ഒരു പത്രം പിന്നേം മുന്നണി മാറുന്നു എന്നതാണ് എം.പി.വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്ക് ചേക്കേറുന്നതിലെ കൗതുകം. ആര്‍എസ്പിയെ ചവിട്ടിപ്പുറത്താക്കിയ പിണറായി മുന്നണി, സോഷ്യലിസ്റ്റ് മുതലാളിയെ വാരിപ്പുണരാന്‍ ഒരുമ്പെടുന്നതിന് മറ്റൊരു കാരണം തെരയേണ്ടതില്ല. സ്വന്തമായി കുറച്ച് വോട്ടോ കൊടി പിടിക്കാന്‍ നാലാളോ കൂട്ടിനില്ലാത്ത ഒരാള്‍ ഇങ്ങനെ തോന്നുമ്പോഴൊക്കെ മുന്നണി മാറിക്കൊണ്ടിരിക്കുന്നതിന്റെ സാംഗത്യവും മറ്റൊന്നല്ല. പത്രവും വായനക്കാരും വീരേന്ദ്രകുമാര്‍ ചാടുന്ന സകല കുറ്റിക്കാടും മഹത്തരമാണെന്ന് വിചാരിക്കേണ്ടവരാണെന്ന് നിര്‍ബന്ധബുദ്ധിയുള്ള ആളാണ് അദ്ദേഹം. താന്‍ സ്വന്തം ഫാക്ടറിയില്‍ വിളയിച്ചെടുത്ത പാണ്ഡിത്യവും പുസ്തകക്കൂമ്പാരങ്ങളും പുരസ്കാരങ്ങളുമൊക്കെയാണ് പത്രം കഴിഞ്ഞാലുള്ള അദ്ദേഹത്തിന്റെ വമ്പത്തം. അതാണേല് അങ്ങ് ആമസോണ്‍ വ്യാകുലതകളിലേക്കും ഹിമാലയത്തിന്റെ തണുപ്പിലേക്കും സാക്ഷാല്‍ രാമന്റെ ദുഃഖത്തിലേക്കും വരെ നീളും. എഴുത്തുതൊഴിലാളികള്‍ക്കും വേണമല്ലോ ഒരു എന്റര്‍ടെയിന്‍മെന്റൊക്കെ….
‘പൈതൃകസ്വത്തിനോടൊപ്പം അബദ്ധത്തില്‍ എഴുതിച്ചേര്‍ത്ത കൃഷ്ണഗിരിയിലെ 14.44 ഏക്കര്‍ ഭൂമി’യുമായാണ് അച്ഛനും മകനും മുന്നണി മാറുന്നത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയുടെ കയ്യേറ്റമാണ് സംഭവമെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരിയിലെ അഴിമതി വിരുദ്ധ കോടതിയില്‍ പോയവര്‍ക്ക് മുന്നിലാണ് വിജിലന്‍സ് ഈ സ്വപ്നാടന കഥ വിളമ്പിയത്. അപ്പോള്‍പ്പിന്നെ സംഭവത്തില്‍ അഴിമതിയില്ല, കയ്യേറ്റമില്ല, ആധാരമെഴുതിയപ്പോള്‍ വന്ന ഒരു പിഴവ്. അത്രമാത്രം. പക്ഷേ സംഗതി ഇപ്പോള്‍ തലശ്ശേരിയും കടന്ന് ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ജയില്‍വാസവും അയോഗ്യതയും മാത്രമല്ല, അറിയാതെ വന്നുചേര്‍ന്ന പൈതൃകസ്വത്തിന്റെ നഷ്ടവും സഹിക്കാനാകാത്തതാണ്. ചവിട്ടിപ്പുറത്താക്കിയ പിണറായിത്തമ്പുരാന്റെ മുന്നിലേക്ക് കാഴ്ചക്കുലയുമായുള്ള പോക്കിന് ഇതുംകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കയ്യേറ്റം പ്രത്യയശാസ്ത്രപരമായിത്തന്നെ ഒരു തൊഴിലായി വ്യാഖ്യാനിച്ചെടുക്കാന്‍ പറ്റിയ ഒരു മുതലിനെ വെറുതെ കിട്ടിയാല്‍ വരാന്തയുടെ മൂലയ്ക്ക് പായ വിരിക്കാനുള്ള അവസരം കൊടുക്കുന്നതില്‍ തെറ്റില്ലെന്നതാണ് പിണറായി മുന്നണിയുടെ ഇപ്പോഴത്തെ അവസ്ഥ. ചാണ്ടിയുടെ കായലും അന്‍വറിന്റെ തടയണയും മണിയുടെ കുടിയേറ്റ കര്‍ഷക പാരമ്പര്യവും എല്ലാം അടിഞ്ഞുകൂടിയ മുന്നണിയില്‍ കല്പറ്റയിലെ ഭൂമിസംരക്ഷകന് ഇടമുണ്ടാകാതിരിക്കാന്‍ ന്യായമില്ലല്ലോ. അത്രയ്ക്ക് വിശാലമാണ് മുതലാളിയുടെ മനസ്സ്. പുല്‍കളും പുഴുക്കളും കൂടിത്തന് കുടുംബക്കാര് എന്ന വേദാന്തമാണ് താന്‍ പുലര്‍ത്തുന്നതെന്ന് പുസ്തകമെഴുത്ത് തൊഴിലാളികള്‍ വ്യാഖ്യാനിക്കുകയും ചെയ്യും. ഒരു കയ്യേറ്റക്കുരിശിനുകൂടി പിണറായി വിജയന് സംരക്ഷണ വേലിയൊരുക്കുന്നു എന്ന് സാരം.
സാക്ഷാല്‍ രാം മനോഹര്‍ ലോഹ്യയില്‍ നിന്നാണ് മുതലാളി സോഷ്യലിസ്റ്റ് ദീക്ഷ സ്വീകരിച്ചതെന്നാണ് ഒരു പഴയ തള്ള്. പിന്നിങ്ങോട്ട് പോരാട്ടത്തിന്റെ നാളുകളായിരുന്നുവത്രെ. സമത്വവും സ്വാതന്ത്ര്യവും സോഷ്യലിസവും സംരക്ഷിക്കാനുള്ള കഠിനാധ്വാനം. ആ മുന്നേറ്റത്തിന്റെ ഭാഗമായി വേണ്ടിവന്നാല്‍ സ്വന്തം ജീവനക്കാരെ ഭൂമിയുടെ അങ്ങേയറ്റത്തേക്ക് സ്ഥലം മാറ്റാനും അദ്ദേഹം മടിക്കില്ല. അവിടെയുമുണ്ടല്ലോ പട്ടിണിക്കാര്‍. അവര്‍ക്കും വേണമല്ലോ സ്വാതന്ത്ര്യവും സോഷ്യലിസവുമൊക്കെ. അതിനുവേണ്ടിയുള്ളതാണ് അത്തരം സ്ഥലംമാറ്റങ്ങള്‍. ചെയ്ത ജോലിക്ക് ഒത്ത കൂലി വേണമെന്ന ആവശ്യത്തോട് മുതലാളി പ്രതികാരനടപടി കാട്ടിയതാണെന്ന് തല്പരകക്ഷികളുടെ ആരോപണമൊക്കെ വെറും പുകമറ.
ഇപ്പറഞ്ഞ സോഷ്യലിസം നടപ്പാക്കാന്‍ ഇനി കേന്ദ്രത്തിലേക്ക് നോക്കിയിട്ട് കാര്യമൊന്നുമില്ല. ബീഹാറില്‍ നിതീഷിന്റെ കുതിച്ചുകയറ്റം കണ്ടപ്പോള്‍ പ്രധാനമന്ത്രിയായേ നിലത്തുനില്‍ക്കൂ എന്ന് വിചാരിച്ചതാണ്. അദ്ദേഹം മോദിക്കൊപ്പം കൂടിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു. ഇനി കേരളത്തില്‍ ലോഹ്യം കൂടണം. ഉമ്മന്‍ചാണ്ടി സോളാറില്‍ മുങ്ങിത്താണപ്പോഴേ വഞ്ചി ഇടത്തേക്ക് നീങ്ങിയതാണ്. സകലമാന കയ്യേറ്റക്കാരും പിണറായി മുന്നണിയില്‍ അനുഭവിക്കുന്ന സുരക്ഷയും സമാധാനവും കണ്ടാല്‍ ഏത് വീരനും ഒന്നു കൊതിച്ചുപോകും.
ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലം മൂലം അന്നത്തെ വാര്‍ത്തയില്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ഇടം കിട്ടാന്‍ പ്രയാസമാണെന്ന് തോന്നിയതുകൊണ്ടാണ് രാജിപ്രഖ്യാപനം പോലും വീരന് അടുത്ത ദിവസത്തേക്ക് മാറ്റിയത്. സംഗതി നാലാള് അറിഞ്ഞില്ലെങ്കില്‍ എന്ത് സോഷ്യലിസം?
പിന്നെ ഒരു കാരണം വേണമല്ലോ. കേരളത്തില്‍ ഫാഷന്‍ മോദിയെ തെറിവിളിക്കുക എന്നതാണ്. ആ വഴി പിടിച്ചു എന്നുമാത്രം. അങ്ങനെയാണ് സവര്‍ണ വര്‍ഗീയ ഫാസിസത്തിന്റെ അടിവേരറുക്കാന്‍ മുതലാളിയും മകനും പത്രവും ചാനലും അടങ്ങുന്ന ഈ സാധു കുടുംബം പിണറായിയുടെ വരാന്തയിലേക്ക് പൊറുതിമാറുന്നത്. ക്യൂവില്‍ അവസാനത്തെ ആളാണ് വീരേന്ദ്രകുമാറും മകനും. പിള്ളയദ്ദേഹവും മകനും ആ വരാന്തയില്‍ പണ്ടേ കിടപ്പാണ്. മാണിയുടെ തൊഴുത്തില്‍ നിന്ന് ചാടിപ്പോയ ഒരു കൂട്ടര് വേറൊരു മൂലയ്ക്കുണ്ട്. മുന്നണി പ്രവേശനം ഇപ്പറഞ്ഞ ഫാസിസ്റ്റ് വിരുദ്ധ സോഷ്യലിസം പോലെ അത്ര എളുപ്പത്തില്‍ നടക്കുമോ എന്നേ അറിയാനുള്ളൂ.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: