കൊച്ചി: കേരളത്തിലെ നെല്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കി പുതിയ നെല്‍വിത്ത് വരുന്നു. പട്ടാമ്പി മധ്യമേഖലാ ഗവേഷണ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ വിത്തിന്റെ കള്‍ച്ചറിനെ കേരളത്തില്‍ പുറത്തിറക്കാന്‍ ശുപാര്‍ശ ചെയ്തു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് വിത്തിന് പേര് നല്‍കും.
വിത്ത് ഇറക്കുന്നതിന് മുന്നോടിയായി പരീക്ഷണത്തിനായി ഉപയോഗിക്കുന്നതിനെയാണ് കള്‍ച്ചര്‍ എന്ന് പറയുന്നത്. സി-2-08 എന്നാണ് കള്‍ച്ചര്‍ വിത്തിന് നല്‍കിയിരിക്കുന്ന പേര്. മികച്ച രോഗപ്രതിരോധ ശേഷിയാണ് വിത്തിന്റെ പ്രധാന നേട്ടം. ചുവന്ന അരിയാണ്. 120 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. ഹെക്ടറിന് ശരാശരി 5 ടണ്‍ വിളവ് കിട്ടും. തണ്ടുതുരപ്പന്‍, ഇലചുരുട്ടി, ഗാളീച്ച എന്നിവയുടെ ആക്രമണങ്ങള്‍ക്കെതിരെയും മികച്ച പ്രതിരോധശേഷിയുണ്ട്.
നീണ്ടുരുണ്ട നെല്മണികളുള്ള ഇവയ്ക്ക് നല്ല തൂക്കവുമുണ്ട്. വിളവ് ഏറെ കുറയുന്ന കോള്‍ നിലങ്ങളിലെ പരീക്ഷണത്തിലും പുതിയ വിത്തിന് മികച്ച വിളവ് ലഭിച്ചു. തൃശൂര്‍, അമ്പലപ്പുഴ മേഖലകളിലെ കോള്‍ നിലങ്ങളിലെ കര്‍ഷകര്‍ക്കും പുതിയ വിത്ത് ഏറെ ആശ്വാസകരമായിരിക്കും. സാധാരണ രീതിയില്‍ കോള്‍ നിലങ്ങളില്‍ രണ്ട് ടണ്ണില്‍ താഴെയാണ് വിളവ് ലഭിക്കാറുള്ളത്.
2015ല്‍ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രമാണ് അവസാനമായി നെല്‍കൃഷിക്കായി ശ്രേയസ്സ് എന്ന പേരില്‍ വിത്ത് വികസിപ്പിച്ചത്. ഇതിനായി 1997-98 കാലഘട്ടത്തിലാണ് ഗവേഷണങ്ങളും ആരംഭിച്ചത്. എന്നാല്‍ ഒരു കൃഷിയിറക്കിയ ശേഷം വിത്തിനുള്ള ആവശ്യകത കുറയുന്നതായാണ് കണ്ടത്. നെല്‍ക്കതിരുകള്‍ക്ക് തൂക്കക്കുറവും, രോഗങ്ങള്‍ വ്യാപകമാകുന്നതും കര്‍ഷകര്‍ക്കിടയില്‍ നിരാശയുണ്ടാക്കി. ഏഴു ടണ്‍ വിളവും, മികച്ച പ്രതിരോധ ശേഷിയും വിത്തിനുണ്ടാകുമെന്നായിരുന്നു ഗവേഷകരുടെ പ്രഖ്യാപനം.
2016 മുതല്‍ ശ്രേയസ്സ് വിത്തിനെ ശുപാര്‍ശ ചെയ്യേണ്ടന്ന് കൃഷി വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. 22 വര്‍ഷം മുമ്പ് പുറത്തിറക്കിയ ഉമ വിത്താണ് കേരളത്തില്‍ ഇന്നും നെല്‍ക്കൃഷിയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായുള്ള ഉപയോഗം ഉമയുടെ പ്രതിരോധശേഷിയും കുറച്ചതായാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: