കൊച്ചി: എറണാകുളം നഗരത്തില്‍ കാല്‍നടക്കാര്‍ക്ക് ഇടമില്ല. അധികൃതരുടെ ഒത്താശയോടെ കച്ചവടക്കാര്‍ കച്ചവട സ്ഥലത്തിന്റെ മുന്നിലെ റോഡ് വില്‍ക്കുന്നതോടെ ഗതാഗതത്തിനൊപ്പം കാല്‍നടയാത്രയും ദുഷ്ക്കരമാകുന്നു. പോലീസുകാര്‍ അനധികൃതപാര്ക്കിംഗിന് വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല. വഴിവാണിഭക്കാര്‍ റോഡില്‍ സാധനങ്ങള്‍ നിരത്തി വില്‍പ്പന നടത്തുന്നത് പോലീസ് തടയുന്നില്ല. ഇവര്‍ക്കെതിരെ നടപടിയുമില്ല. കച്ചവടക്കാര്‍ പ്രവേശന കവാടം ചുരുക്കി വഴിവാണിഭക്കാരന് സൗകര്യമൊരുക്കുന്നു. ഇതാണ് മേനകയിലും ബ്രോഡ്വേയിലും റോഡിനിരുവശത്തുമുള്ള കാഴ്ച. റോഡ് വിറ്റ് പണം വാങ്ങുന്ന കച്ചവടക്കാരനും അതിന് കൂട്ട് നില്ക്കുന്ന പോലീസുമാണ് നഗരത്തിലെ തിരക്കിന് കാരണം. ഇവരാണ് കാല് നടയാത്രക്കാരന് യാത്രാക്ലേശം സമ്മാനിക്കുന്നത്.
വാടകയേക്കാള്‍ രണ്ടിരട്ടിയാണ് റോഡ് വില്‍ക്കുന്നതിലൂടെ കച്ചവടക്കാര്‍ സമ്പാദിക്കുന്നത്. കച്ചവടക്കാരനില്‍ നിന്നും വഴിവാണിഭം നടത്തുന്നവനില്‍ നിന്നുമായി ശമ്പളത്തേക്കാള്‍ കൂടുതല്‍ അധികാരികള്‍ക്ക് ലഭിക്കുന്നു. ഇവിടെ റോഡ് തടസ്സപ്പെടുത്തി വാണിഭം നടത്തിയാലും ആരും ചോദിക്കാനില്ല.
കടകളിലേക്കെത്തുന്നവര്ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ കടയുടമ സൗകര്യമൊരുക്കണമെന്നാണ് കോര്പ്പറേഷന് നിയമം. എത്ര സ്ഥലം കടയ്ക്കുപയോഗിക്കുന്നുവോ അതിന് ആനുപാതികമായി പാര്‍ക്കിംഗ് സൗകര്യ മൊരുക്കണം. എന്നാല്‍ നഗരത്തിലെ കെട്ടിടങ്ങളുടെ പാര്‍ക്കിംഗ് ഏരിയ കെട്ടിടമുടമ തന്നെ കൈയേറി വടകയ്ക്ക് നല്‍കിയിരിക്കുകയാണ്. കോര്പ്പറേഷന് ഈ കയ്യേറ്റത്തിന് ടാക്സ് പിരിച്ച് നിയമവിധേയമാക്കുന്നു.
മത്സരയോട്ടം നടത്തുന്ന വാഹനങ്ങള്‍ക്കിടയിലൂടെ തിക്കിലും തിരക്കിലും മുന്നോട്ട് പോകുന്ന കാല്‍നട യാത്രക്കാരന് വിധിയെ പഴിക്കാനെ കഴിയൂ. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ മുന്നോട്ട് വന്നെങ്കിലും എല്ലാവരും പരാജയം സമ്മതിച്ച് സ്വയം പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: