നികുതിവെട്ടിപ്പ് നടത്തിയ ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏജന്റ് കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശം. ഒക്ടോബര്‍ 19ന് ഹാജരാകാന്‍ ഏജന്റ് ജോര്‍ജി മെന്റസിന് സ്പാനിഷ് കോടതി നോട്ടീസ് അയച്ചു.
റൊണാള്‍ഡോയുടെ ഉപദേശകരായ ലൂയിസ് കൊറിയയും കാര്‍ലോസ് ഒസോറിയോയും അന്നുതന്നെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. പ്രമുഖ ഏജന്റായ മെന്റസ് നേരത്തെ സമാന കേസില്‍ റദമേല്‍ ഫല്ക്കാവോയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട്.
2011-14 കാലയളവില്‍ ഇമേജ് അവകാശം വഴി ലഭിച്ച തുകയില്‍ 17.3 ദശലക്ഷം യുഎസ് ഡോളറോളം നികുതി വെട്ടിപ്പ് നടത്തിയെന്നാണ് റൊണാള്‍ഡോയ്ക്കെതിരെയുള്ള കേസ്. എന്നാല്‍ ഈ ആരോപണം റൊണാള്‍ഡോ നിഷേധിച്ചിരുന്നു. റൊണാള്‍ഡോയ്ക്കെതിരായ കേസ് ക്രിമിനല്‍ ടാക്സ് കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നും ആറ് ലക്ഷത്തോളം യൂറോയാണ് ഇതുമൂലം നികുതിയിനത്തില്‍ സ്പാനിഷ് സര്‍ക്കാരിന് നഷ്ടപ്പെട്ടതെന്നും സാമ്പത്തിക വിദഗ്ധര്‍ ആരോപിക്കുന്നു.
ഇത് കോടതിയില്‍ തെളിയുകയാണെങ്കില്‍ ഒരോ കുറ്റത്തിനും രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും ഒരുമിച്ച് അനുഭവിക്കേണ്ടി വരുമ്പോള്‍ അത് അഞ്ച് വര്‍ഷമായി നിജപ്പെടുമെന്നും സ്പാനിഷ് സാമ്പത്തിക മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
നേരത്തെ നികുതി വെട്ടിപ്പ് കേസില്‍ ബാഴ്സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസിയ്ക്ക് 21 മാസം തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടിരൂപ) പിഴയും സ്പാനിഷ് കോടതി വിധിച്ചിരുന്നു. സ്പെയിന് സുപ്രീംകോടതിയാണ് ശിക്ഷ ശരിവച്ചത്. മെസിയുടെ പിതാവ് ജോര്‍ജി ഹൊറാസിയോയ്ക്കും 21 മാസം തടവും 15 ലക്ഷം യൂറോ (ഏകദേശം 11.4 കോടി രൂപ) പിഴയും ശിക്ഷ വിധിച്ചിരുന്നു.
എന്നാല്‍ പിഴയടയ്ക്കാമെന്ന മെസിയുടെ നിര്‍ദേശം പബ്ലിക് പ്രോസിക്യൂട്ടര്‍ അംഗീകരിച്ചതോടെയാണ് മെസിയും പിതാവും അഴിയെണ്ണുന്നതില് നിന്നും രക്ഷപ്പെട്ടത്. സ്പാനിഷ് ലാ ലിഗ ക്ലബ് ബാര്‍സിലോന താരമായ മെസ്സി 2007നും 2009നും ഇടയ്ക്കു പ്രതിഫലമായി ലഭിച്ച പണത്തില്‍ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതിയിനത്തില്‍ വെട്ടിച്ചെന്നായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: