കോട്ടയം: ബിജെപി ജനപ്രതിനിധികള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ സിപിഎം അക്രമം അഴിച്ചുവി്ട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ജനപ്രതിനിധികളും പ്രവര്‍ത്തകരും കുമരകം പോലീസ് സ്റ്റേഷന് ഉപരോധിച്ചു.
കഴിഞ്ഞ ദിവസം ബിജെപി ഗ്രാമപഞ്ചായത്തംഗമായ പി.കെ. സേതുവിന്റെ വീട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും കുടുംബത്തെ അപായപ്പെടുത്താനും ശ്രമിച്ചു. ഇതിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.
ഒരു മാസം മുമ്പ് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അംഗങ്ങളായ പി.കെ.സേതുവിനെയും വി.എന്‍. ജയകുമാറിനെയും മാരകാമയി ആക്രമിച്ചിരുന്നു.കുമരകത്തെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന അമ്പിളി എന്ന് വിളിക്കുന്ന മിഥുന് ഉള്‍പ്പെടെയുള്ളവരെ പോലീസ് സംരക്ഷിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്്്ത ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു.
സിപിഎം അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും തുടര്‍ച്ചയായി രണ്ടാം ദിവസവും ബിജെപി പ്രവര്ത്തകന് ആക്രമിക്കപ്പെട്ടു. കുമരകംകരിയില് മൂലേത്ര അനില്‍കുമാറിനെയാണ് ഞായറാഴ്ച രാത്രി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
രാത്രി 9.30യോടെ കുമരകം കരിയില്‍ കടയില്‍ നില്ക്കുമ്പോള് ആറംഗ സംഘം ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന അമ്പിളി, മനോജ് എന്നിവരെ അനില്‍കുമാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഉപരോധ സമരം തുടങ്ങിയത്. ബിജെപിയുടെ ജനപ്രതിനിധികളും സമരത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി സക്കറിയാ മാത്യുവുമായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. അക്രമം തടയാന്‍ നടപടി സ്വീകരിക്കാമെന്നും പ്രതികളെ പിടികൂടുമെന്ന ഡിവൈഎസ്പിയുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. കുമരകം ഗ്രാമപഞ്ചായത്തംഗം പി.കെ.സേതുവിനും കുടുംബത്തിനും പരമാവധി സംരക്ഷണം ഉറപ്പാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞതായി ഹരി പറഞ്ഞു. സേതുവിനെ ആക്രമിച്ചശേഷം പുറത്തിറങ്ങി ജാമ്യവ്യവസ്ഥ ലംഘിച്ച അമ്പിളി അടക്കമുളളവര്‍ക്കെതിരെ കോടതയില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന ഉറപ്പും പോലീസില്‍ നിന്ന് ലഭിച്ചു.
ചര്‍ച്ചകളില്‍ ജില്ലാജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍,ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി അറയില്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എം.എസ്.മനു, ബിജെപി ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ് എന്നിവരും പങ്കെടുത്തു. ഇന്നലെ രാത്രിയില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ അനില്‍കുമാറും ഡിവൈഎസ്പിയെ കണ്ട് പരാതി നല്കി.
ഉപരോധസമരത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം ടി.എന്‍.ഹരികുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാവിജയന്‍,ബിജെപി കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ആര്.വാര്യര്‍, ജനപ്രതിനിധികളായ ബിനു ആര് മോഹന്‍, കെ.ദേവകി, ബിന്ദു ഹരിദാസ്, എം.എസ്.ജയമോഹന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: