കണ്ണൂര്‍: എകെജിയുടെ മഹത്വത്തെക്കുറിച്ച് ആവേശം കാട്ടുമ്പോഴും അദ്ദേഹത്തിന്റെ തറവാട്ടുവീട് സംരക്ഷിക്കാന്‍ സാധിക്കാത്ത സിപിഎം നിലപാട് ചര്‍ച്ചയാവുന്നു. എകെജിയുടെ തറവാട്ടുവീട് സംരക്ഷിതസ്മാരകമാക്കുമെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വീണ്ടും അധികാരത്തിലെത്തി ഒന്നര വര്‍ഷം പിന്നിടുമ്പോഴും ഇതിന് പാര്‍ട്ടി ശ്രമിക്കാത്തതാണ് ചര്‍ച്ചയായിരിക്കുന്നത്. എകെജിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് ഇതും ചര്‍ച്ചയാവുന്നത്. എകെജിയുടെ അനന്തര തലമുറ വീട് പൊളിച്ചുനീക്കിയപ്പോള്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടില്ലെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.
എകെജിയുടെ സഹോദരീപുത്രന് എ.കെ. സദാശിവന്റെ പേരിലായിരുന്നു തറവാട് വീട്. സദാശിവന് പുതിയ വീട് പണിയാനാണ് എകെജിയുടെ ജന്മഗൃഹമായ ഗോപാലവിലാസം പൊളിച്ചുമാറ്റിയത്. വീട് പൊളിച്ച് പുതിയത് പണിയാന്‍ സിപിഎം ഭരിക്കുന്ന പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കിയത് അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
വീട് സംരക്ഷിതസ്മാരകമാക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രിയായിരുന്ന എം.എ.ബേബി വീട് സന്ദര്‍ശിച്ചു. എന്നാല്‍ തുടര്‍ന്ന് നടപടികളൊന്നുമുണ്ടായില്ല. വീട് പൊളിച്ചുമാറ്റി പുതിയ വീട് നിര്‍മാണം പുര്‍ത്തിയാക്കുകയും ചെയ്തു. എകെജി ബാല്യം ചെലവഴിച്ച വീട് മാത്രമാണ് ഇതെന്നും പാര്‍ലമെന്റ് അംഗമായ ശേഷം എകെജി ആ വീട്ടില്‍ താമസിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അണികളുടെ പ്രതിഷേധം ശമിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചത്. എകെജി ലോക്സഭാ പ്രതിപക്ഷനേതാവായിരിക്കേ അദ്ദേഹത്തിന് ലഭിച്ച വേതനം കൊണ്ട് മോടി പിടിപ്പിച്ചതായിരുന്നു പൊളിച്ചു മാറ്റിയ തറവാട്ടു വീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: