കൊച്ചി: ജനങ്ങളെ ഒന്നിപ്പിക്കാനും വേര്‍തിരിവുകള്‍ ഇല്ലാതാക്കാനും ശക്തമായ മാധ്യമം സാഹിത്യമാണെന്ന് പ്രശസ്ത സാഹിത്യകാരന് സി.രാധാകൃഷ്ണന്. മലയാളത്തോളം വൈവിധ്യമുള്ള മറ്റൊരു ഭാഷായുമില്ല. ലോകത്തെ എല്ലാ ഭാഷയില്‍ നിന്നും കുറഞ്ഞത് ഒരു വാക്കെങ്കിലും മലയാളത്തില്‍ ഉണ്ടാകും. മതത്തിന്റെ കാര്യത്തിലും ഭാഷയുടെ കാര്യത്തിലും കേരളത്തിലാണ് ഇവയെല്ലാം ആദ്യമെത്തുക.
ഒരേയൊരിന്ത്യ എന്ന സങ്കല്‍പ്പം തന്നെ സാഹിത്യത്തിലൂടെയാണ് യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്ന കൊച്ചി സാഹിത്യോത്സവത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച വടക്കു കിഴക്കന്‍, ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സി.രാധാകൃഷ്ണന്.
നിരൂപകന് എം. തോമസ് മാത്യു സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ പങ്കെടുത്ത എഴുത്തുകാര്‍ വ്യത്യസ്ത ഭാഷയിലുള്ള കവിതകള്‍ ചൊല്ലി. പ്രഭാവര്‍മ, അനന്തപദ്മനാഭനെ വര്‍ണിച്ച് വേര് എന്ന കവിതയും ചൊല്ലിയത് നിറഞ്ഞ കയ്യടികളോടെയാണ് അന്യഭാഷാ എഴുത്തുകാര്‍ സ്വീകരിച്ചത്. മലയാള ഭാഷയുടെ താളവും ചടുലതയും കവിതയ്ക്ക് ഗാംഭീര്യം നല്‍കുന്നുവെന്ന് എഴുത്തുകാര്‍ അഭിനന്ദിച്ചു. മിഹിര്‍ മൗസം റോയ് (ആസാം), അരബിന്ദോ ഉസിര് (ബോഡോ), പി. ചന്ദ്രിക (കന്നഡ), ലോയ്ത്തം ഇനോബി ദേവി (മണിപ്പൂര്‍), ഷീല തമാങ് (നേപ്പാള്‍), നെല്ലായി എസ് മുത്തു (തമിഴ്), ആദിഗോപുല വെങ്കിടരത്നം (തെലുങ്ക്) എന്നിവരും കവിതകള്‍ അവതരിപ്പിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു സ്വാഗതവും റീജിയണല്‍ സെക്രട്ടറി എസ്.പി. മഹാലിംഗേശ്വര് നന്ദിയും പറഞ്ഞു.
സാഹിത്യോത്സവത്തില്‍ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിക്ക് കവിത: പുതിയ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. എം. ലീലാവതി അധ്യക്ഷത വഹിക്കും. മനോജ് ശര്‍മ്മ (ആസാം), എസ്. ആര് വിജയശങ്കര്‍ (കന്നഡ), എച്ച്. ബിഹാരി സിംഗ് (മണിപ്പൂര്‍), സ്വാതി ശ്രീപദ (തെലുങ്ക്) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 11.45 ന് കവിസമ്മേളനം. തുടര്‍ന്ന് ചെറുകഥാവതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: