ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ വെളിപ്പെടുത്തലുകളെന്ന തരത്തില്‍ പാക്കിസ്ഥാന് ഇന്ന് പുറത്തുവിട്ട വീഡിയോ വിശ്വാസ യോഗ്യമല്ലെന്ന് ഇന്ത്യ. പാകിസ്ഥാന് നടത്തുന്ന ഇത്തരം പ്രചാരണങ്ങളില്‍ ആശ്ചര്യപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
തടവില്‍ കഴിയുന്നയാളെക്കൊണ്ട് താന്‍ സന്തുഷ്ടമാണെന്ന് നിര്‍ബന്ധിച്ച് പറയിക്കുന്നതിനെപ്പറ്റി ഒന്നും പ്രതികരിക്കാനില്ല. രാജ്യാന്തര സമൂഹത്തോടുള്ള ബാധ്യത നിറവേറ്റാന്‍ പാകിസ്ഥാന് തയ്യാറാകണം. ഇന്ത്യന്‍ പൗരന്റെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കാന്‍ പാടില്ല. കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുകയാണ് വേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
കുല്‍ഭൂഷന്റെ പുതിയ വിഡിയോ പാക്ക് വിദേശകാര്യമന്ത്രാലയമാണ് പുറത്തുവിട്ടത്. വിഡിയോയില്‍ ജാദവ് പാകിസ്ഥാന് നന്ദി പറയുന്നുണ്ട്. ഭാര്യയോടും മാതാവിനോടും പാകിസ്ഥാന് അധികൃതര്‍ മാന്യമായി പെരുമാറിയെന്നും എന്നാല്‍ ഇന്ത്യന്‍ ഹൈകമീഷണര്‍ അവരെ തന്റെ മുന്നില്‍ വച്ച് ശകാരിച്ചതായും ജാദവ് പറയുന്നു. ഭാര്യയും മാതാവും ഭയപ്പെട്ടതുപോെല തനിക്ക് തോന്നി. ഇരുവരെയും കാണാനായതില്‍ താന്‍ സന്തോഷവാനാണ്. താന്‍ ഇപ്പോഴും ഇന്ത്യന്‍ നാവികോദ്യോഗസ്ഥനാണെന്നും വിഡിയോയില്‍ ജാദവ് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: