കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് സൈന്യം ഉപയോഗിക്കുന്ന കൂടുതല്‍ ഉപകരണങ്ങള്‍ കണ്ടെത്തി. ചതുപ്പ് നിലങ്ങളില്‍ വാഹനങ്ങള്‍ താഴ്ന്നുപോകാതിരിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് മീറ്റര്‍ നീളമുള്ള ഇരുമ്പ് ഷീറ്റ് കിട്ടി. ഇവ ഇട്ട് അതിനു മുകളിലൂടെയാണ് വാഹനം കടത്തിവിടുക.
അതിനിടെ കുഴിബോംബുകളും വെടിയുണ്ടകളും സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. നാലു ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘത്തിന് ലഭിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പാലക്കാട് എസ്പി പ്രതീഷ്കുമാര്‍ പറഞ്ഞു. മാവോയിസ്റ്റ് ബന്ധമടക്കം അന്വേഷിക്കുന്നുണ്ട്. സൈന്യത്തിന്റെ സഹായത്തോടെയാണ് അന്വേഷണം. കുഴിബോംബുകള്‍ പഴക്കമുള്ളവയാണെങ്കിലും വെടിയുണ്ടകള്‍ക്ക് അത്ര പഴക്കമില്ല.
കുഴിബോംബുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ആറ് പള്‍സ് ജനറേറ്റര്‍, രണ്ട് ട്യൂബ് ലോഞ്ചര്‍, 32 വെടിയുണ്ടകള്‍ ഉള്ള കാട്രിജ്, വിവിധ സ്ഫോടക വസ്തുക്കള്‍ ബന്ധിപ്പിക്കുന്ന വയറുകള്‍ എന്നിവയും 560 വെടിയുണ്ടകളുമാണ് കഴിഞ്ഞ ദിവസം വീണ്ടും കണ്ടെത്തിയത്.
കൂടുതല്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളുമുണ്ടോയെന്ന് അറിയാന്‍ ഇന്നലെ ഭാരതപ്പുഴയില്‍ വ്യാപക പരിശോധന നടത്തി. കുറ്റിപ്പുറം പാലത്തിന് താഴെയുള്ള വെള്ളം വറ്റിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജെസിബി ഉപയോഗിച്ചായിരുന്നു പരിശോധന. പാലത്തിന് മുകളില്‍ നിന്ന് ഇവ തള്ളിയതാകാനുള്ള സാധ്യതയും പുഴയില്‍ നേരിട്ടെത്തി ഒളിപ്പിച്ചതാകാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: