എന്തിനാണു മനുഷ്യര്‍ ജനിച്ച് വളര്‍ന്നയിടം വിട്ട് മറ്റൊരിടത്തേക്ക് കുടിയേറുന്നത് എന്നൊരു ചോദ്യത്തിനു ഒറ്റവാക്കില്‍ ഒരു ഉത്തരം പറയാന്‍ സാധിക്കും. അതിജീവനം. അതാണതിന്റെ ഉത്തരം.
ജീവിക്കുവാന്‍ വേണ്ടിയുള്ള നിരവധി കഥകളാണു ജന്മദേശത്തെ വിട്ട് അതി വിദൂരമായ മറ്റൊരിടത്തേക്കുള്ള ഓരോ കുടിയേറ്റത്തിന്നും പറയാനുണ്ടാവുക. കാരണങ്ങള്‍ പലതാകാം, പക്ഷെ എല്ലാ കുടിയേറ്റങ്ങളുടേയും പൊതു സ്വഭാവം അത് തന്നെയായിരിക്കും. അത് പോലെ വലിയൊരു സമൂഹം ഒന്നാകെ മറ്റൊരിടത്തേക്ക് കുടിയേറണമെന്നുണ്ടെങ്കില് അതിന് അത്ര ശക്തമായ കാരണം ഉണ്ടാവുക തന്നെ ചെയ്യും. അതിനാല്‍ തന്നെ നമ്പൂതിരിമാരുടെ കുടിയേറ്റ ചരിത്രത്തിന്റേയും സ്ഥിതി വിഭിന്നമാകാന്‍ ഇടയില്ല. കേരളത്തിലേക്ക് നമ്പൂതിരിമാരുടെ കുടിയേറ്റത്തില്‍ ഉള്ള ഒരു പലായന സാധ്യതയിലേക്കാണു കഴിഞ്ഞ അദ്ധ്യയത്തില്‍ വിരല്‍ ചൂണ്ടിയത്. വ്യക്തമായ തെളിവുകള്‍ ഒന്നും ഇല്ലെങ്കിലും ആ ഒരു സാധ്യത ഒരു സമൂഹത്തിന്റെ കൂട്ടത്തോടെയുള്ള കുടിയേറ്റത്തില്‍ തള്ളിക്കളയാവുന്ന ഒന്ന് അല്ല.
കൃഷി അടിസ്ഥാനമാക്കിയ ഒരു ജീവിത വ്യവഹാരം തന്നെയായിരുന്നു വൈദീക ബ്രാഹ്മണരുടെ മുഖ്യ ജീവനോപാധി എന്ന് വേദ സാഹിത്യങ്ങളയും കേരളത്തില്‍ എത്തിയ ശേഷവും നമ്പൂതിരിമാരുടെ സമ്പദ് വ്യവസ്ഥ കൃഷിയെ അടിസ്ഥാനമാക്കിത്തന്നെയായിരുന്നു എന്നതില്‍ നിന്നും ഒരു പോലെ വ്യക്തമാകുന്നുണ്ട്. അതിനാല്‍ തന്നെ അവ്യക്തമായി നില്ക്കുന്ന ആ ഇടക്കാലത്തും അവര്‍ കൃഷിയെ കൈവിട്ടിരിക്കാന് ഇടയില്ല. അപ്പോള്‍ കൃഷിക്ക് തീരെ അനുയോജ്യമല്ലാത്ത ഒരു അവസ്ഥ സംജാതമാവുകയും, ദീര്‍ഘകാലത്തേക്ക് ആ അവസ്ഥ തുടരുകയും, അതിജീവനത്തിന്നുള്ള എല്ലാ സാധ്യതകളും അടയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ജനിച്ച് വളര്‍ന്ന നാടിനേയും, കൃഷി ചെയ്ത മണ്ണിനേയും ഉപേക്ഷിച്ച് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി കൂട്ടത്തോടെ അവര്‍ പലായനം ചെയ്യാനുള്ള സാധ്യത വളരെ ശക്തമാണു.
ഇത്തരത്തില്‍ അതി കഠിനമായ വരള്‍ച്ചയും, ക്ഷാമവും, രോഗങ്ങളും പൊറുതിമുട്ടിച്ച ഒരു പ്രദേശം കേരളത്തോട് താരതമ്യേന അടുത്ത് നില നിന്നിരുന്നത് ആന്ധ്രയില്‍ കൃഷ്ണ ഗോദാവരീ നദികള്‍ക്കിടയിലുള്ള പ്രദേശത്ത് ആയതിനാലാകാം ചരിത്രകാരന്മാര് നമ്പൂതിരി കുടിയേറ്റത്തിലെ ആന്ധ്ര ബന്ധത്തിനു അല്‍പ്പം ബലം കാണുന്നത്. അങ്ങിനെയെങ്കില്‍, അവര്‍ ആന്ധ്രയില്‍ നിന്ന് കര്‍ണ്ണാടകത്തിന്റെ പടിഞ്ഞാറന്‍ തീരമായ ഗോകര്‍ണ്ണത്ത് എത്തുകയും, അവിടെ നിന്ന് കടല്‍ത്തീരത്ത് കൂടി കേരളത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു എന്നു സാമാന്യമായി അനുമാനിക്കുവാന്‍ സാധിക്കും.
നമ്പൂതിരി: ഇതര ബ്രാഹ്മണരില്‍ നിന്നും വ്യതിരിക്തനായ ബ്രഹ്മണന്
പി.കെ ബാലകൃഷ്ണന് ജാതി വ്യവസ്ഥയും കേരള ചരിത്രവും എന്ന തന്റെ രചനയില്‍ നമ്പൂതിരിയുടെ ഒരു പലായന സ്വഭാവത്തോടെയുള്ള കുടിയേറ്റത്തിലേക്കും ഒപ്പം മറ്റൊരു ചിന്തയിലേക്കും വിരല്‍ ചൂണ്ടുന്ന ഒരു സുപ്രധാനമായ നിഗമനം മുന്നോട്ട് വയ്ക്കുന്നുണ്ട്. ”വിദൂരമായ സ്വപ്നങ്ങളില്‍ പോലും പഴയകാല ദുരനുഭവങ്ങളും, ഭീതിദമായ ദിനങ്ങളും കടന്ന് വരാതിരിക്കാനാകണം, പൂര്‍വ്വ ദേശത്തെ ഭാഷാ സംസ്കാരങ്ങളേയും എന്തിന് സ്വന്തം പൂര്‍വ്വാചാരങ്ങളെപ്പോലും ഉപേക്ഷിച്ച് ആചാര വിചാര ധാരകളില്‍ എല്ലാം പൂര്‍ണ്ണമായും വിഭിന്നമായ ഒരു ബ്രാഹ്മണ വിഭാഗമായി കേരളത്തിലെ നമ്പൂതിരിമാര്‍ പരിണമിച്ചത്.” പി.കെ ബാലകൃഷ്ണന് മുന്നോട്ട് വച്ച ഈ നിഗമനം മറ്റൊരു സുപ്രധാന വസ്തുതയിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നു. ആചാര, ആഹാര്യ രീതികളില്‍ എല്ലാം ഇതര ബ്രാഹ്മണരില്‍ നിന്ന് നമ്പൂതിരി തീര്‍ത്തും വ്യതിരിക്തമായ ഒരു വര്‍ഗ്ഗമായി തീര്‍ന്നത് എന്ത് കൊണ്ടാകാം എന്ന ചിന്തയിലേക്ക് ഒരു ചൂണ്ടുപലകയാണു പി.കെ ബാലകൃഷ്ണന്റെ മുകളിലെ നിഗമനം.
വേദങ്ങളും, സ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ജീവിത ക്രമങ്ങളും, യാഗ സംസ്കാരവും എല്ലാം പിന്തുടരുമ്പോള് തന്നെയും ചില കാര്യങ്ങളില്‍ എങ്കിലും ഇതര ബ്രാഹ്മണ വര്‍ഗ്ഗങ്ങളില്‍ നിന്നും തീര്‍ത്തും ആഹാര്യമായ വ്യത്യസ്ഥതകള്‍ പുലര്‍ത്തി ജീവിച്ച വൈദീക ബ്രാഹ്മണര്‍ ആണു നമ്പൂതിരിമാര്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രത്യക്ഷത്തില്‍ മനസിലാകുന്നതുമായ രണ്ട് പ്രത്യേകതകള്‍ എടുത്ത് പറയാതെ വയ്യ.
1) മുന്‍ കുടുമ:
ബ്രാഹ്മണ്യത്തിന്റെ ചിഹ്നങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശിഖ അഥവാ കുടുമ. ഭാരതത്തിലെമ്പാടും മൂര്‍ദ്ധാവിനു പിന്നില്‍ പിന്ശിരസിന്റെ ഭാഗത്തായാണു ബ്രാഹ്മണര്‍ കുടുമ വളര്‍ത്തിയിരുന്നത്. എന്നാല്‍ കേരള ബ്രാഹ്മണര്‍ ആയ നമ്പൂതിരിമാര്‍ മാത്രം മൂര്‍ദ്ധാവില്‍ അതായത് ശിരസിന്റെ ഒത്ത നടുക്ക് ആണു കുടുമ വളര്‍ത്തിയിരുന്നത്.
2) വേദാലാപനത്തിലെ വ്യത്യസ്ഥത:
ഭാരതത്തിലെമ്പാടും, ഏത് വേദമായാലും അത് ചൊല്ലുന്ന രീതി ഒന്ന് തന്നെയാണ്. അതായത് ഇന്ത്യയിലെവിടേയും ഋഗ്വേദികള്‍ ഋഗ്വേദം ചൊല്ലുന്ന ശൈലി ഒന്ന് തന്നെയായിരിക്കും. അതിന്റെ സ്വരങ്ങളും, സ്വരസ്ഥാനങ്ങളും, അതിന്റെ ഈണവും എല്ലാം ഒന്ന് തന്നെ. അത് പോലെ യജുര്‍വ്വേദവും, സാമവേദവും എല്ലാം ഒരെ ഈണത്തില്‍ ആണ് ചൊല്ലുന്നത്. എന്നാല്‍ ഇതര ബ്രാഹ്മണരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായിട്ടാണു മലയാള ബ്രാഹ്മണര്‍ ഇവ ചൊല്ലുന്നത്. വേദവും, സ്വരങ്ങളും ഒന്ന് തന്നെയെങ്കിലും, സ്വരസ്ഥാനങ്ങളിലും, ഈണത്തിലും പൂര്‍ണ്ണമായ വ്യത്യസ്ഥത നമ്പൂതിരിമാര്‍ പുലര്‍ത്തുന്നു.
പൂര്‍വ്വ ദിക്കില്‍ നിന്നും പലായനം ചെയ്ത ഈ ബ്രാഹ്മണ വര്‍ഗ്ഗം അവരുടെ പൂര്വ്വാചാരങ്ങളെയുള്പ്പടെ ഉപേക്ഷിച്ച് തികച്ചും വ്യത്യസ്ഥമായ ഒരു ബ്രാഹ്മണ വര്‍ഗ്ഗമായി പരിണമിച്ചത് ഒരു പക്ഷെ കേരളത്തിലേക്കുള്ള കുടിയേറ്റ പ്രക്രിയയില്‍ അവര്‍ക്ക് നേരിടേണ്ട വന്നിട്ടുള്ള തിക്താനുഭവങ്ങള്‍ ആയിക്കൂടായ്കയില്ല എന്നാണ് പി.കെ ബാലകൃഷ്ണന് നിരൂപിക്കുന്നത്. ഇതര ബ്രാഹ്മണരില്‍ നിന്നെല്ലാം വിഭിന്നമായ വ്യക്തിത്വം നിലനിര്‍ത്താന്‍ നമ്പൂതിരി കര്‍ശനമായ നിര്‍ക്കര്‍ഷ പാലിച്ചിരുന്നു എന്നത് ഒരു വസ്തുതയാണു. ഒരു പക്ഷേ ദുരിതപൂര്‍ണ്ണമായ ഒരു ഇടത്ത് നിന്ന് ഇവര്‍ കൂട്ടത്തോടെ കുടിയേറിയത് ഒരു മഹാമാരിമൂലമോ മറ്റൊ ആണെങ്കില്‍ അവരുടെ ഇട സങ്കേതങ്ങളിലെ ഇതര ബ്രാഹ്മണര്‍ ഇവരെ ഒരുപക്ഷെ ആട്ടിയകറ്റുവാനുള്ള സാധ്യത കൂടുതല്‍ ആണ്. ദുഖ പൂര്‍ണ്ണമായ ഒരു അവസ്ഥയില്‍ തങ്ങളെ കൈവെടിഞ്ഞ സ്വവര്‍ഗ്ഗത്തിലെ തന്നെ ഇതര ബ്രാഹ്മണരോട് മനുഷ്യ സഹജമായ ഒരു മനസ്ഥാപം ഉണ്ടായി എന്നിരിക്കട്ടെ, ഇങ്ങിനെയുള്ളവരുമായി ഇനിയൊരിക്കലും കലരാതിരിക്കാന്‍ തീര്‍ത്തും വ്യതിരിക്തമായ ഒരു ശൈലിയിലേക്ക് സ്വയം പരിവര്‍ത്തനപ്പെട്ടവര്‍ ആണെങ്കിലോ. പി.കെ ബാലകൃഷ്ണന്റെ വാദത്തിലെ ധ്വനി അതാണ് സൂചിപ്പിക്കുന്നത്. ഇത് പൂര്‍ണ്ണമായും ശരിയാകണം എന്നില്ലെങ്കിലും ഇതര ബ്രാഹ്മണരുമായി ഒരിക്കലും ഒരിക്കലും കലരാതിരിക്കുവാനുള്ള ഒരു നിഷ്കര്‍ഷ അടുത്ത കാലം വരേക്കും നമ്പൂതിരി നിര്‍ബന്ധമായും പാലിച്ചിരുന്ന ഒന്നായിരുന്നു. തമിഴ് ബ്രാഹ്മണ വിഭാഗങ്ങളേയും, കന്നട ബ്രാഹ്മണരായ തുളു, ഹവ്യഗരേയും തങ്ങളില്‍ കലരാതെ വലിയൊരളവോളം അകറ്റി നിര്‍ത്തുവാന്‍ നമ്പൂതിരിമാര്‍ കാണിച്ച ശ്രദ്ധ ഇതിനുദാഹരണമാണു.
ആവാസ വ്യവസ്ഥയിലെ പ്രത്യേകതകള്‍
മുകളില്‍ പറഞ്ഞതിനോട് ചേര്‍ത്ത് വായിക്കുവാന്‍ അല്ലെങ്കിലും ഒരു സാമൂഹിക ജീവിത രീതിയില്‍ നമ്പൂതിരി ഇതര ബ്രാഹ്മണരില്‍ നിന്ന് വ്യതിരിക്തമാകുന്നത് അവരുടെ ആവാസ വ്യവസ്ഥയിലെ പ്രത്യേകതകള്‍ കൊണ്ട് കൂടിയാണു. കൂട്ടം കൂട്ടമായി കേരളത്തിലേക്ക് കുടിയേറിയവരാണു നമ്പൂതിരിമാര്‍ എങ്കിലും, ഇതര ബ്രാഹ്മണരില്‍ നിന്ന് വ്യതിരിക്തമായി ഒറ്റയ്ക്കൊറ്റയ്ക്ക് താമസിക്കുന്നവരാണു ഇവര്‍ എന്നതാണ്. അതായത് മറ്റ് പല ബ്രാഹ്മണ വിഭാഗങ്ങളും അഗ്രഹാര ശൈലിയില്‍ കൂട്ടത്തോടെ ഒരു തെരുവിനിരുപുറവും മറ്റു സമുദായങ്ങളോടൊന്നും അയല്പക്ക ബന്ധം പോലും ഇല്ലാതെ ഭവനങ്ങള്‍ പണിത് താമസമാക്കിയപ്പോള്‍ നമ്പൂതിരിമാര്‍ അവലംബിച്ചത് ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഗൃഹ നിര്‍മ്മാണ രീതിയാണു. അതായത് സമൂഹത്തിന്റെ ഏറ്റവും ലളിതമായ രൂപമായ കുടുംബങ്ങള്‍ പരസ്പര ആശ്രിതത്വമില്ലാതെ വെവ്വേറെ കഴിയുന്ന ഒരു സമ്പ്രദായമാണു നമ്പൂതിരി അനുവര്‍ത്തിച്ചത്. ഗോത്രം, സംഘം എന്ന തരത്തില്‍ കുടിയേറിയവരാണെങ്കിലും, അവര്‍ കുടിയിരുന്നയിടത്തെ ഭൂസ്വത്തില്‍ ഒരു പില്ക്കാല തര്‍ക്കം ഒഴിവാക്കും വിധം വ്യത്യസ്ഥ പറമ്പുകളില്‍ വ്യത്യസ്ഥ കെട്ടിടങ്ങളില്‍ തീര്‍ത്തും സ്വതന്ത്ര പരമാധികാരത്തോടെയാണു നമ്പൂതിരിമാര്‍ താമസമാരംഭിച്ചത് എന്ന് സാരം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജലലഭ്യത തന്നെയാകാം ഇത്തരമൊരു ഗൃഹനിര്‍മ്മാണ രീതിക്ക് പ്രേരകമായിട്ടുണ്ടാവുക. മറ്റ് പല സംസ്ഥാനങ്ങളിലും ജലലഭ്യത കണക്കാക്കി ജലാശയമുള്ളിടത്ത് ആളുകള്‍ കൂട്ടത്തോടെ താമസിക്കുമ്പോള്‍ കേരളത്തില്‍ പൊതുവെ എല്ലായിടത്തും സുലഭമായ ജലം എല്ലായിടത്തും അവാസ വ്യവസ്ഥ ഒരുക്കുവാന്‍ പ്രാപ്തരാക്കി.
അങ്ങിനെയൊക്കെയാണെങ്കിലും, പരസ്പരംകൈമോശം വരാത്ത നിരന്തര സമ്പര്‍ക്കവും, വേഴ്ച്ചയും നിലനിര്‍ത്താന്‍ വേദാനുവര്ത്തികളായ നമ്പൂതിരിമാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് ശ്രദ്ധേയമാണു. സ്വയം പര്യാപ്തമായ ദേശവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടാണു നമ്പൂതിരി ഇത്തരത്തില്‍ ആവാസവ്യവസ്ഥ കെട്ടിപ്പൊക്കിയത് എന്ന് കൂടി മനസിലാക്കേണ്ടതുണ്ട്. കുടുംബം, ദേശം, ഗ്രാമം എന്നിങ്ങിനെയുള്ള സാമൂഹിക പരിതസ്ഥിതിയും ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഒരു കുടുംബത്തിന്ന് കഴിയാനാവശ്യമുള്ള വിളവ് കിട്ടുന്നയിടത്ത് ഒരു കുടുംബം, ഇത്തരത്തില്‍ പത്തോ ഇരുപതോ കുടുംബങ്ങള്‍ ചേര്‍ന്ന് ഒരു ദേശം, അത് പോലെ നിരവധി ദേശങ്ങള്‍ ചേര്‍ന്ന് ഒരു ഗ്രാമം. ഇതാണു നമ്പൂതിരി ഗ്രാമവ്യവസ്ഥയുടെ അടിസ്ഥാനം.
(തുടരും)
ആദ്യ ഭാഗങ്ങല്‍ ഇവിടെ വായിക്കാം
നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള കുടിയേറ്റം ഒരു പലായനമായിരുന്നോ..?
കേരളത്തിലെ നമ്പൂതിരി കുടിയേറ്റം
ദുര്‍ബ്ബലമാകുന്ന ആര്യന് സിദ്ധാന്തം
പ്രതികരിക്കാൻ ഇവിടെ എഴുതുക: