മട്ടാഞ്ചേരി: കൊച്ചി പുറംകടലില്‍ നങ്കൂരമിട്ട മീന്‍പിടിത്ത ബോട്ടില്‍ ചരക്കു കപ്പലിടിച്ച് മൂന്നു പേര് കൊല്ലപ്പെട്ടു. 11 തൊഴിലാളികള്‍ക്ക് പരിക്ക്. അപകടമുണ്ടാക്കിയ പനാമ രജിസ്ട്രേഷനുള്ള ആംബര്‍ എന്ന ചരക്കുകപ്പല്‍ നാവികസേന പിടിച്ചെടുത്തു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കൊച്ചി ഹാര്‍ബറില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ കാര്‍മ്മല്‍ മാതാ ബോട്ടിലാണ് കപ്പലിടിച്ചത്. തമിഴ്നാട് കുളച്ചല്‍ വാണിയങ്കുടി സ്വദേശി തമ്പി ദുരൈയെന്ന ആന്റണി ജോണ്‍ (55), അസം സ്വദേശികള്‍ രാഹുല്‍ദാസ് (24), മോത്തി ദാസ് (24) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടു മണിക്ക്, കൊച്ചിയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമെന്ന് നാവികസേന അറിയിച്ചു. ഹെലികോപ്റ്ററും എം.വി. കല്പ്പേനിയുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ഇസ്രയേലില്‍ നിന്ന് കൊച്ചി തീരം വഴി സഞ്ചരിക്കുകയായിരുന്നു ആംബര്‍ എന്നാണ് ലഭ്യമായ വിവരം.
പുറംകടലില്‍ നങ്കൂരമിട്ട്, തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് കപ്പല്‍ ബോട്ടിലിടിച്ചത്. ബോട്ട് ചിതറിത്തെറിച്ചു. നിലവിളി ശബ്ദം കേട്ട, സമീപത്തുണ്ടായിരുന്ന സെന്റ് ആന്റണീസ് ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവര്‍ നാവികസേനയേയും തീരസേനയേയും വിവരമറിയിച്ചു. നിര്‍ത്താതെ പോയ കപ്പല്‍ നാവികസേനയും തീരദേശ പോലീസുമാണ് പിന്തുടര്ന്ന് പിടിച്ചത്.
ബോട്ട് കപ്പല്ചാലിലായിരുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. വഴിതെറ്റി വന്ന കപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു. തോപ്പുംപടി കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന പള്ളുരുത്തി സ്വദേശി എം.എന്‍. നസീര്‍, തമിഴ്നാട് സ്വദേശി ഏണസ്റ്റ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍മ്മല്‍ മാത എന്ന ട്രോള്‍ നെറ്റ് ബോട്ട്. വെള്ളിയാഴ്ച കൊച്ചി ഹാര്‍ബറില്‍ നിന്ന് പോയതാണ്.
തകര്‍ന്ന ബോട്ടിലെ മറ്റു ജീവനക്കാരായ തമിഴ്നാട്, വാണിയ കുടി സ്വദേശികളായ ഏണസ്റ്റ് (35), നേവീസ് (34), മെര്ലിന് (36), ആന്റണി (26), നെല്‍സണ്‍ (27), പ്രദീപ് (28), ആന്‍ഡ്രൂസ്(42), ബ്രിട്ടോ (24), ആംസ്ട്രോങ് പെനീസ് (22), കുരിശു മിഖായേല്‍ (45), തമിഴ്നാട് കീഴ്മിടാലം സ്വദേശി ആല്‍ട്ടോ (24) എന്നിവരാണ് ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി, പനയപ്പിള്ളി ഗൗതം ആശുപത്രി, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി എന്നിവിടങ്ങളില്‍ ചികത്സയില്‍ കഴിയുന്നത്.
പ്രാഥമിക പരിശോധനയില്‍ ഒന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 28 കപ്പല്‍ ജീവനക്കാരില്‍ രണ്ട് ഇന്ത്യക്കാരുള്ളതായി റിപ്പോര്‍ട്ടുണ്ട്. 17 വര്‍ഷമായി സര്‍വീസ് നടത്തുന്ന കപ്പലിന് 26,000 ടണ്‍ ഭാരമുണ്ട്.
കപ്പലിന്റെ ക്യാപ്റ്റനെതിരെ നരഹത്യക്ക് കേസെടുക്കാനാണ് പോലീസ് തീരുമാനം. ഡിഐജി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമികാന്വേക്ഷണം നടത്തി.
കപ്പലില്‍ വിവിധ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഇന്ന് സംയുക്ത പരിശോധന നടത്തും. ഷിപ്പിങ് വിഭാഗം ഉദ്യേഗസ്ഥരും കോസ്റ്റല്‍ പോലീസും ചേര്‍ന്നാണ് പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: