ലണ്ടൻ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് ബ്രിട്ടീഷ് മുസ്ലീങ്ങളെ ജിഹാദികളാക്കാൻ ശ്രമം നടത്തിയിരുന്നതായി ബിബിസി. 1990 കാലഘട്ടങ്ങളിൽ ബ്രിട്ടീഷ് മുസ്ലീം ജിഹാദികളെ സൃഷ്ടിക്കുന്നതിനായി ഹാഫീസ് യുകെ പര്യടനം നടത്തിയിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ജമാത്ത് ഉദ് ദവ സംഘടനയുടെ തലവനായ ഹാഫിസ് സയീദ് 1990നും 1995നുമിടയിൽ ബ്രിട്ടനിലെ മുസ്ലീം പള്ളികളിൽ സന്ദർശനം നടത്തിരുന്നു. ഇത് തെളിയിക്കുന്ന രേഖകൾ ലഷ്കറെ ത്വയ്ബയുടെ മാസികകളിൽ വ്യക്തമായി നൽകിയിട്ടുണ്ട്. ബ്രിട്ടനിലെ ബ്രിമ്മിങ്ഹാമിലെ പള്ളികൾ സന്ദർശിച്ച് ഹാഫീസ് ജിഹാദികളുടെ ആവശ്യകതയെപ്പറ്റി വളരെയധികം ചർച്ചകൾ നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഹിന്ദുക്കളെ ഒറ്റപ്പെടുത്തണമെന്നും അതിനായി ജിഹാദികൾ വളർന്നുവരണമെന്നും ഹാഫീസ് നിരന്തരം പറഞ്ഞിരുന്നു. ലെയ്സ്സ്റ്റർ നഗരത്തിൽ ഹാഫീസ് നടത്തിയ പൊതു ചർച്ചയിൽ നാലായിരത്തോളം യുവാക്കൾ പങ്കെടുത്തിരുന്നു. ബിബിസി റേഡിയോ 4ന്റെ “ദ ഡോൺ ഓഫ് ബ്രിട്ടീഷ് ജിഹാദ്” എന്ന ഡോക്യുമെന്റ്റി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതിൽ ഹാഫീസ് നടത്തിയ യുകെ യാത്രയെപ്പറ്റിയും ജിഹാദികളുടെ ആവശ്യകതയെപ്പറ്റിയും വിശദീകരിക്കുന്നുണ്ട്.
ബ്രിമ്മിങ്ഹാം, ലെയ്സ്സ്റ്റർ, ഗ്ലാസ്ഗോ, തുടങ്ങി ബ്രിട്ടനിലെ നിരവധി നഗരങ്ങളിൽ സയീദ് സഞ്ചരിച്ചിരുന്നു. ഇസ്ലാമിനുവേണ്ടി വിശുദ്ധ യുദ്ധം ചെയ്യാൻ മുസ്ലീങ്ങൾ തയ്യാറെടുക്കണമെന്നും സയീദ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: