കാസര്‍കോട്: കേരളത്തില്‍ ആദ്യമായി ഭിന്നലിംക്കാരുടെ കുടുംബശ്രീ അയല്‍ക്കൂട്ടം കാഞ്ഞങ്ങാട്ട് രൂപീകരിച്ചു. 150 ഭിന്നലിംഗക്കാരാണ് ഈ അയല്ക്കൂട്ടത്തിലുള്ളതെന്ന് കുടുംബശ്രീ അധികൃതരും ഗ്രൂപ്പിന്റെ ലീഡറുമായ ഇഷ കിഷോറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭിന്നലിംഗക്കാരെ പൊതുസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ട്രാന്സ്ജെന്റര് ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ ഓഗസ്റ്റ് അവസാന വാരം കാസര്‍കോട്ട് ഫാഷന്‍ ഷോ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഓഡീഷന് ഇന്ന് തൃക്കരിപ്പൂര്‍ നടക്കാവ് പോളി ടെക്നിക്കിലും, ഓഗസ്റ്റ് ആറിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളിലും, ഓഗസ്റ്റ് 13 ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലും നടത്തും. ഭിന്നലിംഗക്കാരടക്കം എല്ലാവര്ക്കും ഈ ഓഡീഷനില്‍ പങ്കെടുക്കാനും ഫാഷന്‍ ഷോയില്‍ മത്സരിക്കാനും അവസരമുണ്ടാകും.
ഫാഷന്‍ ഷോയ്ക്ക് വേണ്ടി ഭിന്നലിംഗക്കാര്‍ക്കും യുവതി യുവാക്കള്‍ക്കും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതായും ഇതുവഴി പുതിയൊരു വസ്ത്ര സങ്കല്പം തന്നെ ഉണ്ടാക്കിയെടുക്കാനും ലക്ഷ്യമുണ്ടെന്ന് ഇഷ കിഷോര്‍ പറഞ്ഞു. കാഞ്ഞങ്ങാട് കാരാട്ടുവയല്‍ സ്വദേശിനിയാണ് ഇഷ. ബംഗളൂരുവിലാണ് ഫാഷന്‍ ഡിസൈന്‍ കോഴ്സ് പഠിച്ചത്. കാസര്‍കോട് ജില്ലയില്‍ 150 ലധികം ഭിന്നലിംഗക്കാരുണ്ടെന്നും അവരെയെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ഇഷ പറഞ്ഞു. വിക്ടോറിയ 17 ജെന്റര്‍ ന്യൂട്രല്‍ ഫാഷന്‍ ഷോ എന്ന പേരിലാണ് വ്യത്യസ്തമായ ഒരു സാംസ്കാരിക സംഗമം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ട്രാന്സ്ജെന്റര് ഗ്രൂപ്പിന് വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ വലിയ രീതിയിലുള്ള സാമൂഹ്യ മാറ്റത്തിന് നിദാനമാകുമെന്നാണ് ഇഷ പറയുന്നത്. ഓഡീഷനില്‍ സെലക്ഷന് ലഭിക്കുന്നവര്‍ രണ്ട് ദിവസത്തെ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. ജെന്റര്‍ ജസ്റ്റിസ്, ബ്യൂട്ടി, ഫിറ്റ്നസ്, ഇന്റര്‍വ്യൂ സ്കില്‍, സ്റ്റേജ് അപ്പെയറന്സ്, ഫോട്ടോ ഷൂട്ട്, വീഡിയോ ഷൂട്ട് എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: