കോട്ടയം: പുതുതായി സര്‍വ്വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പുനഃപരിശോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം.
ഇത് ശരിവച്ച് എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ പങ്കാളിത്തപെന്‍ഷന്‍ സംബന്ധിച്ച് വ്യക്തത വരുത്തികൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കുന്ന തീയതി മുതല്‍ മാത്രം പെന്ഷന് വിഹിതം അടച്ചാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. പങ്കാളിത്ത പെന്ഷന് പദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഭരണപക്ഷ യൂണിയനുകള്‍ വെട്ടിലായിരിക്കുകയാണ്. പുതിയ ജീവനക്കാരെ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിപ്പിക്കുമെന്ന് പ്രലോഭിപ്പിച്ചാണ് യൂണിയനില്‍ ചേര്‍ത്തിരുന്നത്.
കൂടാതെ എന്‍ജിഒ യൂണിയന്, ജോയിന്റ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തടയാനും പങ്കാളിത്ത പെന്ഷന് അവസാനിപ്പിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് തിരികെ കൊണ്ടുവരുമെന്നും ഉറപ്പ് കൊടുത്തിരുന്നു. എന്നാല്‍ ഇതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി തുടങ്ങിയത്. ഇതിനെ അന്നത്തെ പ്രതിപക്ഷം നഖശിഖാന്തം എതിര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യവാഗ്ദാനമായിരുന്നു പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പിന്‍വലിക്കുമെന്നത്. എന്നാല്‍ അധികാരത്തലേറി രണ്ട് വര്‍ഷമായിട്ടും പദ്ധതി പുനഃപരിശോധിക്കാന്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞദിവസം സിപിഎം കോട്ടയം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇത് സംബന്ധിച്ച് സൂചന നല്കി. സാമ്പത്തിക പ്രതിസന്ധി നിമിത്തം സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് കോടിയേരി പറഞ്ഞത്. പെന്ഷന് പ്രായം ഉയര്‍ത്തുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്. വിരമിക്കല്‍ പ്രായം 56-ല്‍ നിന്ന് 58 ആക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: