മറയൂര്‍: മറയൂര്‍ ചന്ദന ഓണ്‍ലൈന്‍ ലേലത്തില്‍ നികുതിയടക്കം 12.7 കോടി രൂപയുടെ വില്‍പ്പന. രണ്ട് ദിവസമായി നടന്ന ഇ-ലേലത്തിലാകെ വിറ്റഴിച്ചത് 23.199 ടണ്‍ ചന്ദനം. 208 ലോട്ടുകളിലായി 69.287 ടണ്‍ ചന്ദനമാണ് നാല് ഘട്ടങ്ങളിലായി ലേലത്തിന് വെച്ചത്. 20 സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു.
കര്‍ണാടക ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോര്പ്പറേഷന് ആണ് ഏറ്റവും കൂടുതല്‍ ചന്ദനം പിടിച്ചത്. 2.03 ടണ്‍ ചന്ദനം 2.91 കോടി രൂപയ്ക്കാണ് ഇവര്‍ ലേലം കൊണ്ടത്. ബെംഗളൂരു ആസ്ഥാനമായ കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ് കമ്പനി 2.04 ടണ്‍ ചന്ദനമാണ് ലേലത്തില്‍ പിടിച്ചത്. 2.39 കോടി രൂപയാണ് നികുതിയടക്കം ഇവര്‍ അടക്കേണ്ടത്. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലം കൊണ്ടതും ഇവരാണ്. ഏകദേശം 20 കോടിയിലധികം. ചെന്നൈ പൂംപുഹാര്‍ 1.4 ടണ്‍ ചന്ദനം 1.9 കോടി രൂപയ്ക്കും തൃശ്ശൂര്‍ ഔഷധി 4.26 ടണ്‍ 1.41 കോടി രൂപയ്ക്കും പിടിച്ചു.
ഏറ്റവും കൂടുതല്‍ ലേലത്തില്‍ വെച്ചിരുന്ന ക്ലാസ് ആറ് വിഭാഗത്തില്‍പ്പെടുന്ന 19.756 ചന്ദനത്തില്‍ 3.5 ടണ്‍ മാത്രമാണ് വിറ്റഴിച്ചത്. ഇതിന് കിലോയ്ക്ക് ശരാശരി 14,438 രൂപ വില ലഭിച്ചു. രണ്ടാം ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന ചന്ദനവേര് 2.05 ടണ്‍ വെച്ചിരുന്നെങ്കിലും ഒരു കിലോ പോലും ലേലത്തില്‍ പോയില്ല.
1950 കിലോ ചന്ദനപ്പൊടിയും ലേലത്തില്‍ പോയില്ല. വെള്ള ചന്ദനം 8.3 ടണ്‍ വിറ്റഴിച്ചു. ലേലം ശക്തമായിരുന്നെങ്കിലും മുന്‍വര്‍ഷങ്ങളിലേത് പോലെ വന്‍തോതിലുള്ള ചന്ദനം വമ്പന്‍ തുകയ്ക്ക് ലേലം കൊള്ളാന്‍ കമ്പനികള്‍ താല്പര്യം കാണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: