലും സന്തോഷം നിറയട്ടെ….വിഷു നമുക്കെല്ലാം ആഘോഷമാക്കാം….”
പ്രതികരിക്കാൻ ഇവിടെ എഴുതുക: