അടൂര്‍: ഇന്നും വികസനം എത്താതെ വടക്കടത്തുകാവിന്റെ പ്രതാപം പടിയിറങ്ങുന്നു. ഏറത്ത് പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ പരാധീനതകള്‍ പരിഹരിക്കാന്‍ അധികൃതര്‍ക്കും കഴിഞ്ഞില്ല.
200 വര്‍ഷം പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനം, റിസര്‍വ് പൊലീസ് ബറ്റാലിയന് ആസ്ഥാനം, എഞ്ചിനീയറിംഗ് കോളേജ്, ഗവ. പോളിടെക്നിക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഏറത്ത് പഞ്ചായത്തിലാണെങ്കിലും പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന വടക്കടത്തുകാവിന് മാത്രം ഇപ്പോഴും മാറ്റമില്ല. എംസി റോഡ് കടന്ന് പോകുന്ന വടക്കടത്തുകാവിന്റെ ദുരവസ്ഥകാരണം തേടുകയാണ് നാട്ടുകാരും.
സമൃദ്ധിയുടെ ഭൂതകാലത്തില്‍ നിന്നും ജീര്‍ണതയുടെ വര്ത്തമാനകാലത്തിലെത്തിയിരിക്കുകയാണ് വടക്കടത്തുകാവ് ചന്തയും, ചന്തയിലേക്ക് വ്യാപാരികളൊ ഉപഭോക്താക്കളോ എത്താറെയില്ല. ഇതോടെ വ്യാപാരവും ഇല്ലാതെയായി. ഒരു കാലത്ത് കച്ചവടക്കാരെയും ഉപഭോക്താക്കളേയും കൊണ്ട് നിറഞ്ഞ ചന്തയാണ് ഇന്ന് ആളൊഴിഞ്ഞ് കാടുകയറി നായകളുടെ വിഹാര കേന്ദ്രമായി മാറിയത്. ഗ്രാമചന്തകളുടെ പുനരുജ്ജീവനം ഉണ്ടാകുമെന്ന ജനങ്ങളുടെ പ്രതീക്ഷയും അസ്തമിച്ചു. വടക്കടത്തുകാവ് പബ്ളിക്ക് മാര്‍ക്കറ്റില്‍ 2001 ല്‍ കച്ചവടം നടത്താനായി ലക്ഷങ്ങള്‍ ചിലവിട്ട് ഷെഡ്ഡ് കം യാഡ് നിര്‍മ്മിച്ചിരുന്നു.
എന്നാല്‍ ഇന്ന് ഇത് അനാഥമായി കിടക്കുകയാണ്. വെള്ളക്കുളങ്ങര, ചൂരക്കോട്, പരുത്തപ്പാറ എന്നിവിടങ്ങളില്‍ നിന്നും ചന്തയിലേക്ക് സാധനങ്ങള്‍ തലച്ചുമടായും മറ്റും എത്തിച്ചിരുന്നു. ഇപ്പോള്‍ ചന്തയുടെ ഒരു ഭാഗത്ത് അക്ഷയ കേന്ദ്രവും ഹോമിയോ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ചന്ത പ്രവര്‍ത്തിച്ചിരുന്നത്.
ചന്തയ്ക്ക് ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും നായകളുടെ ശല്ല്യം രൂക്ഷമാണ്. കൂടാതെ കാടുകയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. ഒരു കാലത്ത് സജീവമായിരുന്ന ചന്തയാണ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്. ഇത് കര്‍ഷകരുടെ ചന്തയാക്കി മാറ്റണമെന്നും കര്‍ഷകവിപണി ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: