സ്വന്തം അനുഭവങ്ങളാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. നന്മയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള ആ തീരുമാനങ്ങള്‍ സമൂഹത്തിന് വേണ്ടിയാകുമ്പോള്‍ ആ വ്യക്തിയോട് മതിപ്പുകൂടും. 2017 ല്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായ ഗുജറാത്ത് സ്വദേശി ഡോ.സുബ്രദോ ദാസ് ഇത്തരത്തില്‍ സമൂഹത്തെ സേവിക്കാനിറങ്ങിയതാണ്.
1999 ല്‍, വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. അന്നൊരിക്കല്‍ ഡോക്ടറും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ ഒരു മരത്തിലിടിച്ച് അപകടത്തില്‍ പെട്ടു. രാത്രിയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ടവര്‍ മുറിവേറ്റ് ചോര വാര്‍ന്നുകിടന്നത് ഏകദേശം അഞ്ച് മണിക്കൂര്‍. അതിനുശേഷമാണ് അവരുടെ സഹായത്തിന് ആളെത്തിയത്. ആ സംഭവം അദ്ദേഹത്തിന്റെ ചിന്തയെത്തന്നെ മാറ്റിമറിച്ചു.
ആദ്യപടിയായി ഗുജറാത്തിലെ ഹൈവേകളില്‍ അപകടത്തില്‍പ്പെടുന്നവരെ എത്രയും പെട്ടന്ന് സഹായിക്കുക എന്നതായിരുന്നു ആ തീരുമാനം. അപകടത്തില്‍പ്പെട്ടാല്‍ വിവരം അറിയിക്കുന്നതിനായി ഒരു മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തന സജ്ജമാക്കി. ആംബുലന്‍സ്, അഗ്നിശമന സന്നാഹങ്ങള്‍, ക്രെയിനുകള്‍ എന്നിവയുടെ ശ്യംഖല രൂപീകരിച്ചു. ഹൈവേകളില്‍ എവിടെ അപകടം നടന്നാലും അധികം വൈകാതെതന്നെ സംഭവസ്ഥലത്ത് സഹായമെത്തുകയായി. ഇതിനായി ഡോ. സുബ്രദോ രൂപീകരിച്ചതാണ് ലൈഫ്ലൈന് ഫൗണ്ടേഷന് എന്ന എന്‍ജിഒ. അഹമ്മദാബാദ്-സൂററ്റ് ഹൈവേയിലായിരുന്നു ഈ ഹെല്പ് ലൈന്‍ സര്‍വീസിന്റെ തുടക്കം. മെല്ലെ മെല്ലെ മഹാരാഷ്ട്ര, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും കടന്ന് കേരളം വരെ വ്യാപിച്ചിരിക്കുന്നു ലൈഫ് ലൈന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. സേവനം സൗജന്യമാണ്. അപകടം സംഭവിച്ചശേഷമുള്ള ആദ്യമണിക്കൂറുകളാണ് നിര്‍ണായകം.
ഇതിനോടകം അപകടത്തില്‍പ്പെട്ട 1,200 ല്‍ അധികം പേരുടെ ജീവന് ഈ സംഘടനയുടെ പുണ്യപ്രവര്‍ത്തിയിലൂടെ രക്ഷിക്കാനായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്ന് 51 കാരനായ ഡോ. സുബ്രദോ ദാസ് പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി തന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുള്ള എല്ലാവര്ക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറയുന്നു. തന്നില്‍ വിശ്വാസമര്‍പ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത കുടുംബത്തേയും മറ്റെല്ലാവരേയും നന്ദിയോടെ ഓര്‍ക്കുകയാണ് ഡോ. സുബ്രദോ ദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: