പിറക്കാനിരിക്കുന്ന ജീവനെപ്പോലും കൊലപ്പെടുത്തുന്ന കാടത്തത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎം. കോഴിക്കോട് കോടഞ്ചേരിയിലെ വേളംകോട് തേനംകുഴി സിബി ചാക്കോയുടെ ഭാര്യ ഗര്‍ഭിണിയായ ജ്യോത്സ്നയേയും രണ്ടു മക്കളെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദ്ദിച്ചത് ഇതിനുദാഹരണമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിലാണ് അക്രമം കലാശിച്ചത്. ജീവിച്ചിരിക്കുന്നവരെ വെട്ടിക്കൊല്ലുകയും, പിറക്കാനിരിക്കുന്നവരെ ചവിട്ടിക്കൊല്ലുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് കാടത്തത്തിന് ഒടുവിലത്തെ ഉദാഹരണമായി ജ്യോത്സ്ന ജീവിക്കുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ജ്യോത്സ്നയെ. ഫെബ്രുവരി മൂന്നിനാണ് നാലു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചത്.
ഈ പ്രാകൃത നരഹത്യ നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ട ഉത്തരവാദിത്തമുള്ള പോലീസ് അനങ്ങാതിരുന്നു. ഇരകളുടെ പരാതികള്‍ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. സാംസ്കാരിക നായകന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പേരുകേട്ട വനിതാ പ്രവര്‍ത്തകരുമുള്ള നാട്ടില്‍ ജ്യോത്സ്നയുടെ കണ്ണുനീരിന് ആരും വില കല്‍പ്പിച്ചില്ല. ജ്യോത്സ്നയ്ക്ക് ഗര്‍ഭമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു പരത്തിയവര്‍ പിന്നീട് ബൈക്കില്‍നിന്ന് വീണാണ് ഗര്‍ഭം അലസിയതെന്ന് പ്രചരിപ്പിച്ചു. ചില മാധ്യമങ്ങള്‍ അതേറ്റുപാടി. ശരീരത്തിനും മനസ്സിനും മുറിവേറ്റ ഒരമ്മയുടെ വേദന അറിയാന്‍ ആരുമുണ്ടായില്ല. പാര്‍ട്ടി ഊരുവിലക്കു കൂടിയായപ്പോള്‍ സഹായിക്കാന്‍ ആരുമില്ലാതായ ഒരു കുടുംബം. ഗത്യന്തരമില്ലാതെ പോലീസ് സ്റ്റേഷനു മുന്നില്‍ കുടുംബം കുടില്‍കെട്ടി സമരം നടത്താന്‍ തീരുമാനിച്ചതോടെയാണ് സിപിഎം ക്രൂരതയുടെ ആഴം പുറംലോകമറിഞ്ഞത്. മുഖ്യധാരാ രാഷ്ട്രീയ മുന്നണികള്‍ മുഖംതിരിച്ചു നിന്നപ്പോള്‍ ബിജെപിയാണ് ജ്യോത്സ്നയുടെ കുടുംബത്തിന് സഹായവുമായെത്തിയത്.
കുടിയേറ്റ ഗ്രാമത്തിലെ ഒറ്റപ്പെട്ടുപോയ ആ കുടുംബത്തിന് വലിയൊരാശ്വാസമായിരുന്നു ആ പിന്തുണ. പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്ന് മുന്നറിയിപ്പ് കൂടിയായതോടെയാണ് പിണറായിയുടെ പോലീസ് ചലിച്ചുതുടങ്ങിയത്. മുഖ്യ പ്രതികളെയടക്കം അറസ്റ്റ് ചെയ്യാന്‍ 12 ദിവസങ്ങള്‍ കഴിയേണ്ടിവന്നു. പ്രതികളെ സംരക്ഷിക്കുന്ന പോലീസും ഭരണകക്ഷിയുമുള്ളപ്പോള്‍ അക്രമികള്‍ രാക്ഷസരൂപം പ്രാപിക്കുകയാണ്. അയല്പക്ക വഴക്കിന്റെ നിസ്സാരതയിലേക്ക് തള്ളി ക്രൂരതയെ വെള്ളപൂശാനാണ് ഭരണാധികാരികള്‍ ശ്രമിച്ചത്.
മാതൃത്വത്തിന്റെ മഹനീയത തിരിച്ചറിയാത്തവരാണ് ഗര്‍ഭപാത്രത്തിലേക്ക് ആഞ്ഞുചവിട്ടുന്നത്. മനുഷ്യ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത അത്തരക്കാരെപ്പോലും പാര്‍ട്ടി ഭാരവാഹിത്വം നല്കി സംരക്ഷിക്കാന്‍ കേരളത്തില്‍ ഭരണകക്ഷിക്ക് മടിയില്ല.മാനവികതയുടെ മഹത്വത്തെക്കുറിച്ച് മുദ്രാവാക്യം വിളിക്കുന്നവരാണ് മനുഷ്യത്വ രഹിതമായ അക്രമത്തിന് കൂട്ടു നില്‍ക്കുന്നത്. അക്രമത്തെ ഇല്ലാതാക്കണമെങ്കില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്. എന്നാല്‍ അതിന് ഉത്തരവാദിത്തമുള്ള പോലീസ് സിപിഎം ഓഫീസിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് നേതാക്കളുടെ നിലവാരത്തിലേക്ക് താഴുന്നു. സെല്‍ ഭരണത്തിന്റെ പിടിയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്ന ഫാസിസത്തിന്റെ ഈ പുതുരൂപങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ജ്യോത്സ്നയുടെ കണ്ണുനീരിന്റെ വില കേരളം തിരിച്ചറിയണം. പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന ഒരു ജനതയുടെ പ്രതികരണം പ്രതീക്ഷിക്കുകയാണ് വേദനിക്കുന്ന മാതൃത്വം. സിപിഎം ക്രൂരതയില്‍ മക്കള്‍ നഷ്ടപ്പെടുന്ന അമ്മമാരുടെ വിലാപങ്ങള്‍കൊണ്ട് മുഖരിതമാണ് കേരളം. ഇതിനൊരു മാറ്റമുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: