കൊട്ടാരക്കര: കനത്തമഴയില്‍ കൊട്ടാരക്കരയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വീടുകളും റോഡുകളും വെള്ളത്തില്‍ മുങ്ങി. ഇന്നലെ പുലര്‍ച്ചെ രണ്ടു മുതല്‍ പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ഏറ്റവും രൂക്ഷമായി ബാധിച്ചത് മേലിലയിലാണ്. ഇവിടെ പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മേലില കുന്നിക്കോട്, ക്ഷേത്രം കണിയാംകോണം, സ്കൂള്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതവും, കാല്‍നടയും അസാധ്യമായി. പലയിടത്തും റോഡുകള്‍ തോടായി മാറി. പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച ശക്തമായ മഴ 5.30 വരെ നീണ്ടുനിന്നു.
പല വീടുകളിലും അകപ്പെട്ടവരെ ബിജെപി പ്രവര്‍ത്തകരാണ് കയറുകെട്ടി രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചത്. കൃഷിയിടങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാണ്. നെല്ല്, വാഴ, ചീനി എന്നിവയെല്ലാം നശിച്ചു. പള്ളിക്കല്‍, പെരുംകുളം, ഇഞ്ചക്കാട്, കൊട്ടാരക്കര തുടങ്ങിയ പല പ്രദേശങ്ങളിലും കൃഷിക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചു. 1998 ന് ശേഷം ഇത്ര ശക്തമായ മഴ ലഭിക്കുന്നത് ആദ്യമായാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
പത്തനാപുരം: ശക്തമായ മഴയില്‍ കിഴക്കന്‍ മേഖലയില്‍ വ്യാപകനാശം. നിരവധി വീടുകളില്‍ വെള്ളം കയറി. റോഡുകള്‍ വെള്ളത്തിനടിയിലായി. ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. കൃഷിനാശവും വ്യാപകം.
കുന്നിക്കോട് പത്തനാപുരം ശബരിപാതയിലും, കിഴക്കേത്തെരുവ് പിടവൂര്‍ മിനി ഹൈവേയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തലവൂര്‍ കുരായില്‍ മണ്‍തിട്ടയിടിഞ്ഞ് വീണ് അഞ്ച് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കുന്നിക്കോട് പത്തനാപുരം പാതയില്‍ ആവണീശ്വരം, പനമ്പറ്റ, നെടുവന്നൂര്‍ എന്നിവിടങ്ങളില്‍ തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ശക്തമായ മഴ ആരംഭിച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന മഴയ്ക്കൊടുവില്‍ ചെറുതോടുകളും, വയലുകളും കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറുകയായിരുന്നു. തലവൂര്‍, വിളക്കുടി പഞ്ചായത്തുകളിലായി അന്‍പതോളം വീടുകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ പലതും ഒറ്റപ്പെട്ടു.
ആവണീശ്വരം ചക്കുപാറ ഡോ.അശോകന്റെ വീടിന്റെ ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലായി. രണ്ടാം നിലയിലകപ്പെട്ട ഇവരെ ഫയര്‍ ഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഏക്കറുകണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ജലനിരപ്പുയര്‍ന്നതോടെ വൈദ്യുതി ബന്ധവും തടസപ്പെട്ടു.
മേഖലയില്‍ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മഞ്ഞക്കാല, കളത്തട്ട് ഏല, പേഴുംകാല ഏല, അമ്പലനിരപ്പ്, പാണ്ടിത്തിട്ട എന്നിവിടങ്ങളിലാണ് കാര്‍ഷികവിളകള്‍ നശിച്ചത്. വാഴ, ചീനി എന്നിവയാണ് പ്രധാനമായും നശിച്ചത്. മേഖലയില്‍ നിരവധി റബര്‍മരങ്ങളും കടപുഴകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: