കല്‍പ്പറ്റ: മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന വയനാട് ജില്ലയ്ക്ക് ഇടതുസര്‍ക്കാരിന്റെ സമ്മാനമായി ലഭിച്ചത് വികസമുരടിപ്പും സ്വപ്ന പദ്ധതികളില്‍ നിന്നുള്ള പിന്മാറ്റവും. നഞ്ചന്‍കോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍വേ പദ്ധതി അട്ടിമറിച്ചും രാത്രിയാത്രാ വിലക്ക് പരിഹരിക്കാതെയും തകര്‍ന്ന ചുരം റോഡുകള്‍ അറ്റകുറ്റപ്പണി നടത്താതെയും വയനാടവികസന മുരടിപ്പില്‍തന്നെ. ഭൂമിശാസ്ത്രപരമായി തന്നെ ഒറ്റപ്പെട്ടുകിടക്കുന്ന വയനാട് ജില്ലയില്‍ വ്യോമ, ജല, റെയില്‍ ഗതാഗത സംവിധാനങ്ങളില്ല. റോഡുകളെല്ലാം തകര്‍ന്ന് ഗതാഗതം അസാധ്യമായിരിക്കുകയാണ്.
ചുരം റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതു മൂലം നിത്യേന മണിക്കൂറുകളോളമാണ് ഗതാഗതതടസ്സം നേരിട്ടുകൊണ്ടിരിക്കുന്നത്. മണ്‍സൂണ്‍കാലത്ത് മണ്ണിടിഞ്ഞും പാറകള്‍ അടര്‍ന്നുവീണും ഗതാഗതതടസ്സം പതിവാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കോഴിക്കോടിനെ ആശ്രയിക്കുന്ന വയനാട്ടുകാര്‍ക്ക് ചുരത്തിലെ ഗതാഗതതടസ്സം സഹിക്കാവുന്നതിലപ്പുറമാണ്. വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തിയും വര്‍ഷങ്ങളായി കടലാസില്‍മാത്രം. ചുരംറോഡുകള്‍ യഥാസമയം നവീകരിക്കാനോ ബദല്‍ പാതകള്‍ പണിയാനോ സര്‍ക്കാര്‍ തയ്യാറാവാത്തത് വയനാട്ടുകാരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയാണ്.
തളിപ്പുഴ താമരശ്ശേരി ചുരം ബദല്‍ റോഡ്, മേപ്പാടി-ആനക്കാംപൊയില്‍ റോഡ്, പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് തുടങ്ങിയ ബദല്‍ പാതകളെല്ലാം മുടങ്ങിയിരിക്കുകയാണ്. അനുമതി ലഭിച്ചിട്ടും ഇടതു സര്‍ക്കാര്‍ തുക നല്കാത്തതിനാല് സ്വപ്ന പദ്ധതിയായ നഞ്ചന്‍കോഡ്-വയനാട്–നിലമ്പൂര്‍ റെയില്‍പാതയുടെ പ്രതീക്ഷകളും അസ്ഥാനത്തായി.
മക്കിയാട്-നിരവില്‍പ്പുഴ പാതയിലെ കുഴികളടക്കാന്‍ ഇനിയും നടപടികളായില്ല.
വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹരിക്കുന്നതിനോ വയനാട്ടുകാര്‍ക്ക് പ്രത്യാശയേകുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോപോലും നടത്താന്‍ കഴിയാതെ പിണറായി സര്‍ക്കാര്‍ വയനാടിനെ അവഗണിക്കുകയാണ്. വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും ജില്ലയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് കാലങ്ങളായി വയനാച്ചുകാര് സമരത്തില്‍ തന്നെയാണ്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്നുനടിക്കുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: