പുറനാട്ടുകര: നടുവത്തുപാറ കോള്‍പാടത്ത് വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഏഴ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഏഴംഗ സംഘം കുളിക്കാനായി പുറനാട്ടുകര കോള്‍പാടത്തെ വെള്ളക്കെട്ടിലിറങ്ങിയത്.
പുല്ലഴി സ്വദേശികളായ കിരണ്‍, സോളമണ്‍, അജിത്, അഖില്‍, സനല്‍, സച്ചിന്, അരുണ്‍, എന്നിവരാണ് കുളിക്കാനിറങ്ങിയത്. വെള്ളത്തിന് ഒഴുക്ക് ശക്തമായതിനാല്‍ കുളിക്കാനിറങ്ങരുതെന്ന നാട്ടുകാരുടെ വാക്ക് അവഗണിച്ച് കൊണ്ടായിരുന്നു ഏഴംഗസംഘം കുളിക്കാനിറങ്ങിയത്. സംഘം നീന്തിപോകുന്നതില് അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ പേരാമംഗലം പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്സ് എത്തും മുമ്പ് ഏഴംഗ സംഘത്തിലെ അഖില്‍, സനല്‍ എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് കരയ്ക്ക് കയറിയെങ്കിലും രണ്ട് പേര് പുല്ലഴി ഭാഗത്തേക്ക് വെള്ളത്തില്‍ ഒഴുകിപ്പോയി. ഒന്നരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് അഖിലിനെയും, സനലിനെയും രക്ഷപെടുത്തിയത്. ഒന്നരകിലോമീറ്ററോളം ഒഴുകിപ്പോയ ഇവര്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ വൈദ്യുതിക്കാലില്‍ പിടിച്ചുനിന്നു.
തൃശൂര്‍ ഫയര്‍ സ്റ്റേഷനിലെ ഓഫീസര്‍ എ.എല്‍ ലാസറിന്റെ നേതൃത്വത്തിലുള്ള സംഘം റബര്‍ ഡിങ്കിയില്‍ കയറ്റി ഇരുവേരയും കരയ്ക്ക് കയറ്റി. വെസ്റ്റ് സി.ഐ – വി.കെ രാജു, പേരാമംഗലം സി.ഐ – സന്തോഷ്. എസ്.ഐ മാരായ പി. ലാല്‍കുമാര്‍, ഔസേഫ്, ലീഡിങ്ങ് ഫയര്മാന്മാരായ അനില്‍, ബല്‍റാം എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: