കാഞ്ഞങ്ങാട്: പാര്‍ട്ടി നിര്‍ദ്ദേശം തള്ളി സമാന്തര സംഘടനയുമായി സഖാക്കള്‍ മുന്നോട്ട്. സിപിഎം ശക്തികേന്ദ്രമായ അതിയാമ്പൂരില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമാന്തര സംഘടനയായ ‘സഖാവ്’ പുരുഷ സ്വയംസഹായ സംഘത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു തന്നെ പോകാനാണ് പാര്‍ട്ടി അണികളുടെ തീരുമാനം.
കഴിഞ്ഞ ദിവസം അതിയാമ്പൂരിലെ ഒരു പഴയകാല സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന സഖാവിന്റെ യോഗത്തിലാണ് പുരുഷ സംഘവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ‘സഖാവ്’ പുരുഷ സ്വയംസഹായസംഘം രൂപീകരിച്ചത്. ഇതിനെതിരെ പാര്‍ട്ടി അതിയാമ്പൂര് രണ്ടാം ബ്രാഞ്ച് കമ്മറ്റി അടിയന്തിര യോഗം ചേര്‍ന്ന് ബല്ലാ ലോക്കല്‍ കമ്മറ്റിക്ക് പരാതി നല്‍കിയിരുന്നു.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര ജില്ലാ കമ്മറ്റി യോഗത്തില്‍ സഖാവിന്റെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പാര്‍ട്ടി ചട്ടക്കൂടുകള്‍ പാടേ ലംഘിച്ചു കൊണ്ടാണ് ‘സഖാവി’ന് രൂപം നല്‍കിയതെന്ന് ലോക്കല്‍ കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. വിഭാഗീയതയുടെ വിളനിലമായ അതിയാമ്പൂരില്‍ സഖാവ് എന്ന പേരില്‍ സംഘടന രൂപീകരിക്കുന്നത് പാര്‍ട്ടിക്കകത്ത് വിഭാഗീയ പ്രവര്‍ത്തനം വീണ്ടും ശക്തിപ്പെടുത്താനാണെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. പാര്‍ട്ടി അനുഭാവികള്‍ അല്ലാത്തവരും പാര്‍ട്ടിയുടെ കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദിക്കുന്നവരും ഈ സംഘത്തില്‍ അംഗങ്ങളായിട്ടുണ്ട്. ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ കണ്ടെത്തല്‍.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടത്തിയവരാണ് ‘സഖാവ്’ എന്ന സംഘടനയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നത് സിപിഎം ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഏറെക്കാലമായി അതിയാമ്പൂരില്‍ ഒതുങ്ങി നിന്നിരുന്ന സിപിഎമ്മിലെ ഗ്രൂപ്പിസം വീണ്ടും രൂക്ഷമായി മറനീക്കി പുറത്തു വന്നത് നേതാക്കള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടി ഔദ്യോഗിക തീരുമാനം ലംഘിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിലൂടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കും കൊഴിഞ്ഞു പോക്കിനും ഇടയാക്കുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: