ആലപ്പുഴ: കൃഷി വായ്പ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു കേന്ദ്ര കൃഷി മന്ത്രി രാധ മോഹന്‍ സിങ് ഉറപ്പു നല്‍കിയതായി കുട്ടനാട് സംരക്ഷണ സമിതി ചെയര്മാന് ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കുട്ടനാട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മന്ത്രിയെ നേരില്‍ കണ്ടു നിവേദനം സമര്‍പ്പിച്ചപ്പോഴാണ് ഉറപ്പു ലഭിച്ചത്. കാര്‍ഷിക കൃഷിവികാസ് യോജനയില്‍ ഉള്‍പ്പെടുത്തി കുട്ടനാടിന് എത്ര കോടി രൂപ വേണമെങ്കിലും തരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ഇതിനായി സംസ്ഥാനത്തു നിന്നു പദ്ധതി നിര്‍ദേശങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെ എഴുതിത്തള്ളുന്ന കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിക്കും. കര്‍ഷകര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്രത്തിനു നല്കാന് കര്‍ഷകര്‍ മുന്‍കൈ എടുക്കണമെന്നും കേന്ദ്രകൃഷി മന്ത്രി ആവശ്യപ്പെട്ടു.
ജനറല്‍ കണ്‍വീനര്‍ സന്തോഷ് ശാന്തി, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്.മുരളീധരന്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ബി.രാധാകൃഷ്ണമേനോന്, ഇന്‍ഫാം ദേശീയ കമ്മിറ്റി അംഗം ജിമ്മി ജോര്‍ജ്, ജൈവ പച്ചക്കറി കൃഷി സംസ്ഥാന പ്രതിനിധി നാരായണന് തുടങ്ങിയവരും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: