പത്തനംതിട്ട: അയിരൂരില്‍ ബാലികയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ സിപിഐ(എം) പ്രാദേശിക നേതാക്കള്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍.
സംഭവത്തെക്കുറിച്ച് അവര്‍ പറയുന്നത്, പീഡനവിവരം കുട്ടിയില്‍ നിന്നും അറിഞ്ഞ ആഗസ്റ്റ് 31ന് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 12ന് പഞ്ചായത്ത് മെമ്പര്‍ ആനന്ദക്കുട്ടനേയും 13ന് മെമ്പര്‍ സുരേഷ് കുഴിവേലിയേയും വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 14ന് കോയിപ്രം പോലീസ് കേസ്രജിസ്റ്റര്‍ ചെയ്ത് കോഴഞ്ചേരി സിഐയ്ക്ക് കേസന്വേഷണം കൈമാറിയതും. 15ന് ഡോക്ടര്‍മാര്‍ കുട്ടിയുടെ മെഡിക്കല്‍ എടുക്കുവാന്‍ തയ്യാറാക്കാകാതിരുന്നതിനെ തുടര്‍ന്ന് 16ന് രാവിലെ സുരേഷ് കുഴിവേലിയോടെപ്പം കോയിപ്രം പൊലീസ് സ്റ്റേഷനില്‍ പോവുകയും ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തി പരിശോധന നടത്തുകയും ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍, എസ്ഐ, സിഐ, എസ്പി, കളക്ടര്‍, ഡിഎംഒ തുടങ്ങിയവരെ നേരില്‍ കണ്ട് പരാതി നല്കാന് തങ്ങളോടൊപ്പം വന്നതും തന്റെ പരാതി പ്രത്യേകമായി നല്കിയതും സുരേഷ് കുഴിവേലിയാണ്. ഈ കേസിന്റെ തുടക്കം മുതല്‍ തങ്ങളോടൊപ്പം നിന്നതിന്റെ പേരില്‍ പലതരത്തിലുള്ള ഭീഷണികളും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകളും അദ്ദേഹത്തിനെതിരേ ഉണ്ടായിട്ടുണ്ട്. സത്യവിരുദ്ധമായ പ്രസ്താവനകള്‍ നടത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം ഖേദകരമാണെന്നും അവര്‍ പറഞ്ഞു.
പഞ്ചായത്ത് മെമ്പര്‍ രണ്ടുമാസക്കാലം വിവരം മറച്ചുവെച്ചു എന്നതും പാര്‍ട്ടിനേതാക്കള്‍ വീട്ടില്‍ വന്നതിനു ശേഷം അവരാണ് ചൈല്‍ഡ് ലൈന്‍, പൊലീസ് എന്നിവരെ വിവരം അറിയിച്ചത് എന്നുള്ള പ്രചരണവും പൂര്‍ണ്ണമായും തെറ്റാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയ്ക്കു ശേഷം കേസ് നടപടികള്‍ പകുതി പൂര്‍ത്തിയായതിനു ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നത്.
മറ്റൊരു മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകാതിരിക്കുന്നതിനും കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനുമാണ് കേസുമായി മുമ്പോട്ടുപോകാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും കേസിനെ രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നത് മൂലം കുട്ടിക്കുണ്ടായ പീഡനത്തേക്കാള്‍ വലിയ പീഢനമാണ് വീട്ടുകാര്‍ അനുഭവിക്കുന്നതെന്നും മാതാപിതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: