മാനന്തവാടി :അധികൃതരുടെ അനാസ്ഥമൂലം പ്രിയദര്‍ശിനി ബസ്സ് സര്‍വ്വീസുകള്‍ക്ക് ചരമഗീതം പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട് സഹകരണസംഘവും തകര്‍ച്ചയിലേക്ക്. ആകെയുള്ള എട്ട് സര്‍വ്വീസുകളില്‍ ആറും സര്‍വ്വീസ് നിര്‍ത്തി.ചെറിയ ചെറിയ അറ്റകുറ്റപണികള്‍ യഥാസമയം എടുക്കാത്തതും അധികൃതരുടെ പിടിപ്പുകേടുമാണ് സര്‍വ്വീസുകള്‍ മുടങ്ങാന്‍ ഇടയാക്കുന്നത്.
ഉേദ്യാഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം കേരളത്തിലെ ഏക ആദിവാസി ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘത്തിന്റെ ആറ് ബസുകള്‍ ഓട്ടം നിര്‍ത്തി. മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട് സഹകരണസംഘത്തിന്റെ ബസുകളാണ് കോടതിക്ക് സമീപം റോഡരികില്‍ നിരയായി നിര്‍ത്തിയിട്ടിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിര്‍ത്തിയിട്ട് ആറ് മാസമായി. ഇതിന് പിന്നാലെ വയനാട് ജില്ലയിലെ വിവിധ ഗ്രാമങ്ങളി ലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന മൂന്ന് ബസുകള്‍ ഒരാഴ്ച മുമ്പും നിര്‍ത്തി.
നിസാര കാര്യങ്ങളാണ് ഓട്ടം നിര്‍ത്താനുള്ള കാരണമായി അധികൃതര്‍ പറയുന്നത്. ജില്ലാകലക്ടര്‍ ചെയര്‍മാനും സബ്കലക്ടര്‍ മാനേജിംഗ് ഡയക്ടറുമായ ഭരണസമിതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ മുഴുവന്‍ അംഗങ്ങളും ആദിവാസികളാണ്. 36 തൊഴിലാളികള്‍ സംഘത്തില്‍ ജോലി ചെയ്യുന്നുണ്ട്. 1986ലാണ് സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗക്കാര്‍ക്കായി ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘങ്ങള്‍ തുടങ്ങിയത്. വയനാട്ടിലെ ഒഴികെ മറ്റെല്ലാ സംഘങ്ങളും തകര്‍ന്നപ്പോഴും മാനന്തവാടിയിലെ സംഘം ലാഭകരമായിരുന്നു. സംഘം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍ അതാത് കാലത്തെ സര്‍ക്കാരുകള്‍ ഫണ്ട് നല്‍കിയാണ് നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി. കെ.ജയലക്ഷ്മി മുന്‍കൈ എടുത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മൂന്നര കോടി രൂപ അനുവദിച്ചിരുന്നു. ഈ ഫണ്ടുപയോഗിച്ചാണ് പുതിയ രണ്ട് ബസുകള്‍ വാങ്ങി തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് ആരംഭിച്ചത്. മറ്റൊരു ആഢംബര ബസ് ടൂറിസ്റ്റ് സര്‍വീസായും ഓടിയിരുന്നു. ആകെയുള്ള എട്ട് ബസുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ റൂട്ടിലോടുന്നത്.
യാത്രാക്ലേശം രൂക്ഷമായ തിരുനെല്ലി, ബത്തേരി, വാളാട് റൂട്ടുകളില്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ ആ ഭാഗങ്ങളിലേക്ക് ജനങ്ങള്‍ യാത്രാക്ലേശം നേരിടുകയാണ്.
നിര്‍ത്തിയിട്ട മൂന്ന് ബസുകള്‍ക്ക് ഇനി പുതിയ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. മറ്റുള്ളവക്ക് നിസ്സാരപ്രശ്നങ്ങള്‍ മാത്രമാണ് പരിഹരിക്കാനുള്ളത്. നിര്‍ത്തിയിട്ട ഓരോ ബസിനും മാസം പതിനൊന്നായിരം രൂപവീതം നികുതി അടക്കാനുണ്ട്. സംഘത്തിന് പുതിയ സെക്രട്ടറിയെ നിയോഗിച്ചെങ്കിലും സാമ്പത്തിക പ്രയാസം ഉള്ളതിനാല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: