കളമശ്ശേരി: കിന്‍ഫ്ര വ്യവസായ ബയോ പാര്‍ക്കിലെ പെയിന്റ് തിന്നര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിച്ചു. ഇന്നലെ രാവിലെ കിന്‍ഫ്ര ബയോ പാര്‍ക്കിലെ ടിഎജി കെമിക്കല്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ തൃക്കാക്കര ഫയര്‍ ഫോഴ്സ് സംഘത്തിലെ രണ്ട് ഫയര്മാന്മാര്ക്ക് പൊള്ളലേറ്റു. ശരത്, മുകേഷ് എന്നിവര്‍ക്കാണ് കൈയ്യില്‍ പൊള്ളലേറ്റത്.
ഒന്നര ഏക്കറില്‍ 15,000 സ്ക്വയര്‍ ഫീറ്റിലുള്ള കമ്പനിയുടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് നിര്‍മ്മാണ അസംസ്കൃത വസ്തുക്കള്‍ക്കാണ് തീ പിടിച്ചത്. നാശനഷ്ടം വിലയിരുത്തിയിട്ടില്ല. തിന്നറും മറ്റും തീ പിടിച്ചതോടെ സമീപത്തെ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും അസ്വസ്ഥത ഉണ്ടായി.
കറുത്ത പുക പരിസരമാകെ വ്യാപിച്ചു. പുക ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം പോലീസിനേയും ഫയര്‍ ഫോഴ്സിനേയും അറിയിച്ചത്. ഞായറാഴ്ച ആയതിനാല്‍ കമ്പനിയില്‍ ജോലിക്കാരില്ലാതിരുന്നതിനാല് വന്‍ അപകടമാണ് ഒഴിവായത്. തൃക്കാക്കര, ഏലൂര്‍, ഗാന്ധിനഗര്‍, പട്ടിമറ്റം, ആലുവ എന്നിവിടങ്ങളില്‍നിന്ന് അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കമ്പനിയില്‍ അഗ്നി രക്ഷാക്രമീകരണം ഉണ്ടായിരുന്നെങ്കിലും അവ പ്രവര്‍ത്തിച്ചിരുന്നോയെന്ന് വ്യക്തമല്ലെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപ്പിടിത്തത്തിന്റെ കാരണവും വ്യക്തമല്ല. കമ്പനിയുടെ ഉടമയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ എത്തി കണക്കെടുത്താല്‍ മാത്രമേ നാശനഷ്ടം വിലയിരുത്താനാകൂയെന്നും പോലീസ് പറഞ്ഞു.
കളമശ്ശേരി സിഐ എസ്. ജയകൃഷ്ണന്, ഫയര്‍ഫോഴ്സ് ഓഫീസര്‍മാരായ രാമകൃഷ്ണന് (തൃക്കാക്കര), ജൂഡ് തദേവൂസ് (ഏലൂര്‍), കൗണ്‍സിലര്‍മാരായ വി.എസ്. അബൂബക്കര്‍, അബ്ദുള്‍ സലാം, പൊതു പ്രവര്‍ത്തകരായ അഷ്ക്കര്‍ പനയപ്പിള്ളി, ജിയാസ് ജമാല്‍, കെ.എം. ഇസ്മില്‍ ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് പ്രമോദ് തൃക്കാക്കര, ടി.പി. സുന്ദരന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: