ദൈവത്തിന്റെ സ്വന്തം നാടിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യത്തിന്റെ സ്വന്തം നാടാക്കി മാറ്റാനുള്ള യജ്ഞത്തിലാണ്. യുഡിഎഫ് നേതാവ് വി.എം.സുധീരന്റെ തലച്ചോറില്‍ വീശിയ കൊടുങ്കാറ്റാണ് മദ്യനിരോധനം എന്ന ആശയത്തെ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് വീണ്ടും പ്രാവര്‍ത്തികമാക്കിയത്.
സുധീരന്റെ ‘ധീര നടപടി’ കൊണ്ടുണ്ടായ ഒന്നാമത്തെ ഗുണം കേരളം മദ്യത്തിന് പുറമെ മയക്കുമരുന്നിനും കൂടി അടിമയായി എന്നുള്ളതാണ്. ലഹരിക്കടിമയായവര്‍ ഏതുവിധേനയും ഏതു ലഹരിയേയും പുല്കുന്നു. മദ്യലഹരിയുടെ അഭാവത്തില്‍ മയക്കുമരുന്നു സംഘം കേരളത്തില്‍ വ്യാപകമാകുകയും വിദ്യാര്‍ത്ഥികള്‍ കോളജിലും സ്കൂളിലും വരെ ലഹരിയില്‍ അഭിരമിക്കുകയും ചെയ്തു. ബിവറേജസില്‍ നിന്ന് മദ്യം വാങ്ങി അനധികൃതമായി വില്‍ക്കുന്ന സംഘവും കേരളത്തില്‍ സജീവമായി. മയക്കുമരുന്നു വില്‍പ്പന സംഘം ആശുപത്രികള്‍ക്ക് സമീപം വരെ ലഹരിവിറ്റു.
ഈ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യവിരുദ്ധ നയം മാറ്റി ഓണാഘോഷം കൊഴുപ്പിക്കാന്‍ തീരുമാനിച്ചത്. അതിന്റെ പ്രധാന കാരണമായി പറഞ്ഞത് മദ്യനിരോധനത്തിനുശേഷം കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു എന്നാണ്. നാം വെള്ളം കുടിക്കുന്നപോലെ അവര്‍ ലഹരി നുകരുന്നു. അത് കിട്ടാതായപ്പോള്‍ ഒഴുക്ക് ശ്രീലങ്കയിലേക്കായി. ഇതും മദ്യനിരോധനം നീക്കാന്‍ പ്രേരകമായി.
2014 ലെ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനിരോധനം സുപ്രീംകോടതി അനുവദിച്ചതോടെ 730 ബാറുകളാണ് കേരളത്തില്‍ പൂട്ടിപ്പോയത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം പ്രയോജനകരമായില്ല. പുതിയ സര്‍ക്കാര്‍ 60 മദ്യഷോപ്പുകള്‍ കൂടി തുറക്കാന്‍ പോവുകയാണ്.
മഹാബലിയുടെ രംഗപ്രവേശത്തിന് കൊഴുപ്പു കൂട്ടാനെന്നപോലെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനിരോധനം റദ്ദാക്കിയത്!
കൂടുതല്‍ ബാറുകളുടേയും മദ്യവില്‍പ്പനശാലകളുടേയും വാതില്‍ തുറന്നിരിക്കുന്നു. ഈ നടപടി മദ്യപരുടെ പറുദീസയായ കേരളത്തില്‍ കൊടുങ്കാറ്റിന്റെ പ്രതീതിയാണ് ഉളവാക്കിയത്. ഈ ഓണത്തിന് 484.22 കോടിയുടെ മദ്യമാണ് ലഹരി പകര്‍ന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മദ്യം ഈ ഓണത്തിന് മലയാളികള്‍ അകത്താക്കിയെന്നര്ത്ഥം. വെറും പത്തു ദിവസത്തിനുള്ളില്‍ 484.22 കോടിയുടെ മദ്യം വിഴുങ്ങിയ മലയാളിയുടെ കഴിവ് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കേണ്ടതല്ലേ? കോടികളുടെ അധിക മദ്യമാണ് ഇടതു സര്‍ക്കാരിന്റെ പുതിയ മദ്യനയം മലയാളിക്ക് ലഭ്യമാക്കിയത്.
സ്കൂളുകള്‍, ആരാധനാലയങ്ങള്‍ മുതലായവയ്ക്ക് സമീപം മദ്യം വില്‍ക്കരുതെന്ന നിബന്ധനയും തുടച്ചുനീക്കപ്പെട്ടു. റോഡുകളുടെയും ലൊക്കാലിറ്റിയുടെയും സ്റ്റാറ്റസ് മാറ്റി. അവിടെയെല്ലാം മദ്യം വില്‍ക്കാനുള്ള സൗകര്യം ഇടതുസര്‍ക്കാര്‍ ഒരുക്കി. എല്‍ഡിഎഫിന്റെ വരവോടെ ചാരായക്കുപ്പികളും അടപ്പുകള്‍ തുറന്നു എന്ന് ചില മാധ്യമങ്ങള്‍ എഴുതി.
അങ്ങനെയാണ് ഓണാഘോഷം ലഹരിയുടെ കൊടുമുടി കയറിയത്. എല്‍ഡിഎഫ് സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തി മദ്യപര്‍ ഇക്കുറി 24 കോടിയുടെ അധിക മദ്യം അകത്താക്കി.
ബിവറേജസ് കോര്‍പ്പറേഷനിലും റെക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു. ഉത്രാടം നാളില്‍ 71.17 കോടിയുടെ മദ്യവും രണ്ടാമോണം നാള് 43.12 കോടിയുടെ മദ്യവും ചെലവായി. അത്തം മുതല്‍ ഉത്രാടം വരെ ഇത് തുടര്‍ന്നു.
ഇപ്പോള്‍ 763 സ്റ്റാര്‍ ഹോട്ടലിലും കൂടി ബാറുകള്‍ തുറന്നു. കേരളത്തില്‍ മദ്യനിരോധനം എന്നും പരാജയപ്പെട്ടിട്ടേയുള്ളൂ. ബുദ്ധിമാനായ മലയാളിയാണ് മദ്യം അരിഷ്ടത്തില്‍ കലര്‍ത്തി കുടിയ്ക്കാമെന്ന് കണ്ടുപിടിച്ചത്. കഴിഞ്ഞ മദ്യനിരോധന കാലത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞത് അരിഷ്ടമായിരുന്നുവത്രെ. പോലീസ് ഏമാന്മാരുടെ ശ്വാസ പരിശോധനയിലും അരിഷ്ടത്തിന്റെ മണം മദ്യത്തിന് മുകളില്‍ നിന്ന കാരണം ആര്‍ക്കും അകത്തു പോകേണ്ടിയോ പിഴ ഒടുക്കേണ്ടിയോ വന്നില്ലത്രെ.
കേരളത്തില്‍ ആദ്യത്തെ മദ്യ നിരോധനമാണ് വൈപ്പിന്‍ മദ്യദുരന്തം ഉണ്ടാക്കിയത്. വൈപ്പിന്‍ ദ്വീപിലെ കോണ്ട്രാക്ടന്മാര് നല്കിയ വ്യാജ മദ്യം കുടിച്ച് അന്ന് നിരവധി പേര് മരണമടഞ്ഞിരുന്നു. അന്ന് അത് ‘ഇന്ത്യന്‍ എക്സ്പ്രസി’നുവേണ്ടി ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോര്‍ട്ടുകൊച്ചി ആശുപത്രിയിലേക്ക് ആസന്നമരണരായി അനേകം പേര് ഒഴുകിയെത്തി. ഒരാളോട് ‘എന്താണ് കഴിച്ചത്?’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ ‘ഞാന്‍ ഞാന്‍’ എന്നുപറഞ്ഞ് വാചകം മുഴുവനാക്കാതെ മരണത്തിന് കീഴടങ്ങിയത് ഇന്നും വിറയലോടെ ഓര്‍ക്കുന്നു.
ഇന്നത്തെ കേരളത്തില്‍ മദ്യവും ചാരായവും മയക്കുമരുന്നും ഒരുപോലെ സുലഭമായപ്പോള്‍ സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ വരെ ഇവയ്ക്കടിമപ്പെടുന്നു. മദ്യനിരോധനം എന്ന ഗാന്ധിയന്‍ ആശയം നല്ലതാണ് എന്നുപറയുമ്പോഴും ആളുകള്‍ ലഹരി തേടുമ്പോള്‍ ആശയങ്ങള്‍ ഒഴുകിപ്പോകുന്നു.
മദ്യനയം മാറി മറിയുമ്പോള്‍ മദ്യവും ചാരായവും മയക്കുമരുന്നും കഞ്ചാവും എല്ലാം ഇന്ന് കേരളത്തില്‍ സുലഭം. കഞ്ചാവ് തേടി ഹിപ്പികള്‍ പോലും ഇടുക്കിയില്‍ എത്തിയിരുന്നുവല്ലോ.
ഇപ്പോള്‍ മദ്യവിരുദ്ധ സമിതി പറയുന്നത് കേരളത്തില്‍ കൂടുതല്‍ ഡി-അഡിക്ഷന് സെന്ററുകള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ്. അതിനുള്ള സമയം വൈകിയിരിക്കുന്നു. പ്രത്യേകിച്ച് ഇന്ന് വീട്ടിലും ബിയര്‍ ഉല്‍പ്പാദിപ്പിക്കാനുള്ള അനുമതി ജനങ്ങള്‍ തേടുമ്പോള്‍. പക്ഷേ ഡി-അഡിക്ഷന് സെന്ററുകള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ മദ്യപര്‍ മദ്യപാനം നിര്‍ത്താന്‍ ആഗ്രഹിക്കണം.
ഇന്ന് കേരളത്തില്‍ മദ്യപാനം വര്‍ധിക്കുമ്പോള്‍ കുടുംബാന്തരീക്ഷം പ്രക്ഷുബ്ധമാകുന്നു. കുടുംബ കോടതികളില്‍ വിവാഹമോചനത്തിനാവശ്യപ്പെട്ട് എത്തുന്ന വീട്ടമ്മമാരില്‍ അധികവും മദ്യപരായ ഭര്ത്താക്കന്മാരില്നിന്ന് രക്ഷതേടുന്നവരാണ്. ഇനി സ്ത്രീകളും മദ്യപിക്കാന്‍ എത്രനാള്‍ കേരളം കാത്തിരിക്കണം. ഏറ്റവുമധികം അനുകരണ ഭ്രമം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആണ്. അത് ഈ ദിശയിലേക്ക് തിരിയാതിരിക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: