പാലക്കാട്:ചിറ്റൂര്‍-ഗായത്രി പുഴകളെ ആശ്രയിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടിയന്തരമായി മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ.പറഞ്ഞു.ജില്ലാ കലക്റ്ററേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന ചിറ്റൂര്‍-ഗായത്രി പുഴ ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രദേശത്തെ ജലദൗര്‍ലഭ്യം ജലസേചനവകുപ്പ് മന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
ഗുരുതരമായ കാര്‍ഷിക വെല്ലുവിളികളാണ് കര്‍ഷകര്‍ നേരിടുന്നത്. പറമ്പിക്കുളം-ആളിയാര്‍ അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലം തമിഴ്നാട് വിട്ടുതരുന്നില്ല. നിലവില്‍ കേരളത്തിന് ആവശ്യമുള്ള ജലം ഉപയോഗിച്ചതിനുശേഷം ബാക്കിയുള്ള ജലം തമിഴ്നാടിന് ഉപയോഗിക്കാം എന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍ നാല് ചെക്ക് ഡാമുകള്‍ കെട്ടി വന്‍തോതിലാണ് ജലം തമിഴ്നാട് കൊണ്ടുപോകുന്നത്. കരാര്‍ വ്യവസ്ഥകള്ക്കെതിരാണിത്.ഇക്കാര്യം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിക്ക് ശേഷം മുഖ്യമന്ത്രിയെ നേരില്‍ കാണും. ശിരുവാണി ഡാമില്‍ നിന്നും തമിഴ്നാടിന് അര്‍ഹമായ 1.3 ടി.എം.സി. ജലത്തിന് പുറമേ മൂന്നിരട്ടിയോളം ജലം നല്‍കുന്നുണ്ട്. ഇതില്‍ നിയന്ത്രണം വരുത്തണം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.മലമ്പുഴ-വാളയാര്‍ ഡാമുകളില്‍ നിന്നടക്കം തമിഴ്നാട് അനധികൃതമായി ജലമൂറ്റുന്നത് നോക്കിയിരിക്കാനാകില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും കൃഷിക്കാരുടെ വികാരം കൃത്യമായി മുഖ്യമന്ത്രിയെ അറിയിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ജലസേചന കനാലുകളുടെ നവീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഈ മാസം 15 നകവും പദ്ധതി 25നകവും പൂര്‍ത്തിയാക്കും. ചിറ്റൂര്‍-ഗായത്രി-വാളയാര്‍ കനാല്‍ നവീകരണത്തിന് യഥാക്രമം 3.6 കോടി, 50 ലക്ഷം, ഒരുകോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായും ഭരണാനുമതി തൊട്ടടുത്ത ദിവസം ലഭിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കിരണ്‍ എബ്രഹാം തോമസ് പറഞ്ഞു. നിലവില്‍ കനാലുകളെല്ലാം ചളി നിറഞ്ഞും പായല്‍ മൂടിയും ഉപയോഗശൂന്യമാണ്.
പല കനാലുകളിലും മണ്ണിട്ടുമൂടി വ്യാപകമായി കയ്യേറ്റം നടത്തി കൃഷി ചെയ്തിരിക്കുകയാണ്. കനാല്‍ കയ്യേറ്റം അടിയന്തരമായി ഒഴിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കനാലുകളുടെ ചുമതലയുള്ള അസി.എഞ്ചിനിയര്‍മാര്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകും. പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് പറമ്പിക്കുളത്തുനിന്നും ആളിയാര്‍ ഡാമിലേക്ക് ജലമെത്തിക്കണമെന്നും ഇതിനായി തമിഴ്നാട് ചീഫ് എഞ്ചിനീയറുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും ജോയിന്റ് വാട്ടര്‍ റെഗുലേഷന് ബോര്‍ഡ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ സുധീര്‍ അറിയിച്ചു.
നിലവില്‍ മീങ്കര ഡാമില്‍ 35.6, ചുള്ളിയാര്‍ ഡാമില്‍ 35.5, വാളയാര്‍ ഡാമില്‍ 59.75 അടി വെള്ളമുണ്ട്.ഇത്രയും ജലമുപയോഗിച്ച് യഥാക്രമം 28, 14, എട്ട് ദിവസത്തേക്ക് കൃഷി ചെയ്യാനാകും.എഡിഎംഎസ്.വിജയന് അധ്യക്ഷനായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: