ന്യൂദല്‍ഹി: ഹ്യൂമേട്ടന്റെ ഹാട്രിക്കില്‍ കേരള ബ്ലാസ്റ്റേഴ്സനിന് തകര്‍പ്പന്‍ വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ അവര്‍ ദല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 12,78, 83 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് ഹ്യൂം ഹാട്രിക്ക് തികച്ചത്. പ്രീതം കോട്ടലാണ് ദല്‍ഹിയുടെ ആശ്വാസ ഗോള്‍ കുറിച്ചത്. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റു നിലയില്‍ ആറാം സ്ഥാനത്തയക്ക് കയറി. ഒമ്പത് മത്സരങ്ങളില്‍ അവര്‍ക്ക് പതിനൊന്ന് പോയിന്റായി.
ദല്‍ഹിയുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ആതിഥേയരുടെ ആദ്യ നീക്കം ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരക്കാരനായ റിനോ ആന്റോയും വെസ് ബ്രൗസും ചേര്‍ന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് മധ്യനിരയില്‍ നിന്ന് പന്തുവാങ്ങി മുന്നേറിയ ലാലയിന്സുലയുടെ ഷോട്ട് പുറത്തേക്ക് പോയി. 12-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രത്യാക്രമണം ഗോളില്‍ കലാശിച്ചു. ഇടതു വിങ്ങിലൂടെ ദല്‍ഹിയുടെ പ്രതിരോധം കീറിമുറിച്ച് മുന്നേറിയ പെക്കുസന്‍ ഇയാന്‍ ഹ്യൂമനിന് പാസ് നല്കി. ഹ്യൂമിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി.1-0.
ഗോള്‍ വീണതോടെ ദല്‍ഹി ഉണര്‍ന്നുകളിച്ചു. നിരന്തരം അവര്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്ത് പന്തുമായി കയറിയിറങ്ങി. നേരിയ വ്യത്യാസത്തിനാണ് അവരുടെ നീക്കങ്ങള്‍ പലതും ഗോളില്‍ നിന്ന് വഴുതിപ്പോയത്.
എന്നാല്‍ ആദ്യ പകുതിയുടെ 44-ാം മിനിറ്റില്‍ അവര്‍ ഗോള്‍ മടക്കി.റോമിയോയുടെ ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. റോമിയോ ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തി വിട്ട് പന്ത് പ്രീതം കോട്ടല്‍ തലകൊണ്ട് ചെത്തി ബ്ലാസ്റ്റേഴ്സിന്റെ വലയിലാക്കി. 1-1. ഒന്നാം പകുതിയുടെ അധിക സമയത്ത് ദല്‍ഹി ഗോളി സബി പരിക്കേറ്റ് മടങ്ങി. സബിക്ക് പകരം അര്‍ണാബ് ദാസ് ശര്‍മയാണ് പി്ന്നീട് ഗോള്‍ വലയം കാത്തത്.
രണ്ടാം പകുതിയിലും ദല്‍ഹിയുടെ തേരോട്ടമാണ് കണ്ടത്. തകര്‍ത്തുകളിച്ച അവര്‍ ഒട്ടേറെ തവണ ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. പക്ഷെ ഗോള്‍ നേടാന്‍ മാത്രം അവര്‍ക്ക് കഴിഞ്ഞില്ല. മത്സരഗതിക്കെതിരെ 78-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ പിറന്നു. പെക്കുസന്‍ നീട്ടിക്കൊടുത്ത പന്തുമായി ഇയാന്‍ ഹ്യൂം നടത്തിയ ഉശിരന്‍ നീക്കമാണ് ഗോളായി മാറിയത്. ദല്‍ഹിയുടെ രണ്ട് പ്രതിരോധനിരക്കാരെ മറികടന്ന് ഹ്യൂം തൊടുത്തുവിട്ട ഷോട്ട് ദല്‍ഹിയുടെ പോസ്റ്റില്‍ കയറി 2-1.
ഒമ്പതു മിനിറ്റിനുള്ളില്‍ ഹ്യൂ ഹാട്രിക്ക് നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചു. സിഫ്നിയോസിന്റെ തലകൊണ്ടുള്ള പാസ് സ്വീകരിച്ച് മുന്നേറിയ ഹ്യൂം ദല്‍ഹി ഗോളിയെ കീഴടക്കി. 3-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: