തൃശൂര്‍ : പുഴയ്ക്കല്‍- മുതുവറ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പുഴയ്ക്കലില്‍ ലൈന്‍ട്രാഫിക് സംവിധാനം നടപ്പിലാക്കും. പൂര്‍ണമായും തകര്‍ന്ന മുതുവറ പെട്രോള്‍ പമ്പ് മുതല്‍ മുതുവറ ജംഗ്ഷന് വരെയുള്ള ഭാഗത്ത് ടാറിങ്ങിന് പകരം കോണ്‍ക്രീറ്റ് ബ്രിക്സ് തിങ്കളാഴ്ച മുതല്‍ വിരിച്ച് തുടങ്ങും.
ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി അനില്‍ അക്കര എം.എല്‍.എ.അറിയിച്ചു. പുഴയ്ക്കലിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ശോഭാസിറ്റിക്ക് സമീപം ട്രാഫിക് ഡിവൈഡറുകള്‍ സ്ഥാപിക്കും.
ശോഭാസിറ്റിക്ക് മുന്നിലെ ഇടുങ്ങിയ റോഡില്‍ നിന്ന് നേരിട്ട് വാഹനങ്ങള്‍ വലത്തേക്ക് തിരിയുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ട്രാഫിക് ഡിവൈഡര്‍ സ്ഥാപിക്കുന്നത്. പുഴയ്ക്കല്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള വീതികൂടിയ ഭാഗത്ത് ശോഭാസിറ്റിയിലേക്കുള്ള വാഹനങ്ങള്‍ തിരിഞ്ഞുപോകാന്‍ സൗകര്യമൊരുക്കും.
കുന്നംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് തടസങ്ങള്‍ കൂടാതെ പോകുന്നതിനായി പ്രത്യേക ലൈന്‍ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്. ലുലു ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ക്രമീകരണത്തിലെ പോരായ്മകള്‍ പരിഹരിക്കും. തൃശൂരിലേക്ക് വാഹനങ്ങള്‍ക്ക് സിഗ്നലില്‍ കുടുങ്ങി കിടക്കാതെ നേരിട്ട് പോകുന്നതിനായി പുഴയ്ക്കല്‍ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് സംവിധാനം പുനഃക്രമീകരിക്കാനാണ് നീക്കം .
മുതുവറ- പുഴയ്ക്കല്‍ ഭാഗങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച അനില്‍ അക്കരയുടെ അധ്യക്ഷതയില്‍ പേരാമംഗലം പോലീസ് സ്റ്റേഷനില്‍ യോഗം ചേരും.
തൃശൂര്‍- ഗുരുവായൂര്‍ എ.സി.പിമാര്‍, കോര്പ്പറേഷന് പ്രതിനിധികള്‍, പുഴയ്ക്കല്‍- അടാട്ട് പഞ്ചായത്ത് ജനപ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
തൃശൂര്‍ – കുന്നംകുളം സംസ്ഥാനപാതയില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് യാത്രാദുരിതം തുടരുകയാണ്. ടാറിങ്ങ് തകര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായ മുതുവറയില്‍ ഹൈവേ പോലീസിന്റെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ ഇഷ്ടികയും ഇഷ്ടികപ്പൊടിയും ഉപയോഗിച്ച് അടച്ചു.
മുതുവറയിലും പുഴയ്ക്കലിലും കുരുക്ക് മുറുകുന്ന സമയങ്ങളില്‍ കുന്നംകുളത്ത് നിന്നു തൃശൂരിലേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ മുണ്ടൂരില്‍ നിന്നു വരടിയം വഴി തൃശൂരിലേക്ക് വഴിതിരിച്ച് വിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: