മുണ്ടക്കയം: ടൗണില്‍ അനധികൃത പാര്‍ക്കിങ് നടത്തുന്നവരെ പിടിക്കാനിറങ്ങുന്ന പൊലീസ് തന്നെ അനധികൃത പാര്‍ക്കിങ് നടത്തി. മുണ്ടക്കയം ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍ പോലീസ് വാഹനത്തിന് നോപാര്‍ക്കിങ് ഏരിയായിലെ ബോര്‍ഡിനടിയില്‍ സുഖകരമായ പാര്‍ക്കിങ്. സെന്‍ട്രല്‍ ജംങ്ഷനില്‍ ഇന്നലെ നാലുമണി മുതലാണ് മുണ്ടക്കയം സ്റ്റേഷനിലെ വാഹനം അനധികൃതമായി പാര്‍ക്ക് ചെയ്തത്. വിഷുവിനോട് അനുബന്ധിച്ച് ടൗണില്‍ തിരക്കേറിയ സമയത്താണ് പോലീസ് വാഹനത്തിന്റെ അനധികൃത പാര്‍ക്കിങ്. വാഹനത്തിലെത്തിയ അഡീഷണല്‍ എസ്ഐയാണ് നോപാര്‍ക്കിങ് ബോര്‍ഡിനോട് ചേര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ വ്യാപാര സമുച്ചയത്തിലേക്ക് കയറിയത്.
അരമണിക്കൂറുകള്‍ക്ക് ശേഷമാണ് വാഹനം ഇവിടെ നിന്നും മാറ്റിയത്. തിരക്കേറിയ കൂട്ടിക്കല്‍ റോഡ് ജങ്ഷന് കൂടിയായ ഇവിടെ കൂട്ടിക്കല്‍ ഭാഗത്തു നിന്നും വന്ന ടോറസ് ലോറി കടന്നുപോകാന്‍ ബുദ്ധിമുട്ടുണ്ടാക്കി. നോ പാര്‍ക്കിങ് ഏരിയായില്‍ സ്വകാര്യ വാഹനം പാര്‍ക്ക് ചെയ്യുന്നതിന്റെ പേരില്‍ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനിടയില്‍ പോലീസ് വാഹനം പാര്‍ക്ക് ചെയ്തതില്‍ നാട്ടുകാരില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്താണ് തിരക്കിനിടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. മുണ്ടക്കയത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. കുരുക്കിന് പ്രധാന കാരണം അനധികൃത പാര്‍ക്കിങാണ്.
സര്‍വ്വകക്ഷിയോഗം കൂടി തീരുമാനമെടുത്ത് നിയമം കര്‍ശനമാക്കിയ ഒരു മാസം ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം ആയിരുന്നു. എന്നാല്‍ വീണ്ടും അനധികൃത പാര്‍ക്കിങ് വ്യാപകമാണ്.
അനധികൃത പാര്‍ക്കിങ് ഒഴിവാക്കിയാല്‍ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണുവാനാകുമെന്ന് അധികൃതര്‍ പറയുമ്പോഴാണ് അതേഅധികൃതര് തന്നെയാണ് അനധികൃത പാര്‍ക്കിങ് നടത്തുന്നതും. ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും രൂപപ്പെടുന്ന കുരുക്ക് പലപ്പോഴും ദേശീയപാതയില്‍ ഇരുവശത്തേയ്ക്കും നീളുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: