തൃപ്പൂണിത്തുറ: ശ്രീപൂര്ണത്രയീശക്ഷേത്രത്തിലെ അമ്പലം കത്തി ഉത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഇന്നലെ നടന്നു. ദീപാരാധന സമയത്ത് ക്ഷേത്രത്തിലും പ്രദക്ഷണ വഴിയിലും കത്തിക്കുന്നതിനുള്ള കര്‍പ്പൂരം നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടു കൂടിയാണ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. ദീപാരാധനയ്ക്കുശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മുരളിനാരായണന് നമ്പൂതിരിപ്പാട് ശ്രീലകത്തുനിന്നും കൊളുത്തിയെടുത്ത ദീപത്തില്‍ നിന്ന് നടപ്പുരയുടെ കര്പ്പൂരത്തിന് ആദ്യ തീ പകര്‍ന്നു. തുടര്‍ന്ന് ക്ഷേത്രജീവനക്കാരും ഭക്തരും ചേര്‍ന്ന് നടപ്പുരയിലും ക്ഷേത്രത്തിനു ചുറ്റുമുളള പ്രദക്ഷിണ വഴിയിലും നിരത്തിയ കര്പ്പൂരങ്ങളിലേക്ക് തീപകരുകയായിരുന്നു.
പണ്ട് അമ്പലംകത്തിയപ്പോള് മൂല വിഗ്രഹം ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തുള്ള പുത്തന്‍ ബംഗ്ലാവിലേക്ക് മാറ്റുകയും പിന്നിട് പുണ്യാഹം കലശം എന്നീ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമായാണ് തുലാം ഒന്‍പതിന് അമ്പലംകത്തി മഹോത്സവം ആചരിക്കുന്നത്.
നടപ്പുരയിലും പ്രദക്ഷിണ വഴികളിലും നിറഞ്ഞ കര്പ്പൂരാഗ്നിയില് നിന്ന് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പൊങ്ങിയ ദീപനാളങ്ങളും കര്‍പ്പൂരഗന്ധവും പുകയും ക്ഷേത്രത്തിനുളളില്‍ അഗ്നിബാധയുടെ പ്രതീതി സൃഷ്ടിച്ച് കര്‍പ്പൂര ദീപക്കാഴ്ച തൊഴുത് പതിനായിരങ്ങളാണ് ശ്രീപൂര്‍ണത്രയീശന്റെ അനുഗ്രഹം തേടി. ഇന്നലെ രാവിലെ 8 മണി മുതല്‍ 10 മണി വരെ കാഴ്ച്ച ശ്രീവേലിക്കു കിഴക്കൂട്ട് അനിയന് മാരാരൂടെ പ്രമാണത്തില്‍ പഞ്ചാരിമേളവും, കര്‍പ്പൂരം എഴുന്നള്ളിപ്പിന് ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെ പഞ്ചവാദ്യവും നടന്നു. തുടര്‍ന്ന് പഞ്ചാരിമേളം ചെറുശ്ശേരികുട്ടന് മാരാരുടെ പ്രമാണത്തില്‍ നടന്നു. ആതിര വര്‍മ്മ, അശ്വതി വര്‍മ്മ എന്നിവരുടെ അഷ്ടപദി കച്ചേരിയും നടന്നു. വൈകിട്ട് ഏഴിന് ഇരട്ടതായമ്പക കലാമണ്ഡലം വിവേക് ചന്ദ്രനും മുളംകുന്നത്തുകാവ് രഞ്ജിത്ത് നമ്പ്യാരുടെയും പ്രമാണത്തില്‍ നടന്നു. രാത്രി 9 ന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളത്തോടെ വിളക്കിനു എഴുന്നള്ളിപ്പും നടന്നു. ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ.അരുണ്‍കുമാര്‍, കെ.എന്‍.ഉണ്ണികൃഷ്ണന് എന്നിവര്‍ ക്ഷേത്രസന്നിധിയില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: