മട്ടാഞ്ചേരി: ഇടക്കൊച്ചിയില്‍ വസ്ത്ര വ്യാപാരിയെ കടയില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് സമയബന്ധിതമായി അന്വേഷിച്ച് പ്രതികളെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സിറ്റി പോലീസ് കമ്മീഷണറുടെ ബഹുമതി. ഗുഡ് സര്‍വ്വീസ് എന്‍ട്രി ബഹുമതിയാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ദൃക്സാക്ഷികളോ തെളിവുകളോയില്ലാതിരുന്ന കേസ് ആസൂത്രിതമായ അന്വേഷണത്തിലൂടെയാണ് പതിനഞ്ചംഗ പോലീസ് സേന തെളിയിച്ചത്.
അക്രമത്തിനിരയായ ബാലുവിന് അക്രമികളാരെന്നറിയില്ലായിരുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ മാഞ്ഞുപോകുമായിരുന്ന കേസ് ബാലു നേരത്തേ നല്കിയ ഒരു പരാതി പിന്തുടര്ന്നാണ് പോലീസ് തെളിയിച്ചത്. ബാലുവിന് നേരെ അക്രമമുണ്ടാകുമെന്ന് കേസില്‍ ആദ്യം പിടിയിലായ ഇടക്കൊച്ചി സ്വദേശി ബിജിന് പലരോടും പറഞ്ഞതായി അറിഞ്ഞ ബാലു പോലീസിന് നേരത്തേ നല്കിയ പരാതിയാണ് പോലീസിന് കച്ചി തുരുമ്പായത്.
രാജ്യാന്തര സിഗരറ്റ് കള്ളക്കടത്ത് സംഘത്തിലെ പ്രധാനികളായ തലശ്ശേരി സ്വദേശി മൊഹ്സിന്‍, തേവര സ്വദേശി അന്‍സാര്‍ എന്നിവര്‍ നല്കിയ ക്വട്ടേഷനാണ് ഇതെന്ന് പിന്നീട് തെളിഞ്ഞു. ബിജിന്, ജിനാസ് എന്നിവരെ ഗൂഢാലോചന നടത്തിയതിനാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് കൃത്യം നടത്തിയ രാധാകൃഷ്ണന്, ഉണ്ണി, വിനു എന്നിവരെ മൈസൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു.
പ്രതികളെ സഹായിച്ച ഫ്ളോറി, മൊഹ്സിന്‍ എന്നിവരേയും രണ്ടാം പ്രതി അന്‍സാറിനേയും പോലീസ് രക്ഷപ്പെടാന്‍ അവസരം നല്‍കാതെ പിടികൂടി. പച്ചാളം സ്വദേശി നവിന് ദേവിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇയാളാണ് ബാലുവിനെ ക്രൂരമായി അക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇനി ഈ കേസില്‍ ഒന്നാം പ്രതി വിദേശത്ത് കഴിയുന്ന മൊഹ്സിന്‍, ക്വട്ടേഷന്‍ ഏറ്റെടുത്ത നിക്സന് എന്നിവരാണ് പിടിയിലാകാനുള്ളത്. പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷ്,സബ് ഇന്‍സ്പെക്ടര്‍ വി. വിമല്‍, എഎസ്ഐമാരായ പി. സന്തോഷ്, ജി. കലേശന്, ജി. ഹരികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ഇ. സമദ്, അനില്‍കുമാര്‍, ഫ്രാന്‍സിസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രത്നകുമാര്‍, രതീഷ് ബാബു, ലാലന് വിജയന്, വി.ജി. ബാബു, സി.ജെ. പ്രസാദ്, ടി.എ. ഹനീര്‍, എ.ടി. കര്‍മ്മിലി എന്നിവര്‍ക്കാണ് മട്ടാഞ്ചേരി അസി.കമ്മീഷ്ണര്‍ എസ്. വിജയന്റെ റിപ്പോര്‍ട്ടില്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി ബഹുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: