കോട്ടയം: ഓണത്തിന് സ്പെഷ്യല്‍ അരിയും പഞ്ചസാരയും കടകളില്‍ എത്തിയെന്ന് സൂചിപ്പിച്ച് കാര്‍ഡുടമകള്‍ക്ക് എസ്എംഎസ് പരീക്ഷണ സന്ദേശം. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം റേഷന്‍സാധനങ്ങള്‍ കടകളില്‍ വിതരണത്തിന് എത്തിക്കഴിയുമ്പോള്‍ എസ്എംഎസ് മുഖേന അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതനുസരിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ആദ്യമായി ഇത്തരമൊരു സന്ദേശം അയച്ചത്. എന്നാല്‍ സംസ്ഥാനത്തെ 14,310 റേഷന്‍ കടകളിലും സാധനങ്ങള്‍ എത്തിയെന്ന് ഉറപ്പാക്കാതെയാണ് സന്ദേശം അയച്ചത്. ഇതോടെ ഓണത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ എസ്എംഎസ് പരീക്ഷണം പൊളിയുക മാത്രമല്ല കാര്‍ഡുടമകള്‍ കബളിപ്പിക്കപ്പെടുകയും ചെയ്തു.
ഉത്രാടനാളില്‍ മുഴുവന്‍ കാര്‍ഡുടമകളുടെയും ഫോണിലേക്ക് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ സന്ദേശം എത്തി. കാര്‍ഡുകള്‍ പുതുക്കിയപ്പോഴാണ് ഉടമകളുടെ മൊബൈല്‍ ഫോണ്‍ നമ്പരുകളും ശേഖരിച്ചത്. ഉത്രാട ദിവസം തന്നെ സ്പെഷ്യല്‍ പഞ്ചസാരയും അരിയും വാങ്ങണമെന്നയായിരുന്നു സന്ദേശം. സന്ദേശം കണ്ട കാര്‍ഡുടമകള്‍ കൂട്ടമായി റേഷന്‍ കടകളില്‍ എത്തി. എന്നാല്‍ ഭൂരിപക്ഷം കടകളിലും റേഷന്‍ സാധനങ്ങള്‍ എത്തിയില്ല. പല കടകളിലും ആട്ടമാത്രമാണ് ഉണ്ടായിരുന്നത്. ഇതിനെ ചൊല്ലി റേഷന്‍കടയുടമകളും ഉപഭോക്താക്കളുമായി വാക്ക് തര്‍ക്കവും സംഘര്‍ഷമുണ്ടായി. സ്പെഷ്യല്‍ സാധനങ്ങള്‍ എത്തിയ കടകളില്‍ എസ്എംഎസ് പ്രകാരമായിരുന്നില്ല വിതരണം. അഞ്ച് കിലോ അരിക്ക് പകരം മൂന്ന് കിലോ മാത്രമാണ് കൊടുക്കാനായതെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.
റേഷന്‍ സാധനങ്ങള്‍ കടകളില്‍ എത്തിക്കുന്നതില്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഉണ്ടായ വീഴ്ചയാണ് ഇത്തരമൊരു അവസ്ഥയുണ്ടാക്കിയത്. റേഷന്‍ സാധനങ്ങള്‍ കടകളില്‍ എത്തിക്കുന്നത് താലൂക്ക് അടിസ്ഥാനത്തിലുളള വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ്. മുമ്പ് മൊത്ത വ്യാപാരികളായിരുന്നു ഇത് നിയന്ത്രി്ച്ചിരുന്നത്. എന്നാല്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ലോറികളില്‍ കടകളില്‍ എത്തിക്കുന്നവര്‍ പഴയ മൊത്ത വ്യാപാരികളുടെ ബിനാമികളാണ്. ഇവരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗോഡൗണുകളെ തകര്‍ക്കാന്‍ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് സ്പെഷ്യല്‍ സാധനങ്ങള്‍ കടകളില്‍ എത്താതെയിരുന്നതെന്ന സംശയം ബലപ്പെടുന്നുണ്ട്. റേഷന്‍ വിതരണ രംഗം മൊത്ത വ്യാപാരികള്‍ നിയന്ത്രിച്ച വേളയില്‍ ഉദ്യോഗസ്ഥര്‍ക്ക് അഴിമതിക്കും ക്രമക്കേടിനും അവസരമുണ്ടായിരുന്നു.
അതേ സമയം തന്നെ പുതിയ വിതരണ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സാധനങ്ങള്‍ കയറ്റിയിറക്കാന്‍ തൊഴിലാളികളില്ല. റേഷന്‍ കടകളിലേക്കുള്ള സാധനങ്ങള്‍ കയറ്റുക മാത്രമല്ല എഫ്സിഐ, മില്ലുകള്‍ എന്നിവടങ്ങളില്‍ നിന്ന് വരുന്ന സാധനങ്ങള്‍ ഇറക്കുകയും വേണം. എന്നാല്‍ ഇതിനുള്ള തൊഴിലാളികള്‍ കേന്ദ്രങ്ങളില്ല. കോട്ടയം താലൂക്ക് വിതരണ കേന്ദ്രത്തിന് കീഴിലുളള 300 കടകളിലേക്ക് സാധനങ്ങള്‍ കയറ്റാന്‍ 40-ല്‍ താഴെ തൊഴിലാളികള്‍ മാത്രമാണുള്ളത്. പുറത്ത് നിന്നുള്ള തൊഴിലാളികളെ പണിക്ക് നിയോഗിക്കുകയില്ല. രജിസ്ട്രേഷനുള്ള ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളില്‍ മാത്രമാണ് വിതരണം. ഈ സാഹചര്യത്തില്‍ എല്ലാ റേഷന്‍ കടകളിലും സാധനങ്ങള്‍ ഉറപ്പാക്കിയിട്ടു വേണമായിരുന്നു എസ്എംഎസ് അയയ്ക്കേണ്ടിയിരുന്നത്. ഇത് ചെയ്യാതെ കടകളിലേക്ക് ആളുകളെ എത്തിച്ചതിന് ശേഷം മടക്കി അയയച്ചതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരി്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: