പോത്തന്‍കോട്: കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയുടെ പേരില്‍ ഗുണഭോക്താക്കളെ ചെളി വെള്ളം കുടിപ്പിക്കുകയാണ് അധികൃതര്‍. മാണിക്കല്‍ പഞ്ചായത്തില്‍ പൂലന്ത, ശാന്തിഗിരി പ്രദേശവാസികള്‍ക്കാണ് ഈ ദുരവസ്ഥ.
കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയുടെ ജലനിധി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കിയത്. പൂലന്തറയിലെ 109 കുടുംബങ്ങള്‍ക്കാണ് പദ്ധതി പ്രകാരം കുടിവെള്ളം ലഭിക്കുന്നത്. എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. പദ്ധതി നടപ്പാക്കാന്‍ പൂലന്തറ ക്ഷേത്രത്തിന് സമീപത്തെ പ്രധാന ജലസ്രോതസായ ചിറയാണ് അധികാരികള്‍ തെരഞ്ഞെടുത്തത്. തുടര്‍ന്ന് ചിറയുടെ മധ്യഭാഗത്ത് ആഴത്തില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റ് ഉറകള്‍ ഇറക്കിയും സ്ലാബുകള്‍ നിര്‍ത്തിയും മോട്ടോര്‍ ഉപയോഗിച്ച് ടാങ്കില്‍ പമ്പ് ചെയ്തശേഷം ജലം ഗുണഭോക്താവിന് എത്തിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വര്‍ഷങ്ങള്‍ വൈകിയതിനാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കള്‍ക്ക് ജലം നല്‍കിയിരുന്നു.
എന്നാല്‍ ചിറയോ കിണറോ വൃത്തിയാക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. ചിറയും കിണറും വൃത്തിഹീനമായി പായല്‍ പിടിച്ച അവസ്ഥയിലാണ്. കിണറ്റില്‍ മൂടിയിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊട്ടിയ നിലയിലും. കുടിവെള്ളത്തിന്റെ ഗുണമേന്മ അധികാരികള്‍ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുടിവെള്ളം ചെളിവെള്ളമാണെന്ന വിവരം അധികാരികളെ അറിയിച്ചിട്ടും കേള്‍ക്കാത്ത ഭാവത്തിലാണെന്ന് ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തുന്നു. പദ്ധതികളിലൂടെ ഗുണഭോക്താക്കളെ കബളിപ്പിക്കുന്ന അധികൃതര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: