പാലക്കാട്: ട്രൈബ്യൂണല്‍ കോടതി ഉത്തരവുണ്ടായിട്ടും കൃഷിവകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ ഫാമുകളിലേക്കുള്ള കാഷ്വല്‍ തൊഴിലാളികളുടെ നിയമനം കടലാസിലൊതുങ്ങുന്നു.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 2015 ആഗസ്റ്റ് 22നാണ് കാഷ്വല്‍ തൊഴിലാളികളുടെ ഒഴിവിലേക്ക് അഭിമുഖം നടത്തി അന്തിമപട്ടിക ഉണ്ടാക്കിയത്. 115 ഒഴിവിലേക്ക് ആയിരത്തോളം പേരാണ് അഭിമുഖത്തില്‍ പങ്കെടുത്തിരുന്നത്. എന്നാലിതുവരെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ നിയമനം നടത്തുകയോ ചെയ്തിട്ടില്ല.
ഇതോടെ ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളില്‍ പലര്‍ക്കും വയസ് കൂടിയതിനാല്‍ ജോലി സാധ്യത നഷ്ടപ്പെടുമെന്ന ആശങ്കയും നിലനില്ക്കുന്നു.
യോഗ്യതയുണ്ടായിട്ടും അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിച്ചില്ലെന്നാരോപിച്ച് പ്രസ്തുത ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചില ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. 2015 സപ്തംബറില്‍ രണ്ടും, 2016 നവംബറില്‍ തിരുവനന്തപുരം ട്രൈബ്യൂണല്‍ കോടതിയിലുമാണ് പരാതി നല്‍കിയത്. അഭിമുഖം പൂര്‍ത്തിയായ ഫാമുകളില്‍ പിന്നീട് വരുന്ന ഒഴിവുകളിലേക്ക് വയസ്,യോഗ്യത എന്നിവ പരിശോധിച്ച് ഇവരെ പരിഗണിക്കണമെന്ന് കോടതി ഉത്തരവിടുകയുണ്ടായി.
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലനടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് 2015ലെ അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ 2017മാര്‍ച്ചില്‍ ട്രൈബ്യൂണല്‍ കോടതിയെ സമീപിച്ചു. മൂന്നാഴ്ച്ചക്കകം തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി നിയമനം നടത്തുവാന്‍ കോടതി ജൂലൈ അഞ്ചിന് ഉത്തരവിറക്കുകയും ചെയ്തു.
എന്നാല്‍ കോടതി ഉത്തരവിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ നിയമനം സംബന്ധിച്ച യാതൊരുവിധ നടപടികളും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
ചില രാഷ്ട്രീയ ഇടപെടലുകളാണ് ഇതിനുപിന്നിലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു.
2015ല്‍ നടന്ന അഭിമുഖത്തിനു ശേഷം ഇതുവരെ മറ്റൊരു അഭിമുഖമോ നിയമനമോ നടന്നിട്ടില്ല.ആയതിനാല്‍ ഒഴിവുകളുടെ എണ്ണം വര്‍ധിച്ചതായും പറയുന്നു.
കൃഷിവകുപ്പിന് കീഴില്‍ ജില്ലയില്‍ എരുത്തേമ്പതി, മലമ്പുഴ,കല്മണഡ്പം, കോങ്ങാട്, ആലത്തൂര്‍ എന്നിവിടങ്ങളിലാണ് ഫാമുകളുള്ളത്. എന്നാല്‍ ഇവയില്‍ പലതും തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്. മലമ്പുഴ ഫാമില്‍ 120 പേര് വേണമെന്നിരിക്കെ ആകെയുള്ളത് 20ല്‍താഴെ മാത്രമാണ്.
എത്രയും പെട്ടന്നുതന്നെ കോടതിഉത്തരവ് നടപ്പിലാക്കുവാന്‍ പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ തയ്യാറാവണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: