ചാത്തന്നൂര്‍: യുവാവിനെ വാനിടിച്ച് കൊലപ്പെടുത്തിയ
സംഭവത്തില്‍ മൂന്നുപേരെ ചാത്തന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ടിന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. നെടുമ്പന പള്ളിമണ്‍ സ്കൂള്ജംഗ്ഷന് സമീപം യുവാവ് പിക്-അപ്പ് വാന്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ പള്ളിമണ്‍ പുനവൂര്‍ ചരുവിളവീട്ടില്‍ സുരേഷ്-അജിത ദമ്പതികളുടെ മകന് ആകാശ് (20) ആണ് മരിച്ചത്.
സ്കൂള്‍ ജംഗ്ഷന് സമീപത്തെ സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ പിക്ക്-വാനിടിച്ചാണ് മരണം.
ഗ്യാസ് ഏജന്‍സിക്ക് സമീപമുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ആകാശ്. നടന്നുവരികയായിരുന്ന ആകാശ് എതിരെ വന്ന പിക്ക്-വാന്‍ സൈഡ് നല്‍കാത്തതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് വാനിലുണ്ടായിരുന്നവരും ആകാശും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് പിരിഞ്ഞുപോയി. ഏറെ നേരത്തിനുശേഷം മടങ്ങിയെത്തിയ ആകാശ് വീണ്ടും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
തുടര്‍ന്ന് ഗ്യാസ് ഏജന്‍സിയുടെ ഓഫീസിന്റെ ഗ്ലാസ് ചില്ലുകളും പിക്-അപ് വാഹനത്തിന്റെ ഗ്ലാസും അടിച്ചുതകര്‍ത്തു.
ഇതിനുശേഷം മടങ്ങവെ പ്രതികള്‍ പിക്അപ്പ് വാനില്‍ പിന്തുടര്ന്നെത്തി ആകാശിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പലതവണ വാന്‍ യുവാവിന്റെ ശരീരത്തിലൂടെ കയറ്റി ഇറക്കി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചയോടെ മരിച്ചു. ഇതേ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മറവ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ പള്ളിമണില്‍ സംഘര്‍ഷാവസ്ഥയായി.
സംഭവസ്ഥലത്തിന് സമീപമുളള വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. പ്രതികള്‍ക്കെതിരെ മനപ്പൂര്‍വ്വമുളള നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നതെന്ന് ചാത്തന്നൂര്‍ അസി.പൊലീസ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദ് പറഞ്ഞു.കൂലിപ്പണിക്കാരനാണ് ആകാശ്. സഹോദരന്: ആദര്‍ശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: