ഇടുക്കി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൊട്ടാക്കമ്പൂര്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ മൂന്നാറില്‍ വട്ടവട വഴി ജീപ്പ് മാര്‍ഗം കോവിലൂരില്‍ എത്തിയ എന്‍ഡിഎ പ്രതിനിധി സംഘത്തിന് ബിജെപി വട്ടവട പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്കി. തലമുറകളായി താമസിക്കുന്ന ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന പദ്ധതിയ്ക്കേ എന്‍ഡിഎ കൂട്ടുനില്ക്കുകയുള്ളുവെന്ന് ചടങ്ങില്‍ സംസാരിക്കവെ ജെആര്‍എസ് നേതാവ് സി.കെ. ജാനു പറഞ്ഞു.
ദേവികുളം സബ്കളക്ടര്‍ പട്ടയം റദ്ദാക്കിയ ജോയിസ് ജോര്‍ജ ്എംപിയുടെ ഭൂമി, ഭൂമാഫിയ കൈയേറി വന്‍തോതില്‍ ഗ്രാന്റീസ് മരങ്ങള്‍ കൃഷി ചെയ്തിരിക്കുന്ന മേഖലകള്‍, കുറിഞ്ഞിച്ചെടി കത്തിച്ച ജണ്ടപ്പാറ മേഖല എന്നിവിടങ്ങളിലും സംഘമെത്തി. ഇതുവഴി കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തിവരെ പോയശേഷം ബ്ലോക്ക് 62ഉം സന്ദര്‍ശിച്ചാണ് മടങ്ങിയത്.
സന്ദര്‍ശനത്തിനിടെ പൂത്ത നീലക്കുറിഞ്ഞി കാണാനായത് സംഘാംഗങ്ങള്‍ക്ക് സന്തോഷമായി. ഇത് ഭാഗ്യമായി കാണുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
വി. ഗോപകുമാര്‍, രാജന് കണ്ണാട്ട്, തെക്കന്‍ സുനില്‍ കുമാര്‍, അഡ്വ. എ.എന്‍. രാജന് ബാബു, കെ.കെ. പൊന്നപ്പന്, കുരുവിള മാത്യൂസ്, രമാ ജോര്‍ജ്, വി.വി. രാജേന്ദ്രന്, എം.പി. ജോയ്, പി.കെ. കൃഷ്ണദാസ് എന്നിവരുടെ സംഘമാണ് വിവാദഭൂമി സന്ദര്‍ശിച്ചത്. ബിജെപി നേതാക്കളായ അഡ്വ. എ.കെ. നസീര്‍, അഡ്വ. ജെയ്സ് ജോണ്‍, ബിനു ജെ. കൈമള്‍, എന്‍. ഹരി, പി.എ. വേലുക്കുട്ടന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സെപ്തംബര്‍ 11ന് ജന്മഭൂമി പുറത്ത് വിട്ട വാര്‍ത്തയാണ് കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ജനശ്രദ്ധയിലെത്തിച്ചത്. തുടര്‍ന്നാണ് മന്ത്രിതലസംഘം ഇവിടെ സന്ദര്‍ശനം നടത്തിയത്.
കുറിഞ്ഞിമല യൂക്കാലി ഉദ്യാനമായി: കുമ്മനം
ഇടുക്കി: കുറിഞ്ഞി ഉദ്യാനം യൂക്കാലി ഉദ്യാനമായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കുറിഞ്ഞിമല സന്ദര്‍ശിച്ച ശേഷം മൂന്നാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറിഞ്ഞിമലയില് കയ്യേറ്റം വ്യാപകമാണെന്ന് ബോധ്യപ്പെട്ടു. കുറിഞ്ഞി ദേശീയ ഉദ്യാനം എന്നത് കടലാസില്‍ മാത്രമൊതുങ്ങി്, രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ പിന്തുണയോടെ നടക്കുന്ന കയ്യേറ്റത്തെപ്പറ്റി സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: