പത്തിരുപത്തിയഞ്ചു കൊല്ലമൊക്കെമുമ്പ് വള്ളുവനാട്ടിലെ കഥകളിയരങ്ങുകളില്‍ പലയിടത്തും കൗതുകം പടര്‍ത്തിയിരുന്നു ആ പ്രദേശത്തുകാരന് സുരേഷ് .കെ.നായര്‍. കാണികളിലും കലാകാരന്മാരിലും. മേടക്കുമുന്നില്‍ കുറച്ചൊന്നു വശംചേര്‍ന്ന് ചിത്രംവരയ്ക്കുന്ന നീളന്‍ യുവാവ്. നളനും ദമയന്തിയും കീചകനും വലലനും ബാലിയും ശ്രീരാമനും ഒക്കെ അരങ്ങത്താടുമ്പോള്‍ വേഷപ്പൊലിമയും ചലനവിസ്മയവും വെള്ളക്കടലാസിലേക്ക് പോറിയിടുന്ന നിശ്ശബ്ദകാണി.
അടുത്ത സുഹൃത്തുക്കളായി കുറച്ചൊക്കെ പേരുണ്ടായിരുന്നു അടക്കാപുത്തൂരുകാരന്‍ പയ്യന്. അവരില്‍ ഞാനുമുണ്ടായിരുന്നു ആ 1990കളുടെ തുടക്കകാലത്ത്. ചെര്‍പ്പുളശ്ശേരി പ്രദേശത്ത് കളിക്ക് പോയപ്പോഴൊരിക്കല്‍ അകലെയല്ലാത്ത ഇദ്ദേഹത്തിന്റെ വീട്ടില്‍ പോയതായോ ഓടിട്ടപുര കണ്ടതായോ നേരിയ ഓര്‍മയുണ്ട്.
അഭിപ്രായങ്ങള്‍ പലതായിരുന്നു സുരേശകലയെ കുറിച്ച് ജനത്തിന്. ‘അസ്സല് വര, നല്ല രസം’ എന്ന പുകഴ്ത്തു തുടങ്ങി ‘ഇയാളീ പേനേം പിടിച്ച് വേറൊരു വേഷം നേരെ മുമ്പില്‍’ എന്നിങ്ങനെ പ്രാക്കുവരെ നീളുന്ന പ്രതികരണം. ഏതായാലും അങ്ങനെയിരിക്കെ സുരേഷിനെ കുറേശ്ശെയായി കാണാതായി കഥകളിവട്ടങ്ങളില്‍. ഉണ്ണായിക്കഥയിലെ തിരസ്കരണിമന്ത്രം വശമാക്കിയതെന്നപോലെ വിദ്വാന് വൈകാതെ മുഴുവനായി അപ്രത്യക്ഷനായി. വംഗദേശത്ത് ശാന്തിനികേതനത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നുപോലും.എനിക്കും അന്യസംസ്ഥാന പ്രയാണത്തിനായി വൈകാതെ യോഗം. ഉദ്യോഗം കിട്ടുമോ എന്നന്വേഷിച്ച് 1995ല്‍ ദല്‍ഹിക്ക് വണ്ടി കയറി.
സുരേഷിനെ പിന്നെ കാണുന്നത് നൂറ്റാണ്ടു മറിഞ്ഞ ശേഷമായിരുന്നു. അതും, നേരിലല്ല — ടീവിയില്‍ ഒരു പ്രഭാത ഷോയില്‍ അതിഥിയായി. മലയാളികള്‍ ഇന്സ്റ്റലേഷന് ആര്‍ട്ടില്‍ പാരമ്പര്യമായി മിടുക്കരാണെന്നും തൃശൂര്‍പ്പൂരം അതിനുദാഹരണമാണ് എന്നുമൊക്കെ തട്ടിമൂളിക്കുന്നത് ആതിഥേയര്‍ തലകുലുക്കി കേട്ടുരസിക്കുന്നുണ്ടായിരുന്നു. കാലടി സര്‍വകലാശാലയില്‍ അഞ്ചാറുകൊല്ലം ചിത്രകല പഠിപ്പിച്ച ശേഷം ഉത്തരേന്ത്യയില്‍ കാശിയിലേക്ക് സ്വയം മാറ്റിക്കെട്ടിയിരിക്കുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ ദൃശ്യകലാ വിഭാഗം പ്രൊഫസറായി.
പിന്നെയും അഞ്ചാറുകൊല്ലം പിന്നിട്ടാവണം സുരേഷ് പിടിതരുന്നത്. അപ്പോഴും ഫേസ്ബുക്കില്‍മാത്രം. 2012ലോ മറ്റോ ഞാന്‍ അയച്ച സൗഹൃദാപേക്ഷ സകരണം സ്വീകരിച്ചുകിട്ടി. മൂന്നുവര്‍ഷം മുമ്പൊരിക്കല്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഒരു സ്വചിത്രകലാ പ്രദര്‍ശനത്തിനു വന്നപ്പോള്‍ ഗ്യാലറിയില്‍ പോയിക്കണ്ടു. ജുബ്ബക്കുപ്പായംതന്നെ അപ്പോഴും. ഒരു വട്ടത്തൊപ്പിയും.
പിറ്റെന്നാള്‍ തിരുവോണം. യമുനക്ക് കിഴക്കുള്ള ഫ്ളാറ്റുതിയ്യാടിയില്‍ ഉച്ചയോടെ കക്ഷിയെത്തി. ഒന്നിച്ചിരുന്ന് ഊണു വിളമ്പിയപ്പോള്‍ വെളുപ്പെടുത്തിക്കേട്ടു: ‘ഇന്നെന്റെ പെറന്നാളാ…’
അങ്ങനെ പായസംകഴിച്ചു പിരിഞ്ഞതാ.
ഇന്നലെയുണ്ട് ഞാന്‍ ആപ്പീസിലെത്തിയതും ഫോണ്‍. ‘ഞാന്‍ ബടെത്തി. താഴത്ത്ണ്ട്.’ അയ്യോ, വരുന്ന വിവരം തലേയാഴ്ച്ച ഫോണില്‍ പറഞ്ഞത് അമ്പേ മറന്നിരുന്നു ഞാന്‍.
അങ്ങനെ സായാഹ്നം പങ്കിട്ടത്തിനിടയിലെ ചിത്രമാണ് കീഴെ. ഔട്ട്ലുക്കില്‍ ഉമ്മറക്കോലായില്‍. സോഫയിലിരുന്നു കുറച്ചു ബഡായി. ബാക്കി പുറത്ത് പോക്കുവെയില്‍ തെളിച്ചത്തില്‍ റോഡിനക്കരെ ആല്മരച്ചുവട്ടില്. ചെറിയ മൈതാനത്തെ കയറ്റുകട്ടിലില്‍ കോപ്പച്ചായ കുടിച്ചുകൊണ്ട്.
ഭാരതപ്പുഴക്കരയില്‍നിന്ന് പേരാറ്റിന്‍വക്കത്തെ ഇടക്കാല തമ്പു കഴിഞ്ഞ് ഗംഗാനദികരയില്‍ വാസമായി പതിറ്റാണ്ട് ഒന്നു കഴിഞ്ഞു. ഊടുവഴികള്‍ നിറയെയുള്ള വാരാണസിയിലെ മുക്കും മൂലയും പരിചിതമായിക്കാണണം. ഞാന്‍ മൂന്നുതവണ പോയിട്ടുള്ള പട്ടണം.
സംസാരത്തിലെ കാലം പിന്നോട്ടും മുന്നോട്ടും ഇടയില്‍ അപ്പോള്‍മാത്രത്തെയും അവസ്ഥകളിലേക്ക് മാറിമറിഞ്ഞുകൊണ്ടിരുന്നു. പിരിയുംമുമ്പ് മറന്നില്ല എന്റെ ഡെസ്ക്ടോപ്പ് മേശക്കരികില്‍ പവര്‍ ഓണ്‍ ചെയ്തുവച്ചിരുന്ന മൊബൈല്‍ ഫോണ്‍ എടുക്കാന്‍.
ഉരുപ്പടി തിരികെ ഏല്പിച്ചപ്പോള് പറയാതെ പറഞ്ഞു: ഈ സൊറയും ഒരു ചാര്‍ജര്‍തന്നെ.
വൈകാതെ കിട്ടിയ ഓട്ടോയില്‍ സുരേഷ് തീവണ്ടിപിടിക്കാനായി കയറി. നയി ദില്ലി സ്റ്റേഷനില്‍ ആളെക്കയറ്റാന്‍ ഏതോ എക്സ്പ്രസ്സ് കാത്തുകിടന്നു. അത് പ്ലാറ്റഫോം വിടുന്ന സമയം ത്രിസന്ധ്യ. അങ്ങുകിഴക്ക് കാശിയിലെ ഘാട്ടുകളില്‍ ആരതി നടക്കുന്ന അതേ മുഹൂര്‍ത്തം.
ആട്ടവിളക്കും കര്‍പ്പൂരദീപവും ഒന്നായിവരുമ്പോഴത്തെ തെളിച്ചം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: