തിരുവനന്തപുരം: കുണ്ടറയില്‍ ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് ഉത്തരവാദികള്‍ പോലീസും ശിശു ക്ഷേമസമിതി പോലുള്ള നിയമസംവിധാനങ്ങളുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും കുട്ടിയുമായി ബന്ധപ്പെട്ട പരാതിയുമായി 2015 ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ കുണ്ടറ സിഐയെ കണ്ടിരുന്നു. തുടര്‍ന്ന് കോടതി ഇടപെടലുണ്ടായി. ഇതിനുശേഷം 2012ലെ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്റ്റ് പ്രകാരം കേസെടുത്തു. ഇത്തരത്തില്‍ കേസെടുക്കുന്ന സംഭവങ്ങളില്‍ ഇരകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ അനാഥാവസ്ഥയിലായ മൈനര്‍ പെണ്‍കുട്ടികളുടെ സുരക്ഷിതഭാവിക്കായി പോലീസ് ഒരു കരുതല്‍ നടപടിയും സ്വീകരിച്ചില്ലെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ വിലയിരുത്തി.
പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പരാതിപ്പെട്ട് അച്ഛന് മനുഷ്യാവകാശ കമ്മീഷന് നല്കിയ പരാതി അടിയന്തിര അനേ്വഷണത്തിനും സത്വരനടപടികള്‍ക്കുമായി കൊട്ടാരക്കര ഡിവൈഎസ്പിക്ക് അയച്ചുകൊടുത്തിട്ടും അദ്ദേഹം അതിന് ഒരു പ്രാധാന്യവും നല്‍കിയില്ലെന്ന് കമ്മീഷന് കുറ്റപ്പെടുത്തി. 2017 ജനുവരി 31 നാണ് അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ഡിവെഎസ്പിക്ക് കമ്മീഷന് പരാതി അയച്ചു കൊടുത്തത്. മാര്‍ച്ച് 10ന് കൊല്ലത്ത് നടക്കുന്ന സിറ്റിംഗില്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന നിര്‍ദ്ദേശം ഡിവൈഎസ്പി നടപ്പാക്കിയില്ലെന്നും കമ്മീഷന് വിലയിരുത്തി.
ശിശുസംരക്ഷണ നിയമപ്രകാരം കേസെടുത്ത ശേഷം കുണ്ടറയിലെ പെണ്‍കുട്ടിക്ക് നല്കിയ സാന്ത്വന പരിചരണങ്ങളെയും സമാശ്വാസത്തെയും കുറിച്ച് ശിശുക്ഷേമസമിതി സെക്രട്ടറി രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയെ തുടര്‍ന്ന് കമ്മീഷന് രജിസ്റ്റര്‍ ചെയ്ത കേസിലും അനുബന്ധ കേസുകളിലും ഡിവൈഎസ്പിയും അതതു കാലത്തെ പോലീസ് ഉദേ്യാഗസ്ഥരും കൈക്കൊണ്ട നിലപാടുകള്‍ സത്യസന്ധമായി വിലയിരുത്തണമെന്ന് കമ്മീഷന് അഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
ഡിവൈഎസ്പിയുടെയും കുണ്ടറ സ്റ്റേഷനിലെ ഉദേ്യാഗസ്ഥരുടെയും ചുമതല നിര്‍വഹണത്തെയും മരണത്തെ തുടര്‍ന്നെടുത്ത നടപടികളെയും കുറിച്ച് ദക്ഷിണ മേഖലാ ഐ.ജി രണ്ടാഴ്ചയ്ക്കകം കമ്മീഷനില്‍ വിശദീകരണം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: