പന്തളം: പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ നവീകരണത്തിനായി 50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചതായി എംഎല്‍എ അറിയിച്ചിട്ട് മാസങ്ങളേറെയായെങ്കിലും അത് ഇപ്പോഴും പ്രസ്താവനയില്‍ മാത്രമായി ഒതുങ്ങുന്നു.
നാളുകള്‍ പോകുന്തോറും ബസ് സ്റ്റാന്റിലെ കുഴിയുടെ വ്യാപ്തിയും ആഴവും കൂടിക്കൊണ്ടിരിക്കുന്നു. അപകടകരമായ കുഴികളടച്ച് സ്റ്റാന്റില്‍ ടാറിംഗ് നടത്താനും ഓഫീസ് കെട്ടിടം പണിയാനും റോഡില്‍ നിന്നും സ്റ്റാന്റിലേക്ക് ബസ് കയറുന്നിടത്ത് കമാനം പണിയാനുമായി 50 ലക്ഷംരൂപ ഫണ്ടില്‍ നിന്നും അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പ്രസ്താവന ഇറക്കിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.
പൊതുമരാമത്തു വകുപ്പ് റോഡ് വിഭാഗം ടാറിംഗും കെട്ടിട വിഭാഗം കെട്ടിട നിര്‍മ്മാണവും നടത്തുമെന്നാണ് എംഎല്‍എ പറഞ്ഞിരുന്നത.് എന്നാല്‍ നാളിതുവരെയും പേരിനെങ്കിലും തുടക്കം കുറിച്ചിട്ടില്ല.
മഴക്കാലമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞു ചെളിക്കുളമായിരിക്കുകയാണ്. യാത്രക്കാര്‍ അല്പം അശ്രദ്ധമായി നിന്നാല്‍ കുഴികളില്‍ ബസ് ചാടുമ്പോള്‍ വെള്ളം ദേഹത്തു തെറിക്കും.
മൂന്നര ഏക്കറോളം സ്ഥലമാണ് കെഎസ്ആര്‍ടിസിക്ക് ഇവിടെയുള്ളത്. ഇതില്‍ കുറെയേറെ ഭാഗം കാടു വളര്‍ന്നു വിഷജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. വിഷപ്പാമ്പുകളെ ഭയന്നാണ് രാത്രി ഡ്യൂട്ടിയുള്ള ജീവനക്കാര്‍ ഇവിടെ നേരം വെളുപ്പിക്കുന്നത്.
തൊട്ടുചേര്‍ന്നുള്ള ചന്തയിലെ മത്സ്യ മാംസാവശിഷ്ടങ്ങള്‍ കഴിച്ചു ചുറ്റിക്കറങ്ങുന്ന തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രവുമാണിവിടം. ഈ നായ്ക്കള്‍ മിക്കപ്പോഴും ഇവിടെ കിടക്കുന്ന ബസ്സുകളുടെ അടിയിലും അതിനുള്ളിലുമാണ് വിശ്രമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജീവനക്കാരനുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത.് ഇവിടെ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചാല്‍ തെരുവു നായ്ക്കളുടെ ശല്യത്തിനും അറുതി വരും. എന്നാല്‍ അതിനും അധികൃതര്‍ തയ്യാറാകുന്നില്ല.
1983ലാണ് അന്നത്തെ ഗതാഗതമന്ത്രി സുന്ദരന്‍ നാടാര്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ ഉദ്ഘാടനം ചെയ്തത്. പിന്നീടു രണ്ടു ദിവസം കഴിഞ്ഞാണ് അടൂരില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചത്.
അടൂരിലേതു എറ്റിഒ ആകുകയും കെട്ടിടങ്ങള്‍ പണിയുകയും അന്തര്‍ സംസ്ഥാന സര്‍വ്വീസുകളടക്കം ഇവിടെ നിന്നും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ച പന്തളം സബ് ഡിപ്പോയെ ഓപറേറ്റിംഗ് സെന്ററായി തരംതാഴ്ത്തുകയായിരുന്നു. കൂടുതല്‍ കളക്ഷന്‍ ലഭിച്ചുകൊണ്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് സര്‍വ്വീസുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മറ്റു ഡിപ്പോയിലേക്കു മാറ്റിയിട്ടും, കൊല്ലം സോണില്‍ ഏണിംഗ് പെര് കിലോമീറ്റര്‍ നോക്കുമ്പോള്‍ ഇവിടെയാണ് മിക്ക ദിവസങ്ങളിലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത്.
ഇവിടെ ആകെയുണ്ടായ വികസനം രമേശ് ചെന്നിത്തല എംപി ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ മുടക്കി അശാസ്ത്രീയമായി നിര്‍മ്മിച്ച കാത്തിരുപ്പു കേന്ദ്രവും ജീവനക്കാരുടെ വിശ്രമമുറിയും ഉള്‍പ്പടുന്ന കെട്ടിടവും വര്‍ക്ക് ഷോപ്പിന്റെ പേരിനു മാത്രമുള്ള നവീകരണവുമാണ്.
ശബരിമലയുടെ മൂലസ്ഥാനവും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിനു തീര്ത്ഥാടകരെത്തുന്നതുമായ പന്തളത്തെ ഡിപ്പോയോട് തുടക്കം മുതല്‍ പുലര്‍ത്തിയിരുന്ന അവഗണന കെഎസ്ആര്‍ടിസി ഇപ്പോഴും തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: