തളിപ്പറമ്പ്: റിട്ട.ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ ദുരൂഹ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യതയേറി. വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത സംഭവത്തിലാണ് ഇപ്പോള്‍ അന്വേഷണം നടന്നുവരുന്നത്.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയുണ്ടെങ്കിലും ദുരൂഹമരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് സാങ്കേതികമായ ചിലതടസ്സങ്ങളുണ്ട്. ഇത് ഒഴിവാക്കാനാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന. പ്രധാന പ്രതികളായ അഡ്വ.ഷൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും ഒളിവിലാണ്.
ബാലകൃഷ്ണന്റെ ഭാര്യയെന്ന് അവകാശപ്പെട്ട ഷൈലജയുടെ സഹോദരി ജാനകിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. പയ്യന്നൂര്‍, തളിപ്പറമ്പ്, കൊടുങ്ങല്ലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടന്നിട്ടുള്ളത്. ഇതിന്റെ പ്രാഥമികതലത്തിലുള്ള അന്വേഷണമാണ് ലോക്കല്‍ പോലീസ് നടത്തിയിട്ടുള്ളത്.
ബാലകൃഷ്ണന്റെ സഹോദരങ്ങളില്‍ ചിലര്‍ കേരളത്തിന് പുറത്ത് താമസിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പോയി കേസന്വേഷണം നടത്താന്‍ കേരളാ പോലീസിന് ഒട്ടേറെ സാങ്കേതിക തടസ്സങ്ങളുണ്ട്.
എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വന്നാല്‍ ഇതൊക്കെ മാറും. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മുമ്പെ ഹാജരാകാന്‍ നാല്പേരോട് തളിപ്പറമ്പ്ഡിവൈഎസ് പി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു എന്ന് സംശയിക്കുന്നവര്‍ക്കാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.
കോഴിക്കോട് ഒരു ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരന്, കൃഷ്ണകുമാറിന്റെ സുഹൃത്ത്, പയ്യന്നൂരിലെ ഒരു യുവതി, ഷൈലജയുടെ മകളുടെ സഹപാഠിയായ വിദ്യാര്‍ത്ഥിനി എന്നിവരോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഷൈലജയുടെ പയ്യന്നൂര്‍ പരിസരത്തുള്ള ബന്ധുക്കളുടെ വീട്ടില്‍ പോലീസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കുമ്പളയിലെ ഒരു വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: