പാലക്കാട്:കൊക്കോകോളയെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തി മലയാളികളെ വഞ്ചിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ഒത്തു തീര്‍പ്പു ചര്‍ച്ചയിലൂടെ വീണ്ടും പതിനഞ്ച് വര്‍ഷമായി തുടര്‍ന്ന ജനകീയ സമരത്തെയും വഞ്ചിച്ചിരിക്കുകയാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സമിതി അഭിപ്രായപ്പെട്ടു.
പ്ലാച്ചിമടയിലെ കര്‍ഷകരുടേയും ആദിവാസികളുടേയും കൃഷിഭൂമികളും കുടിവെള്ള സ്രോതസ്സുകളും നശിപ്പിച്ച കൊക്കോ കോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടി 2011 ല്‍ കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ കൊക്കോ കോള നഷ്ടപരിഹാര ട്രിബ്യുണല്‍ ബില്‍ നാല് വര്‍ഷത്തോളം മരവിപ്പിച്ച മന്മോഹന് സിങ് സര്‍ക്കാരും കേരളത്തോടു കാണിച്ച അതെ അവഗണന തന്നെയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും ചെയ്യുന്നതെന്ന് ദേശീയ സമിതി വിലയിരുത്തി.
ഏറ്റവുമൊടുവില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് കളക്ടറേറ്റിനു മുന്നില്‍ നടത്തി വന്ന സത്യഗ്രഹ സമരം ശക്തിയാര്‍ജ്ജിച്ചു വന്നപ്പോള്‍ ഒത്തുതീര്‍പ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് സമരത്തെ നിര്‍വീര്യമാക്കി.സമരസമിതിയുടെ മൂന്ന് ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിക്കുകയും മൂന്നു മാസത്തിനുള്ളില്‍ നടപടികള്‍ ഉണ്ടാകുമെന്നു ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം നിറുത്തുന്നതെന്ന് സമര സമിതി നേതാക്കള്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍, നാലരമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല ഒത്തുതീര്‍പ്പു ചര്‍ച്ച നടന്നതിന്റെ മിനുറ്റ്സ് സമരസമിതിക്ക് നല്കാന് പോലും തയ്യാറായില്ലെന്നത് ഒത്തുതീര്‍പ്പിന്റെ ലക്ഷ്യം സമരത്തെ ഇല്ലാതാക്കുക എന്നത് മാത്രമായിരുന്നെന്ന് വ്യക്തമാവുന്നു.ഈ സാഹചര്യത്തില്‍ ജനകീയസമരം ശക്തമാക്കുന്നതിന് സ്വദേശി ജാഗരണ്‍ മഞ്ച് മുന്നോട്ടു വരുമെന്ന് ദേശീയസമിതിയംഗം തൊടുപറമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുന്നറിയിപ്പ് നല്കി. ഇതു സംബന്ധമായി സംസ്ഥാന സര്‍ക്കാരിന് സമരമുന്നറിയിപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഈ മാസം പാലക്കാട് വച്ച് വിപുലമായ ജനകീയ സമരകണ്വെന്ഷന് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: